മുംബൈ: ഈ വര്‍ഷം അവസാനം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മ കളിച്ചേക്കില്ല. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
എന്നിരുന്നാലും, ടെസ്റ്റ് ടീമില്‍ വിരാട് കോഹ്ലി തന്റെ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ കോഹ്ലിക്കും രോഹിത്തിനും മോശം സമയമായിരുന്നു. ഇതെത്തുടര്‍ന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പുതുവത്സര ടെസ്റ്റില്‍ നിന്ന് രോഹിത് പിന്മാറിയിരുന്നു.
പെര്‍ത്ത് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നില്ല. പകരം ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിച്ചത്. എന്നാല്‍ അഡലെയ്ഡ് ഓവലില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ തിരിച്ചെത്തിയതിനുശേഷം, ടെസ്റ്റില്‍ റണ്‍സിനായി രോഹിത് പാടുപെട്ടു. മൂന്ന് മത്സരങ്ങളില്‍ 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.
സിഡ്നി ടെസ്റ്റില്‍ നിന്ന് രോഹിത് പിന്മാറിയതിന് ശേഷം, അദ്ദേഹം വിരമിക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാന്‍ ഇപ്പോള്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് രോഹിത് പറഞ്ഞു.
'ഞാന്‍ ഒരുപാട് ക്രിക്കറ്റ് കണ്ടിട്ടുണ്ട്, ഓരോ മിനിറ്റിലും, ഓരോ സെക്കന്‍ഡിലും, ദൈനംദിന ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. കാര്യങ്ങള്‍ മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്നാല്‍ അതേ സമയം, ഞാന്‍ യാഥാര്‍ത്ഥ്യബോധമുള്ളവനായിരിക്കണം. കമന്ററി ബോക്‌സില്‍ ഇരിക്കുന്നവരോ, കൈയില്‍ ലാപ്ടോപ്പുമായി എഴുതുന്നവരോ എന്റെ ജീവിതം എങ്ങനെ പോകുന്നുവെന്ന് തീരുമാനിക്കില്ല,' രോഹിത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മറുവശത്ത്, പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വിരാട് സെഞ്ച്വറി നേടി. പക്ഷേ മറ്റ് ഇന്നിംഗ്‌സുകളിലെല്ലാം വലിയ സ്‌കോര്‍ കണ്ടെത്താന്‍ പരാജയപ്പെട്ടു. രഞ്ജി ട്രോഫിയില്‍ രോഹിത്തും വിരാടും തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചെങ്കിലുപം അവിടെയും വലിയ സ്‌കോര്‍ നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
എന്നിരുന്നാലും, ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ ഇരുവരും പ്രധാന പങ്ക് വഹിച്ചു. ഫൈനലില്‍ രോഹിത് 76 റണ്‍സ് നേടിയപ്പോള്‍, പാകിസ്ഥാനെതിരെയും ഓസ്‌ട്രേലിയയ്ക്കെതിരെയും യഥാക്രമം 100 റണ്‍സും 84 റണ്‍സും നേടി കോഹ്ലി തിളങ്ങി.
ജൂണ്‍ 20 ന് ലീഡ്സിലെ ഹെഡിംഗ്ലിയില്‍ നടക്കുന്ന ആദ്യ ടെസ്റ്റോടെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. എഡ്ജ്ബാസ്റ്റണ്‍, ലോര്‍ഡ്സ്, ഓള്‍ഡ് ട്രാഫോര്‍ഡ്, കെന്‍സിംഗ്ടണ്‍ ഓവല്‍ എന്നിവ മറ്റ് നാല് ടെസ്റ്റുകള്‍ക്ക് ആതിഥേയത്വം വഹിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്