ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. മന്ത്രിസഭയുടെ നിയമന സമിതി അംഗീകരിച്ച നിയമനം തിങ്കളാഴ്ച പേഴ്സണല്‍ & ട്രെയിനിംഗ് വകുപ്പ് (ഡിഒപിടി) ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നിധി തിവാരി നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. മാര്‍ച്ച് 29 ലെ ഉത്തരവ് പ്രകാരം, പ്രധാനമന്ത്രിയുടെ ഓഫീസിലെ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിനായി നിധി തിവാരി നിലവിലെ ചുമതലയില്‍ നിന്ന് മാറും.
2014 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥയായ നിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലെ മഹ്‌മൂര്‍ഗഞ്ച് സ്വദേശിനിയാണ്. 2013-ല്‍ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 96-ാം റാങ്ക് നേടിയ അവര്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ചേരുന്നതിന് മുമ്പ് വാരണാസിയില്‍ അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിച്ചു.
2022-ല്‍ അണ്ടര്‍ സെക്രട്ടറിയായി ചേര്‍ന്നതിനുശേഷം, 2023 ജനുവരി 6 മുതല്‍ പിഎംഒയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരുന്നു. അതിന് മുമ്പ്, വിദേശകാര്യ മന്ത്രാലയത്തില്‍, പ്രത്യേകിച്ച് നിരായുധീകരണ, അന്താരാഷ്ട്ര സുരക്ഷാ കാര്യ വിഭാഗത്തില്‍ ജോലി ചെയ്തു.
അന്താരാഷ്ട്ര ബന്ധങ്ങളിലെ അവരുടെ വൈദഗ്ദ്ധ്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന വിദേശ, സുരക്ഷാ വിഭാഗത്തില്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്