കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും ആറു മാസത്തിനുള്ളില്‍ സംവരണമേര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മൂന്നാംലിംഗക്കാരായി അംഗീകരിച്ച് നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിര്‍ദേശം.
ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പാലക്കാട് സ്വദേശി സി കബീര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണിത്. സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവുകള്‍ നല്‍കിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.
സാധാരണ സര്‍ക്കാരിന്റെ നയരൂപവത്കരണത്തില്‍ കോടതി ഇടപെടാറില്ലെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ അവകാശം സുപ്രീംകോടതി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചട്ടങ്ങള്‍ പാസാക്കിയിരുന്നു.
2020 ല്‍ സംസ്ഥാനസര്‍ക്കാരും ചട്ടങ്ങള്‍ രൂപവത്കരിച്ചു. നിയമപരമായ വ്യവസ്ഥകളും ഉത്തരവുകളുമില്ലെങ്കില്‍ സംവരണം നടപ്പാക്കാനാകില്ല. വിദ്യാഭ്യാസവും തൊഴിലും ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ പുരോഗതിക്ക് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്