ഷാജൻ ആനിത്തോട്ടത്തിന്റെ പുതിയ കഥാസമാഹാരം പ്രസിദ്ധീകരിച്ചു

JANUARY 17, 2025, 7:18 PM

കോഴിക്കോട്: ലാന മുൻ പ്രസിഡന്റും സാഹിത്യകാരനുമായ ഷാജൻ ആനിത്തോട്ടത്തിന്റെ പുതിയ പുസ്തകം 'ഹിമ' പ്രസിദ്ധീകരിച്ചു. കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ ആനുകാലികങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രസിദ്ധീകരിച്ച ഇരുപത്തിയൊന്ന് ചെറുകഥകളുടെ സമാഹാരമാണ് 'ഹിമ'. മാതൃഭൂമി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാള സാഹിത്യലോകത്തെ സമാരാധ്യനായ എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ അവതാരികയും പ്രമുഖ നോവലിസ്റ്റും കഥാകാരനുമായ ബെന്യാമിന്റെ ആസ്വാദനക്കുറിപ്പും പുസ്തകത്തിന്റെ പ്രത്യേകതയാണ്.

ഷാജൻ ആനിത്തോട്ടത്തിന്റെ അഞ്ചാമത്തെ പുസ്തകമാണ് 'ഹിമ'. 2014 ൽ തിരൂർ തുഞ്ചൻപറമ്പിൽ വച്ച് നടന്ന ലാന സാഹിത്യസമ്മേളനത്തിൽ എം.ടി. വാസുദേവൻനായർ, സി. രാധാകൃഷ്ണന് ആദ്യപ്രതി നല്കി പ്രകാശനം ചെയ്ത 'ഹിച്ച്‌ഹൈക്കർ' (ചെറുകഥാ സമാഹാരം) ആണ് ഗ്രന്ഥകാരന്റെ ആദ്യത്തെ പുസ്തകം. പിറ്റേവർഷം കോഴിക്കോട് ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ അന്നത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുൾ സലാം ഷാജൻ ആനിത്തോട്ടത്തിന്റെ രണ്ടാമത്തെ കൃതിയായ 'പൊലിക്കറ്റ' (കവിതാ സമാഹാരം) പ്രകാശനം ചെയ്തു.


vachakam
vachakam
vachakam

ബഷീറിന്റെ മകൻ അനീസ് ബഷീർ പുസ്തകം ഏറ്റുവാങ്ങി. കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്റെ അദ്ധ്യക്ഷതയിൽ 2018 മെയ് മാസം കോട്ടയത്തു വച്ച് നടന്ന സമ്മേളനത്തിൽ പ്രശസ്ത സാഹിത്യകാരൻ സഖറിയ കഥാകൃത്ത് ഉണ്ണി ആർ.ന് ആദ്യപ്രതി നല്കി മൂന്നാമത്തെ പുസ്തകമായ 'ഒറ്റപ്പയറ്റ്' (ലേഖന സമാഹാരം) പ്രകാശിപ്പിച്ചു.

കറന്റ് ബുക്‌സ് തൃശൂർ പ്രസിദ്ധീകരിച്ച ഷാജൻ ആനിത്തോട്ടത്തിന്റെ പ്രഥമ നോവൽ 'പകർന്നാട്ടം' 2021 ൽ വിപണിയിലെത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ പ്രമുഖ നോവലിസ്റ്റ് യു.കെ. കുമാരന് നല്കിയാണ് ഔദ്യോഗിക പ്രകാശനകർമ്മം നിർവഹിച്ചത്. 'പകർന്നാട്ടം' മികച്ച ആസ്വാദകശ്രദ്ധ നേടി രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു.

കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിൽ ജനിച്ച ഷാജൻ ആനിത്തോട്ടം സെൻട്രൽ ഗവൺമെന്റ് സർവ്വീസിൽ അഞ്ചുവർഷത്തെ അദ്ധ്യാപകസേവനത്തിനു ശേഷം 1998 ൽ അമേരിക്കയിലേക്ക് കുടിയേറി. കുറവിലങ്ങാട് ദേവമാതാ കോളജ് (ബി.എ.), പാലാ സെന്റ് തോമസ് കോളജ് (എം.എ.), മാന്നാനം സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളജ് (ബി.എഡ്.), പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റി (എം.ഫിൽ.), യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി, ഷിക്കാഗോ (എം.എസ്. ഡബ്‌ള്യു.) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി ഇല്ലിനോയി സ്റ്റേറ്റ് ഗവൺമെന്റ് സർവ്വീസിൽ മാനേജരായി ജോലി ചെയ്യുന്നു. ഉദ്യോഗത്തോടൊപ്പം കോൺകോർഡിയ യൂണിവേഴ്‌സിറ്റി(ഷിക്കാഗോ)യിൽ പി.എച്ച്.ഡി. പഠനവും നടത്തുന്നു. കേരളത്തിലും വിദേശത്തുമായി നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

2009 ഏപ്രിലിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സ്‌കോക്കി ഡിസ്ട്രിക്റ്റ് 69 ബോർഡ് ഓഫ് എഡ്യുകേഷൻ മെമ്പറായി മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന), ഇല്ലിനോയി മലയാളി അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റായിരുന്നു. ലയൺസ് ക്ലബ് ഇന്റർനാഷണൽ വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ (ഡിസ്ട്രിക്റ്റ് വൺ എഫ്), സ്‌കോക്കി വില്ലേജ് ഫാമിലി സർവ്വീസ് കമ്മീഷൻ വൈസ് ചെയർമാൻ എന്നീ നിലകളിൽ കർമ്മഭൂമിയിലെ വിവിധ സാമൂഹിക സേവന പദ്ധതികളിൽ പങ്കാളിത്തം വഹിക്കുന്നു.

മാതൃഭൂമി ബുക്‌സിന്റെ സ്റ്റാളുകളിൽ നിന്നോ ഓൺലൈനായോ 'ഹിമ'യുടെ കോപ്പികൾ ലഭിക്കുന്നതാണ്. വില 250 രൂപ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam