ന്യൂഡല്‍ഹി: റോജര്‍ ബിന്നി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സ്ഥാനം രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍. വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയെ പകരം ഇടക്കാല പ്രസിഡന്റായി നിയമിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററായ റോജര്‍ ബിന്നിക്ക് ജൂലൈ 19 ന് 70 വയസ് തികഞ്ഞ സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞത്. ബിസിസിഐ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസാണ്. ഇതോടെയാണ് ബിന്നിക്ക് സ്ഥാനമൊഴിയേണ്ടി വന്നത്. 2022ല്‍ സ്ഥാനമൊഴിഞ്ഞ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റായത്.
എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സ്‌പോര്‍ട്‌സ് ഗവേണന്‍സ് നിയമപ്രകാരം ഫെഡറേഷനുകളുടെ ഭാരവാഹികള്‍ക്ക് 75 വയസ്സുവരെ തുടരാം. നിയമം പ്രാബല്യത്തിലാകാന്‍ വൈകിയാല്‍ ബിന്നി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ബിസിസിഐയ്ക്കു നേരേ നിയമനടപടിക്ക് വഴിയൊരുക്കിയേക്കും. അതിനാലാണ് രാജിയെന്നു പറയപ്പെടുന്നു. അറുപത്തിയഞ്ചുകാരനായ രാജീവ് ശുക്ല 2020 മുതല്‍ ബിസിസിഐ വൈസ് പ്രസിഡന്റാണ്. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന അടുത്ത ബിസിസിഐ വാര്‍ഷിക പൊതുയോഗം (എജിഎം) വരെ ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങള്‍ രാജീവ് ശുക്ല കൈകാര്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്