രാജ്‌കോട്ട് : അയർലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും വമ്പൻ വിജയം നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഇന്നലെ രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ 116 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതേവേദിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആറുവിക്കറ്റിന് വിജയം നേടിയിരുന്നു. ഇതോടെ മൂന്ന് മത്സരപരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. അവസാന മത്സരം ബുധനാഴ്ച നടക്കും.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 370/5 എന്ന കൂറ്റൻ സ്‌കോർ ഉയർത്തിയ ശേഷം അയർലാൻഡിനെ 254/7 എന്ന സ്‌കോറിൽ ഒതുക്കുകയായിരുന്നു. കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസിന്റേയും (91 പന്തുകളിൽ 102 റൺസ്),അർദ്ധ സെഞ്ച്വറി നേടിയ സ്മൃതി മാന്ഥന (73), ഹർലീൻ ഡിയോൾ (64), പ്രതിക റാവൽ (89) എന്നിവരുടേയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്‌കോറിലെത്തിയത്. ഐറിഷ് നിരയിൽ 80 റൺസുമായി ക്രിസ്റ്റീന കൗട്ടർനെയ്‌ലി മാത്രമാണ് പൊരുതിനോക്കിയത്. പത്തോവറിൽ 37 റൺസ് മാത്രം വഴങ്ങി ദീപ്തി ശർമ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗിൽ തിളങ്ങി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗിൽ സ്മൃതിയും പ്രതികയും ചേർന്ന് 19 ഓവറിൽ 156 റൺസാണ് അടിച്ചുകൂട്ടിയത്. 54 പന്തുകളിൽ പത്തുഫോറും രണ്ട് സിക്‌സും പറത്തിയ സ്മൃതി പുറത്തായ അതേ സ്‌കോറിൽതന്നെ പ്രതികയും മടങ്ങിയിരുന്നു. 61 പന്തുകളിൽ എട്ടുഫോറും ഒരു സിക്‌സും പായിച്ച പ്രതിക തന്റെ കരിയറിലെ അഞ്ചാം ഏകദിനത്തിൽ മൂന്നാം അർദ്ധസെഞ്ച്വറിയാണ് നേടിയത്. തുടർന്ന് ക്രീസിൽ ഒരുമിച്ച ഹർലീനും ജെമീമയും ചേർന്ന് കത്തിക്കയറിയോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു.19.1 -ാം ഓവറിൽ 156/2 എന്ന നിലയിൽ ക്രീസിൽ ഒരുമിച്ച ഈ സഖ്യം 47.1 -ാംഓവറിൽ പിരിയുമ്പോൾ ടീം 339/3 എന്ന നിലയിലായിരുന്നു. 186 റൺസാണ് ഇരുവരും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
91 പന്തുകൾ നേരിട്ട ജെമീമ 12 ബൗണ്ടറികൾ പായിച്ചു. 84 പന്തുകൾ നേരിട്ട ഹർലീൻ 12 ബൗണ്ടറികളാണ് പായിച്ചത്. തന്റെ സെഞ്ച്വറി നേട്ടം ബാറ്റുകൊണ്ട് ഗിറ്റാർ വായിക്കും പോലെയാണ് ജെമീമ ആഘോഷിച്ചത്. മലയാളി താരം മിന്നുമണിക്ക് ഇന്നലെയും പ്‌ളേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.
റെക്കോർഡുകൾ
ഏകദിനത്തിലെ ഇന്ത്യൻ വനിതാ ടീമിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്നലെ രാജ്‌കോട്ടിൽ പിറന്നത്. 2017ൽ അയർലാൻഡിനെതിരെ തന്നെ നേടിയിരുന്ന 358/2ന്റെ റെക്കോർഡാണ് തകർന്നത്.
90 പന്തുകളാണ് ജെമീമയ്ക്ക് സെഞ്ച്വറി തികയ്ക്കാൻ വേണ്ടിവന്നത്. ഏകദിനത്തിൽ വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ജെമീമ. 87 പന്തുകളിൽ ഹർമൻപ്രീത് സെഞ്ച്വറി നേടിയിട്ടുണ്ട്.
186 റൺസാണ് മൂന്നാം വിക്കറ്റിൽ ജമീമയും ഹർലീനും കൂട്ടിച്ചേർത്തത്. 156 റൺസ് സ്മൃതിയും പ്രതികയും കൂട്ടിച്ചേർത്തു. ഇന്ത്യൻ വനിതാ ടീം ഏകദിനത്തിൽ രണ്ട് 150 റൺസിലധികമുള്ള കൂട്ടുകെട്ടുകൾ സൃഷ്ടിക്കുന്നത് ഇതാദ്യം.
44 ഫോറുകളാണ് ഇന്ത്യൻ ടീം ആകെ ഇന്നലെ പായിച്ചത്. ഒരു ഏകദിന ഇന്നിംഗ്‌സിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും ഉയർന്ന ഫോറുകൾ ഈ മത്സരത്തിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്