തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് നിഗമനം. വിശദപരിശോധന ഇന്ന് നടക്കും.
അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കണ്ണിന്റെ പുരികത്തിൽ ചെറിയ പരിക്ക് ഉണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത്.
അതേസമയം, അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തില്‍ ഒരാൾ മരിച്ചു. 44 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെത്തുടർന്ന് ഉടൻ നാട്ടുകാരും പൊലീസും ഫയർഫോഴ്സും, കെഎസ്ഇബിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി. ബസിന്റെ ചില്ലുകൾ തകർത്ത് മുഴുവൻ പേരെയും പുറത്തെത്തിക്കുന്നതിലും ഒട്ടും വൈകാതെ തങ്ങളുടെ സ്വകാര്യ വാഹനങ്ങളിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയതും രക്ഷയായി.
ഒറ്റശേഖരമംഗലം പഴഞ്ഞിപ്പാറയിൽനിന്ന് വിനോദയാത്രയ്ക്ക് പോയ കുടുംബങ്ങളായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്