മുംബൈ: ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കുന്ന ടി20, ഏകദിന പരമ്പരകള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി സിതാന്‍ഷു കൊട്ടകിനെ നിയമിച്ചു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷമുള്ള ആദ്യ ഉഭയകക്ഷി പരമ്പരയില്‍ അഞ്ച് ടി20 ഐകളും മൂന്ന് ഏകദിനങ്ങളും ഇന്ത്യ ഇംഗ്ലണ്ടുമായി കളിക്കും.
ബാറ്റിംഗ് പരിശീലകനായി ടീമില്‍ ചേരാന്‍ സിതാന്‍ഷു കൊട്ടാക്കിനോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ടീമിനെ നിലവില്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറാണ് നയിക്കുന്നത്. അഭിഷേക് നായര്‍, റയാന്‍ ടെന്‍ ഡുഷേറ്റ് എന്നിവര്‍ അസിസ്റ്റന്റ് കോച്ചുമായി സേവനമനുഷ്ഠിക്കുന്നു, മോണ്‍ മോര്‍ക്കല്‍ ബൗളിംഗ് കോച്ചും ടി ദിലീപ് ഫീല്‍ഡിംഗ് കോച്ചുമാണ്.
വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മുഖ്യ പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ തയ്യാറെടുക്കുന്നതിനിടെയാണ് കൊട്ടക്കിന്റെ നിയമനം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ചുമതലയേറ്റ ശേഷം, 10 ടെസ്റ്റുകളില്‍ ആറ് തോല്‍വികളും ശ്രീലങ്കയില്‍ ഉഭയകക്ഷി ഏകദിന പരമ്പര പരാജയവും ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യക്ക് നേരിടേണ്ടി വന്നിരുന്നു. മോശം ഫോമിലുള്ള വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും അന്താരാഷ്ട്ര ഭാവി തുലാസിലായിരിക്കുന്ന സമയം കൂടിയാണിത്.
മുന്‍ ഇടംകൈയ്യന്‍ ബാറ്ററും സൗരാഷ്ട്രയുടെ ക്യാപ്റ്റനുമായിരുന്ന കൊട്ടക്, കഴിഞ്ഞ വര്‍ഷം നവംബറിലെ ഓസ്ട്രേലിയന്‍ പര്യടനത്തിലും 2023 ഓഗസ്റ്റില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടി20 ടീമിന്റെ അയര്‍ലന്‍ഡ് പര്യടനത്തിലും ഇന്ത്യ എ ഹെഡ് കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1992-93 സീസണ്‍ മുതല്‍ 2013 വരെയുള്ള കാലയളവില്‍ 130 മത്സരങ്ങളില്‍ നിന്ന് 15 സെഞ്ചുറികളും 55 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 41.76 ശരാശരിയില്‍ 8,061 റണ്‍സ് നേടിയ കൊട്ടക് മികച്ച ഫസ്റ്റ് ക്ലാസ് കരിയറിന് ഉടമയാണ്.
2013-ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം കൊട്ടക് പരിശീലകനായി മാറുകയായിരുന്നു. ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ബാറ്റിംഗ് കോച്ചായി ചേരുന്നതിന് മുമ്പ് സൗരാഷ്ട്രയെ പരിശീലിപ്പിച്ചാണ് അദ്ദേഹം തുടങ്ങിയത്. കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹം ഇന്ത്യ എയുടെ മുഖ്യ പരിശീലകനായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്