ഏഷ്യ വൻകരയിലെ പ്രധാന ഫുട്‌ബോൾ ശക്തിയായ സൗദി അറേബ്യ ഏഴാം തവണയും ഫിഫ ലോകകപ്പിന് യോഗ്യത നേടുമെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ ദിവസം നടന്ന 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മൽസരത്തിൽ സൗദി അറേബ്യ ഇന്തോനേഷ്യയെ 3-2ന് തോൽപ്പിച്ചു.
അടുത്ത ചൊവ്വാഴ്ച സ്വന്തം തട്ടകമായ ജിദ്ദയിൽ വച്ച് ഇറാഖിനെ തോൽപ്പിക്കാനായാൽ സൗദി അറേബ്യക്ക് നേരിട്ട് യോഗ്യത നേടാം. ഈ വിജയം സൗദിക്ക് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനവും ഏഴാം ലോകകപ്പ് ഫൈനൽസ് പ്രവേശനവും ഉറപ്പാക്കും.
ഏഷ്യ (ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ) മേഖലയിൽ നിന്ന് 8+1 രാജ്യങ്ങൾക്കാണ് ലോകകപ്പ് കളിക്കാൻ യോഗ്യത ലഭിക്കുക. എട്ട് രാജ്യങ്ങൾക്ക് നേരിട്ടും ഒമ്പതാമത്തെ ഏഷ്യൻ രാജ്യത്തിന് ഓഷ്യാനിയ മേഖലയിൽ നിന്നുള്ള ഒരു രാജ്യവുമായി മൽസരിച്ച് ജയിച്ചും ലോകകപ്പിൽ പങ്കെടുക്കാം. ജപ്പാൻ, ഇറാൻ, ദക്ഷിണ കൊറിയ, ജോർദാൻ, ഉസ്‌ബെക്കിസ്ഥാൻ, ഓസ്‌ട്രേലിയ എന്നീ ആറ് രാജ്യങ്ങൾ ജൂണിൽ അവസാനിച്ച മൂന്നാം റൗണ്ടിലൂടെ യോഗ്യത നേടിയിരുന്നു.
ശേഷിക്കുന്ന 2+1 സ്ഥാനത്തിന് വേണ്ടിയുള്ള നാലാം റൗണ്ട് മൽസരങ്ങളാണ് നടന്നുവരുന്നത്. മൂന്ന് രാജ്യങ്ങളുള്ള രണ്ട് ഗ്രൂപ്പുകളിലാണ് മൽസരങ്ങൾ. രണ്ട് ഗ്രൂപ്പ് വിജയികൾക്കും യോഗ്യത ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് അഞ്ചാം റൗണ്ടിൽ ഓഷ്യാനിയ മേഖലയിലെ പ്രതിനിധിയുമായി മൽസരിച്ച് ജയിച്ചാലും പ്രവേശനം ലഭിക്കും.
ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് സൗദി 3-2ന്റെ ജയം നേടിയത്. നെതർലൻഡ്‌സിന്റെ മുൻ താരവും ബാഴ്‌സലോണ സ്‌ട്രൈക്കറുമായിരുന്ന പാട്രിക് ക്ലൂയിവർട്ട് പരിശീലിപ്പിച്ച ഇന്തോനേഷ്യയെയാണ് തോൽപ്പിച്ചത്. 11-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റി കെവിൻ ഡിക്‌സ് ഇന്തോനേഷ്യയെ മുന്നിലെത്തിച്ചു. ആറ് മിനിറ്റിനുശേഷം, സാലിഹ് അബു അൽഷമത്ത് സമനില ഗോൾ നേടി.
37-ാം മിനിറ്റിൽ ഫിറാസ് അൽ ബുറൈഖാന്റെ പെനാൽറ്റി സൗദിയെ 3-1ന് മുന്നിലെത്തിച്ചു. 60-ാം മിനിറ്റിൽ അൽ ബുറൈഖാൻ വീണ്ടും ഗോൾ നേടി. 89-ാം മിനിറ്റിൽ കെവിൻ ഡിക്‌സ് രണ്ടാമത്തെ പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ സ്‌കോർ 3-2 ആയി. സ്റ്റോപ്പേജ് സമയത്ത് മുഹമ്മദ് കാനോ ചുവപ്പ് കാർഡ് കണ്ടെങ്കിലും സൗദി വിജയം നിലനിർത്തി.
ഏഷ്യയിൽ നിന്ന് ജോർദാനും ഉസ്‌ബെക്കിസ്ഥാനും ആദ്യമായാണ് ലോകകപ്പ് യോഗ്യത നേടിയത്. ഇനി നേരിട്ടുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് സൗദിക്ക് പുറമേ ഖത്തർ, ഒമാൻ, യുഎഇ, ഇറാഖ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണുള്ളത്. എവേ, ഹോം മാച്ചുകൾക്ക് ശേഷം അർഹരെ കണ്ടെത്തും.
ശനിയാഴ്ച ഇറാഖിനോട് തോറ്റാൽ 1938ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനുള്ള ഇന്തോനേഷ്യയുടെ മോഹം അവസാനിക്കും. ഗ്രൂപ്പ് എയിൽ ഖത്തർ ഒമാനുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. നാലാം റൗണ്ടിലെത്തിയ ടീമുകളിൽ ലോകകപ്പിൽ ഒരിക്കലും പങ്കെടുക്കാത്ത ടീമാണ് ഒമാൻ. ശനിയാഴ്ച യുഎഇയുമായി ഒമാന് മൽസരമുണ്ട്.
അതേസമയം, ആഫ്രിക്കയിൽ നിന്ന് ഈജിപ്ത് ലോകകപ്പ് യോഗ്യത നേടി. മൊറോക്കോയും ടുണീഷ്യയും നേരത്തേ പ്രവേശനം ഉറപ്പിച്ചിരുന്നു. ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ഇരട്ടഗോളിലൂടെ ഈജിപ്ത് ജിബൂത്തിയ 3 -0ന് തോൽപ്പിച്ചു.
ഈജിപ്ത് 2018 ലോകകപ്പിന് യോഗ്യത നേടിയിരുന്നുവെങ്കിലും മുഹമ്മദ് സലാഹിന്റെ തോളിലെ പരിക്ക് തിരിച്ചടിയായി. ആതിഥേയരായ റഷ്യയോടും ഉറുഗ്വേ, സൗദി ടീമുകളോടും തോറ്റ് പ്രാഥമിക റൗണ്ടിൽ പുറത്തായി.
ആതിഥേയ രാജ്യങ്ങളായ യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നിവയ്ക്ക് പുറമേ അർജന്റീന, ബ്രസീൽ, ഇക്വഡോർ, ഉറുഗ്വേ, പരാഗ്വേ, കൊളംബിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും 2026 ലോകകപ്പിന് യോഗ്യത നേടിയവരിൽ ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്