തിരുവനന്തപുരം: അച്ഛനൊപ്പം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ എസ്.അൻവി സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല താൻ ഒരു അത്‌ലറ്റാകുമെന്ന്. ഇപ്പോഴിതാ രാജ്യത്തിന് ഓട്ടക്കാരെ സമ്മാനിക്കുന്ന കേരള സ്‌കൂൾ കായികമേളയിൽ 38 വർഷത്തെ റെക്കാഡ് തന്നെ തകർത്ത് സ്വർണം നേടിയിട്ടും അൻവിക്ക് അത് വിശ്വസിക്കാനായിട്ടില്ല. സബ് ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിലാണ് പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിന്റെ താരം പൊന്നണിഞ്ഞത്. 25 മിനിട്ട് 67 സെക്കൻഡിൽ സ്വർണം കീഴടക്കി. 1987ൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിന്റെ ബിന്ദു മാത്യൂ കുറിച്ച റെക്കാഡാണ് പഴങ്കഥയാക്കിയത്. 26 മിനിട്ട് 30 സെക്കൻഡായിരുന്നു പഴയ റെക്കാഡ്.
വെള്ളിയാഴ്ച 100 മീറ്ററിൽ മത്സരിച്ചെങ്കിലും വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 200ൽ റെക്കാഡ് സ്വന്തമാക്കാൻ ഉറച്ചാണ് ഇറങ്ങിയത്. മികച്ച മത്സരമായിരുന്നു ഉണ്ടായിരുന്നതെന്നും റെക്കാഡോടെ സ്വർണംനേടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അൻവി പറഞ്ഞു. കഴിഞ്ഞ വർഷമാണ് അൻവി പരിശീലനം തുടങ്ങുന്നത്. രാവിലെ നടത്തത്തിനിടെയുള്ള ഓട്ടവും പരിശീലനവും ബി.ഇ.എം.എച്ച്.എസ്.എസിലെ കായികാദ്ധ്യാപകൻ അർജുൻ ഹരിദാസ് അവിചാരിതമായി കാണുകയും തന്റെ ഒളിമ്പിക്ക് അത്‌ലറ്റിക്ക് ക്ലബ്ബിലേക്ക് ക്ഷണിക്കുകയുമായിരുന്നു. തുടർന്ന് ബി.ഇ.എം.എച്ച്.എസ്.എസിലേക്ക് മാറി. പോയവർഷം 100, 200 മീറ്ററുകളിൽ മത്സരിച്ചിരുന്നു.
100 മീറ്ററിൽ ഫൈനലിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല. 200 മീറ്ററിൽ വെങ്കലം സ്വന്തമാക്കിയാണ് കൊച്ചിയിൽ നിന്ന് മടങ്ങിയത്. ഈ വർഷം ഇരട്ട സ്വർണമാണ് ലക്ഷ്യമിട്ടിരുന്നത്.
പാലക്കാട് കടുംതുരത്ത് കുമ്പളത്തറ വീട്ടിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥനായ സുരേഷ് രമ്യ എന്നിവരാണ് മാതാപിതാക്കൾ. സഹോദരി ആത്മിയ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
