രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ എതിരാളികൾ ആരൊക്കെയന്നെ് തീരുമാനമായി. ഗ്രൂപ്പ് സിയിൽ രണ്ടാമതായിട്ടാണ് കേരളം പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചത്. ഏഴ് മത്സരങ്ങളും പൂർത്തിയാക്കിയ കേരളത്തിന് 28 പോയിന്റാണ് ലഭിച്ചത്. ഒരു മത്സരം പോലും കേരളം തോറ്റിട്ടില്ല. മൂന്ന് മത്സരം കേരളം ജയിച്ചപ്പോൾ നാലെണ്ണം സമനിലയിൽ അവസാനിച്ചു.ഗ്രൂപ്പിൽ ബംഗാൾ, കർണാടക എന്നീ വമ്പന്മാരെ പിന്തള്ളിയാണ് കേരളം ക്വാർട്ടർ ഫൈനലിൽ കടന്നത്. എന്നാൽ ഒരു പോയിന്റ് വ്യത്യാസത്തിൽ ഹരിയാന ഗ്രൂപ്പ് ചാമ്പ്യന്മാരായി. 29 പോയിന്റാണ് അവർക്കുള്ളത്.
ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളി. ഏഴ് മത്സരങ്ങളിൽ അഞ്ച് വിജയം സ്വന്തമാക്കിയ ജമ്മുവിന് 35 പോയിന്റ് നേടാൻ സാധിച്ചിരുന്നു. ഗ്രൂപ്പിൽ മുംബൈയെ പോലും തോൽപ്പിക്കാൻ ജമ്മുവിന് സാധിച്ചു. അതേസമയം, മുംബൈ ക്വാർട്ടറിൽ ഹരിയാനയെ നേരിടും. ഗ്രൂപ്പ് എയിൽ ജമ്മുവിന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു മുംബൈ. ഏഴ് മത്സരങ്ങളിൽ നിന്ന് 29 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാർക്ക്. നാല് ജയവും ഒരു സമനിലയും രണ്ട് തോൽവിയും.
ഗ്രൂപ്പ് ബി ജേതാക്കളായ വിദർഭയ്ക്കാണ് ഏറ്റവും കൂടുതൽ പോയിന്റുകളുള്ളത്. 40 പോയിന്റുകൾ നേടിയ വിദർഭ ആറ് മത്സരങ്ങൾ ജയിച്ചു. ഒരെണ്ണം സമനിലയിൽ അവസാനിച്ചു. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഛഢിഗഡാണ് വിദർഭയുടെ എതിരാളി. ഏഴ് മത്സരങ്ങളിൽ നിന്ന് 25 പോയിന്റാണ് ഛഢിഗഡിന്റെ സമ്പാദ്യം. ഗ്രൂപ്പ് ഡി ഒന്നാം സ്ഥാനക്കാരായ തമിഴ്‌നാട്, ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്തിനെ ക്വാർട്ടറിൽ നേരിടും. തമിഴ്‌നാടിനും 25 പോയിന്റാണ് ഗ്രൂപ്പിലുള്ളത്. എന്നാൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്, ഛഢിഗഡിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ഗ്രൂപ്പ് ബിയിൽ ഗുജറാത്തിന് 31 പോയിന്റാണുള്ളത്. നാല് ജയവും മൂന്ന് തോൽവിയും അക്കൗണ്ടിൽ.
ഈ മാസം എട്ടിനാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് ഘട്ടത്തെ അപേക്ഷിച്ച് അഞ്ച് ദിവസം നീണ്ടുനിൽക്കുന്നതാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ. 17ന് സെമി ഫൈനൽ മത്സരവും 26ന് ഫൈനലും നടക്കും.
ക്വാർട്ടഫൈനൽ ലൈനപ്പ്
ജമ്മു കശ്മീർ - കേരളം, മുംബൈ - ഹരിയാന, ഛഢിഗഡ് - വിദർഭ, തമിഴ്‌നാട് - ഗുജറാത്ത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്