കൊച്ചി: രണ്ടാംപകുതിയിൽ വീറും ആവേശവും പുറത്തെടുത്ത് പോരാടിയ കേരള ബ്‌ളാസ്റ്റേഴ്‌സ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഒഡീഷ എഫ്.സിയെ തോൽപ്പിച്ച് അഭിമാനവിജയം സ്വന്തമാക്കി. കളിതീരാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കെ നോവ വെയ്ൽ നേടിയ ഗോളാണ് ബ്‌ളാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ബ്‌ളാസ്റ്റേഴ്‌സ് 59-ാം മിനിട്ടിൽ ക്വാമി പെപ്രയിലൂടെയാണ് ആദ്യഗോൾ നേടിയത്. കളത്തിന്റെ നടുവിൽ നിന്ന് ലഭിച്ച പാസിൽ നിന്നാണ് ഗോൾ പിറന്നത്. ഗോൾ മുഖത്തുനിന്ന് മുപ്പതടിയോളം അകലെ ലഭിച്ച പന്തുമായി പെപ്ര കുതിക്കുമ്പോൾ ഗോൾ കീപ്പർ ഒഴികെ മുന്നിൽ ആരുമില്ലായിരുന്നു. ഗോൾവലയുടെ വലത്തേയ്ക്ക് കുതിച്ച പന്ത് ഓടിയെത്തി നീട്ടിയടിച്ചത് ഇടതുമൂലയിലൂടെ ഗോൾവലയിൽ പതിച്ചു.
ആദ്യഗോൾ വീഴ്ത്തി 13 മിനിട്ട് കഴിഞ്ഞപ്പോൾ ഉജ്വലമായ മുന്നേറ്റത്തിലൂടെ ജീസസ് ജിമിനെസ് രണ്ടാം ഗോളും നേടി. ഗോൾവലയുടെ ഇടതുഭാഗത്ത് ലഭിച്ച പന്ത് നോവ സദൗദി ഹെഡിലൂടെ വലത്തേയ്ക്ക് നൽകി. കുതിച്ചെത്തിയ ജിമിനെസ് ഗോൾ വലയിലേയ്ക്ക് പന്ത് അടിച്ചുവീഴ്ത്തി. നോവയാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ വിജയഗോൾ സ്വന്തമാക്കിയത്. 94-ാം മിനിറ്റിൽ. വിബിൻ മോഹനൻ നൽകിയ പന്ത് ബോക്‌സിന്റെ ഇടതുമൂലയിൽ നിന്നടിച്ച് വലതുമൂലയിലൂടെ ഗോൾവലയിൽ പതിപ്പിച്ചു.
കളിയുടെ മൂന്നാം മിനിറ്റിൽ ഒഡിഷ ആദ്യഗോൾ നേടി ബ്‌ളാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. മോവിംഗ്തംഗ അടിച്ച പന്ത് വലതുമൂലയിലൂടെ വലയിൽ പതിച്ചു. ഡോറിയെൽട്ടണിൽ നിന്ന് ലഭിച്ച പാസാണ് മോവിംഗ്തംഗ ഗോളാക്കി മാറ്റിയത്. ബ്‌ളാസ്റ്റേഴ്‌സിന്റെ ഗോൾ കീപ്പർ സച്ചിൻ സുരേഷിന് തടയാൻ കഴിയുന്നതിലും വേഗത്തിലാണ് ഗോൾ പതിച്ചത്.
രണ്ടാം പകുതിയിൽ രണ്ടു ഗോൾ നേടിയ ബ്‌ളാസ്റ്റേഴ്‌സിന്റെ വീഴ്ച മുതലെടുത്താണ് രണ്ടാം ഗോൾ ഒഡീഷ നേടിയത്. ബ്‌ളാസ്റ്റേഴ്‌സ് ഗോൾ മുഖത്ത് ഒഡീഷക്ക് ലഭിച്ച മൂന്ന് അവസരങ്ങളും ഗോൾ കീപ്പർ സച്ചിൻ സുരേഷ് പ്രതിരോധിച്ചു. പിന്നാലെ ഒഡീഷയുടെ സേവ്യർ ഗാമ അടിച്ച പന്ത് തട്ടിയകറ്റിയത് തിരിച്ച് കളത്തിലെത്തി. ഒഡീഷയുടെ ദോറിയെൽട്ടൺ ഗോൾ വലയ്ക്ക് തൊട്ടുമുമ്പിലായി തിരിച്ചടിച്ചു. ബ്‌ളാസ്റ്റേഴ്‌സ് താരങ്ങളെ മറികടന്നെത്തിയ പന്ത് തടയാനുള്ള ഗോൾ കീപ്പറുടെ ശ്രമം ഫലം കണ്ടില്ല.79-ാം മിനിറ്റിൽ ഒഡീഷ രണ്ടാം ഗോളും സ്വന്തമാക്കി.
ബ്‌ളാസ്റ്റേഴ്‌സിനെ ആരാധകരായ മഞ്ഞപ്പട കൈവിട്ട മട്ടിലായിരുന്നു കളി. സ്റ്റേഡിയത്തിന് പുറത്തോ അകത്തോ ആരാധകർക്ക് പതിവ് ആവേശമുണ്ടായിരുന്നില്ല. സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ നാലിലൊന്ന് സീറ്റുകളിൽ മാത്രമാണ് കാണികളുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്