സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിന് റെക്കോർഡ് വിജയം. അരുണാചലിനെതിരെ ഇന്നലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെറും 27 പന്തിൽ വിജയലക്ഷ്യമായ 93 റൺസ് അടിച്ചെടുത്താണ് ജാർഖണ്ഡ് റെക്കോർഡിട്ടത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അരുണാചൽ 20 ഓവറിൽ 93 റൺസിന് ഓൾ ഔട്ടായപ്പോൾ ജാർഖണ്ഡിന് ലക്ഷ്യത്തിലെത്താൻ വേണ്ടിവന്നത് വെറും 4.3 ഓവർ മാത്രമായിരുന്നു. 23 പന്തിൽ അഞ്ച് ഫോറും ഒമ്പത് സിക്‌സും പറത്തിയ ഇന്ത്യൻ താരം ഇഷാൻ കിഷൻ 334.78 സ്‌ട്രൈക്ക് റേറ്റിൽ 77 റൺസുമായി പുറത്താകാതെ നിന്നപ്പോൾ സഹ ഓപ്പണറായ ഉത്കർഷ് സിംഗ് ആറ് പന്തിൽ 13 റൺസുമായി പുറത്താകാതെ നിന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റ് (കുറഞ്ഞത് 20 പന്തെങ്കിലം നേരിട്ടവരിൽ) എന്ന റെക്കോർഡും ഇന്നലത്തെ വെടിക്കെട്ട് ഇന്നിംഗ്‌സിലൂടെ ഇഷാൻ കിഷൻ സ്വന്തമാക്കി. അൻമോൽപ്രീത് സിംഗിന്റെ പേരിലുണ്ടായിരുന്ന 334.61 സ്‌ട്രൈക്ക് റേറ്റിന്റെ റെക്കോർഡാണ് ഇഷാൻ കിഷൻ ഇന്നലെ മറികടന്നത്.
ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ ഉയർന്ന സ്‌ട്രൈക്ക് റേറ്റുമാണിത്. 2014ലെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിനായി സുരേഷ് റെയ്‌ന 25 പന്തിൽ 87 റൺസടിച്ചതാണ് (348 സ്‌ട്രൈക്ക് റേറ്റ്) ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റ്.
ഇഷാൻ കിഷൻ ഇന്ത്യൻ റെക്കോർഡിട്ടപ്പോൾ ജാർഖണ്ഡ് ലോക റെക്കോർഡും സ്വന്തമാക്കി. 4.3 ഓവറിൽ 20.88 റൺറേറ്റിൽ വിജയലക്ഷ്യം അടിച്ചെടുത്തതോടെ ടി20 ക്രിക്കറ്റിൽ കുറഞ്ഞത് ഒരോവറെങ്കിലും നടന്ന മത്സരത്തിലെ ഏറ്റവും ഉയർന്ന റൺറേറ്റാണിത്. 2021ൽ സെർബിയക്കെതിരെ റുമാനിയ 20.47 റൺറേറ്റിൽ വിജയം നേടിയതിന്റെ റെക്കോർഡാണ് ജാർഖണ്ഡ് ഇന്നലെ മറികടന്നത്. അന്ന് റുമാനിയ ഉയർത്തിയ 116 റൺസ് വിജയലക്ഷ്യം സെർബിയ 5.4 ഓവറിലാണ് മറികടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്