ഡെൽഹി ക്യാപിറ്റൽസിനെ പൂട്ടിക്കെട്ടി റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂർ

APRIL 27, 2026, 1:37 PM

ഡൽഹി ക്യാപ്പിറ്റൽസിനെ 9 വിക്കറ്റിന് തോൽപ്പിച്ച് ആർ.സി.ബി, ഡൽഹി ക്യാപ്പിറ്റൽസ് 75 റൺസിന് ആൾഔട്ട്, എട്ട് റൺസിനിടെ നഷ്ടമായത് ആറ് വിക്കറ്റുകൾ, ഹേസൽവുഡിന് നാലുവിക്കറ്റ്, ഭുവനേശ്വറിന് മൂന്ന് വിക്കറ്റ്

ന്യൂഡൽഹി: ബാറ്റർമാരുടെ വെടിക്കെട്ട് സിക്‌സുകൾ ചീറിപ്പാഞ്ഞിരുന്ന ഐ.പി.എൽ ഇന്നലെ സാക്ഷ്യം വഹിച്ചത് ബൗളർമാരുടെ നരനായാട്ടിന്. അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ആർ.സി.ബി കണ്ണടച്ചുതുറക്കും മുമ്പ് കൂടാരം കയറ്റിയത് ആറ് ഡൽഹി ക്യാപ്പിറ്റൽസ് ബാറ്റർമാരെ. ഒടുവിൽ 16.3 ഓവറിൽ 75 റൺസിന് ഡൽഹി ആൾഔട്ടാകുകയും മറുപടിക്കിറങ്ങിയ ആർ.സി.ബി വെറും 6.3 ഓവറിൽ ഒരൊറ്റ വിക്കറ്റ് നഷ്ടത്തിൽ വിജയിക്കുകയും ചെയ്തു.

എട്ടുറൺസ് നേടുന്നതിനിടെ ആറു പേരെ നഷ്ടമായ ഡൽഹി കഷ്ടപ്പെട്ടാണ് ഐ.പി.എല്ലിലെ ഏറ്റവും കുറഞ്ഞ ടോട്ടൽ എന്ന നാണംകെട്ട റെക്കാഡിൽ നിന്ന് രക്ഷപെട്ടത്. മൂന്നോവറിൽ അഞ്ച് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറും 3.3 ഓവറിൽ 12 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡുമാണ് ഡൽഹിക്ക് ക്യാപ്പിറ്റൽ പണിഷ്‌മെന്റ് നൽകിയത്.

vachakam
vachakam
vachakam

റാസിഖ് സലാം, സുയാഷ് ശർമ്മ, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 33 റൺസടിച്ച അഭിഷേക് പൊറേലാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. ഡേവിഡ് മില്ലർ (19),കൈൽ ജാമീസൺ (12) എന്നിവർ കൂടിയേ രണ്ടക്കം കടന്നുള്ളൂ.

കഴിഞ്ഞ കളിയിൽ 264 റൺസടിച്ചിട്ടും തോറ്റുപോയ ഡൽഹിക്കാണ് ഇന്നലെ കടുത്ത ബാറ്റിംഗ് തകർച്ചയുണ്ടായത്. ഇന്നിംഗ്‌സിലെ രണ്ടാം പന്തിൽതന്നെ ഡൽഹി ഓപ്പണർ സഹിൽ പരാഖിന്റെ (0)കുറ്റിതെറുപ്പിച്ച് ആക്രമണത്തിന് തുടക്കമിട്ടത് ഭുവനേശ്വർ കുമാറാണ്. അടുത്ത ഓവറിൽ ഹേസൽവുഡ് വീഴ്ത്തിയത് രണ്ടുവിക്കറ്റുകൾ.

കഴിഞ്ഞകളിയിലെ സെഞ്ച്വറി വീരൻ കെ.എൽ രാഹുലിനെയും (1), ഇൻഫോം ബാറ്റർ സമീർ റിസ്വിയേയും (0). മൂന്നാം ഓവറിനെത്തിയ ഭുവനേശ്വറും നിറുത്തിയില്ല. ഈ ഓവറിൽ രണ്ടുപേരെക്കൂടി തിരിച്ചയച്ചു. ട്രിസ്റ്റൺ സ്റ്റബ്‌സിനെ (5)ദേവ്ദത്തും അക്ഷർ പട്ടേലിനെ (0) ജിതേഷും പിടികൂടി.അടുത്ത ഓവറിൽ ഹേസൽവുഡ് നിതീഷ് റാണയെക്കൂടി (1) പുറത്താക്കിയതോടെ ഡൽഹിയുടെ സ്‌കോർ ബോർഡിൽ എട്ടു റൺസും ആറുവിക്കറ്റുമായി. ഐ.പി.എല്ലിലെ തന്നെ ഏറ്റവും ദാരുണദൃശ്യമായിരുന്നു അത്.

vachakam
vachakam
vachakam

തുടർന്ന് ഡേവിഡ് മില്ലറും ( 19) അഭിഷേക് പൊറേലും () ചേർന്നാണ് സ്‌കോർ ബോർഡ് ചലിപ്പിച്ചുതുടങ്ങിയത്. ഒൻപതാം ഓവറിൽ റാസിഖ് സലാം മില്ലറെ പുറത്താക്കിയപ്പോൾ ഡൽഹി 43 റൺസിലെത്തിയിരുന്നു.13ാം ഓവറിൽ ക്രുനാൽ പാണ്ഡ്യ കൈൽ ജാമീസണിനെയും(12) മടക്കി അയച്ചു. 16ാം ഓവറിൽ അഭിഷേകിനെ ബൗൾഡാക്കി ഹേസൽവുഡ് ഡൽഹി ഇന്നിംഗ്‌സിന് കർട്ടനിട്ടു.

ഐ.പി.എല്ലിലെ ഏറ്റവും ചെറിയ ടോട്ടലിന് ഉടമകൾ ആർ.സി.ബിയാണ്. 2017 സീസണിൽ കൊൽക്കത്തയ്ക്ക് എതിരെ 49 റൺസിനാണ് ആർ.സി.ബി ആൾഔട്ടായത്.

കളിയിലെ നിമിഷങ്ങൾ

vachakam
vachakam
vachakam

0/1 - 0.2 ഓവർ - ഇന്നിംഗ്‌സിലെ രണ്ടാം പന്തിൽതന്നെ ഡൽഹി ഓപ്പണർ സഹിൽ പരാഖിന്റെ മിഡിൽസ്റ്റംപ് പറപ്പിച്ച് ഭുവനേശ്വർ കുമാർ.

1/2 - 1.1-ാം ഓവർ - കഴിഞ്ഞ കളിയിൽ 152 റൺസടിച്ച പുറത്താകാതെ നിന്ന കെ.എൽ രാഹുൽ (1)ഹേസൽവുഡിന്റെ പന്തിൽ കീപ്പർ ജിതേഷ് ശർമ്മയ്ക്ക് ക്യാച്ച് നൽകി മടങ്ങി.

2/3 - 1.2 ഓവർ - അടുത്ത പന്തിൽ സമീർ റിസ്‌വിയെയും(0) ഹേസൽവുഡ് ജിയേഷിന്റെ കയ്യിലെത്തിച്ചു.

7/4 - 2.1 ഓവർ - ഭുവനേശ്വറിന്റെ ഓഫ് സ്റ്റംപിന് പുറത്തേക്കുപോയ പന്തിൽ ബാറ്റുവെച്ച ട്രിസ്റ്റൺ സ്റ്റബ്‌സിനെ(5) സ്‌ളിപ്പിൽ ദേവ്ദത്ത് പടിക്കൽ പിടികൂടി.

7/5 - 2.4-ാം ഓവർ - ഭുവിയുടെ അടുത്ത ഇര ഡൽഹി ക്യാപ്ടൻ അക്ഷർ പട്ടേൽ(0). ക്യാച്ചെടുത്തത് ജിതേഷ്.

8/6 - 3.5ാം ഓവർ - ഫസ്റ്റ് ഡൗണായെത്തി ഒൻപത് പന്തുകൾ നേരിട്ടിട്ടും ഒരു റൺ മാത്രം നേടാനായ നിതീഷ് റാണയെ ഹേസൽവുഡ് ദേവ്ദത്തിന്റെ കയ്യിലത്തിച്ചു.

43/7 - 8.6 ഓവർ - 18 പന്തുകളിൽ 19 റൺസ് നേടി കനത്ത നാണക്കേടിൽ നിന്ന് ഡൽഹിയെ രക്ഷിക്കാൻ ശ്രമിച്ച ഡേവിഡ് മില്ലറെ ഒൻപതാം ഓവറിൽ റാസിഖ് സലാമിന്റെ പന്തിൽ ജിതേഷ് പിടികൂടി.

62/8 - 12.3-ാം ഓവർ - കൈൽ ജാമീസണിനെ(12) ക്രുനാൽ പാണ്ഡ്യ എൽ.ബിയിൽ കുരുക്കി തിരിച്ചയച്ചു.

71/9 - 15.3-ാം ഓവർ - കുൽദീപ് യാദവ് (3) സുയാഷിന്റെ പന്തിൽ ബൗൾഡായി.

75/10 - 16.3 ഓവർ - 30 പന്തുകളിൽ 33 റൺസ് നേടി പിടിച്ചുനിന്ന അഭിഷേക് പൊറേലിനെ ക്‌ളീൻ ബൗൾഡാക്കി ഹേസൽവുഡാണ് ഡൽഹിയുടെ ഇന്നിംഗ്‌സിന് കർട്ടനിട്ടത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam