ന്യൂഡല്‍ഹി:പ്രായപരിധി കര്‍ശനമാക്കിയാല്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിയേണ്ടിവരുന്ന വൃന്ദാ കാരാട്ടിനും സുഭാഷിണി അലിക്കുംപകരം രണ്ട് വനിതകളെ തന്നെ ഉള്‍പ്പെടുത്താന്‍ നീക്കം. അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെയും തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് യു. വാസുകിയുമാണ് പരിഗണിക്കപ്പെടുന്ന പേരുകള്‍.
സീതാറാം യെച്ചൂരി അന്തരിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവ് നികത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, സൂര്യകാന്ത് മിശ്ര, മാണിക് സര്‍ക്കാര്‍, ജി. രാമകൃഷ്ണന്‍ എന്നിവരാണ് പിബിയിലെ പ്രായപരിധി കഴിഞ്ഞ മറ്റ് അംഗങ്ങള്‍. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പിബി അംഗങ്ങളായിരിക്കണമെന്ന രീതി സിപിഎം സ്വീകരിക്കാറുണ്ട്. ഈ ഇളവ് പിണറായിക്ക് കിട്ടിയേക്കും.
നിലവില്‍ പാര്‍ട്ടി അംഗങ്ങളില്‍ രണ്ടാം സ്ഥാനമുള്ള തമിഴ്‌നാടിന്, ജി. രാമകൃഷ്ണന്‍ ഒഴിയുന്നതോടെ പിബി പ്രതിനിധ്യം ഇല്ലാതാകും. ആ പരിഗണനയും വാസുകിക്ക് അനുകൂലമാകും. പിബി അംഗം അശോക് ധാവ്ളെയുടെ ഭാര്യയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവായ മറിയം ധാവ്ളെ. മറിയം പിബി അംഗമായാല്‍ പ്രകാശ് കാരാട്ടിനും വൃന്ദയ്ക്കും ശേഷം പാര്‍ട്ടി ഉപരിഘടകത്തിലെത്തുന്ന ദമ്പതിമാരെന്ന വിശേഷണത്തിന് ഇവര്‍ അര്‍ഹരാകും. വനിതകളില്‍ പിബിയിലേക്ക് പരിഗണിക്കുന്ന മറ്റൊരുപേര് ആന്ധ്രയില്‍നിന്നുള്ള ഹേമലതയുടേതാണ്.
അതേസമയം കേരളത്തില്‍ നിന്ന് ആരൊക്കെ പൊളിറ്റ് ബ്യൂറോയിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും എത്തുമെന്നതാണ് പാര്‍ട്ടികോണ്‍ഗ്രസില്‍ ഉറ്റുനോക്കുന്ന മറ്റൊരുകാര്യം. പൊളിറ്റ്ബ്യൂറോയില്‍ കേരളത്തില്‍ നിന്ന് ഒഴിവുകളൊന്നുമില്ല. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവില്‍ സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ നാല് പിബി അംഗങ്ങളാണ് കേരളത്തില്‍ നിന്നുള്ളത്. ബംഗാളില്‍ നിന്ന് അഞ്ച് പേരും. ഇതില്‍ സൂര്യകാന്ത് മിശ്ര പ്രായപരിധിയില്‍ ഒഴിവാകും. ബംഗാളില്‍ പാര്‍ട്ടി അംഗബലം കുറഞ്ഞിരിക്കേ, പാര്‍ട്ടി ഏറ്റവും ശക്തമായ സംസ്ഥാനമെന്ന നിലയില്‍ ഈ ഒഴിവ് കേരളത്തില്‍ നിന്ന് നികത്താനുള്ള സാധ്യതയുണ്ട്. മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജനാകും പരിഗണന. പിന്നാക്കവിഭാഗത്തില്‍നിന്നുള്ള ഒരാളെയാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍ കെ. രാധാകൃഷ്ണനെ പരിഗണിച്ചേക്കും.
കെ.കെ. ശൈലജയുടെ പിബി പ്രവേശനം വാര്‍ത്തകളില്‍ സജീവമാണെങ്കിലും സാധ്യത വളരെ കുറവാണ്. കൊല്ലം സംസ്ഥാനസമ്മേളനത്തിലാണ് ശൈലജ സംസ്ഥാനസെക്രട്ടേറിയറ്റിലെത്തിയത്. സംസ്ഥാനഘടകത്തിന്റെ പ്രത്യേക ചുമതല വഹിക്കുന്ന സെക്രട്ടേറിയറ്റ് അംഗങ്ങളെ പിബിയിലേക്ക് ഉള്‍പ്പെടുത്തുന്ന രീതിയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്