ഇൻഡോർ : മദ്ധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ആദ്യ ഇന്നിംഗ്‌സിൽ 281 റൺസിന് ആൾഔട്ടായ കേരളം മദ്ധ്യപ്രദേശിനെ 192 റൺസിന് പുറത്താക്കി 89 റൺസ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി.
ഇന്നലെ 246/7 എന്ന സ്‌കോറിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിക്കാനെത്തിയ കേരളത്തിന്റെ അന്യസംസ്ഥാന താരം ബാബ അപരാജിത്ത് സെഞ്ച്വറിക്ക് രണ്ടുറൺസ് അരികെ പുറത്തായി. 81 റൺസുമായി ബാബയും ഏഴ് റൺസുമായി ശ്രീഹരിയുമാണ് ഇന്നലെ ഇന്നിംഗ്‌സ് തുടരാനെത്തിയത്. ടീം സ്‌കോർ 251ലെത്തിയപ്പോൾ ശ്രീഹരിയെ അർഷദ് ഖാൻ ബൗൾഡാക്കി. ഏദൻ ആപ്പിൾ ടോമിനെ(9*)ക്കൂട്ടി സെഞ്ച്വറിയിലേക്ക് നീങ്ങിയ ബാബയെ ടീം സ്‌കോർ 267ൽ വച്ച് കുൽദീപ് സെന്നാണ് യഷ് ദുബെയുടെ കയ്യിലെത്തിച്ചത്. തുടർന്ന് നിതീഷിനെ (9) ബൗൾഡാക്കി ആര്യൻ പാണ്ഡേ കേരളത്തിന്റെ ഇന്നിംഗ്‌സിന് കർട്ടനിട്ടു.
മറുപടിക്കിറങ്ങിയ മദ്ധ്യപ്രദേശിന് ചായയ്ക്ക് പിരിയുമ്പോൾ 72 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായിരുന്നു. ആറാം ഓവറിൽ യഷ് ദുബെയെ ക്‌ളീൻ ബൗൾഡാക്കി അരങ്ങേറ്റക്കാരൻ അഭിജിത്ത് പ്രവീണാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. അഭിജിത്തിന്റെ ആദ്യ രഞ്ജി ഇരയാണ് യഷ് ദുബെ. നേരത്തെ ബാറ്റുകൊണ്ടും അഭിജിത്ത് തിളങ്ങിയിരുന്നു. 153 പന്തുകൾ നേരിട്ട് 9 ബൗണ്ടറികളടക്കം 60 റൺസാണ് അഭിജിത്ത് നേടിയിരുന്നത്.
തുടർന്ന് ഹിമാംശു മന്ത്രി (21)ക്കൊപ്പം കൂട്ടുകെട്ടിന് ശ്രമിച്ച ഹർഷ് ഗാവ്‌ലിയെ (21) ടീം സ്‌കോർ 43ൽ വച്ച് നിതീഷ് എൽ.ബിയിൽ കുരുക്കി. തുടർന്ന് ഏദൻ അടുത്തടുത്ത പന്തുകളിൽ ക്യാപ്ടൻ ശുഭം ശർമ്മയേയും (10) ഹർപ്രീത് സിംഗ് ഭാട്യയേയും (0) പുറത്താക്കിയതോടെ ആതിഥേയർ 60/4 എന്ന നിലയിലായി. ചായയ്ക്ക് ശേഷം നിതീഷ് ഹിമാംശു മന്ത്രയേയും മടക്കി അയച്ചു. 101ൽ വച്ച് റിഷഭ് ചൗഹാനെ (21) ബാബ അപരാജിത്ത് അഹമ്മദ് ഇമ്രാന്റെ കയ്യിലെത്തിച്ചശേഷം ഒരുമിച്ച സാരാംശ് ജെയിനും (67), ആര്യൻ പാണ്ഡേ (36) എന്നിവരാണ് പ്രധാന സ്‌കോറർമാർ. കേരളത്തിനു വേണ്ടി ഏദൻ ആപ്പിൾ ടോം 4ഉം നിഥീഷ് 3ഉം അഭിജിത്ത് പ്രവീൺ, ശ്രീഹരി നായർ, ബാബ അപരാജിത് എന്നിവർ ഓരോ വിക്കറ്റും നേടി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് നേടിയിട്ടുണ്ട്. കേരളത്തിന് ഇപ്പോൾ ആകെ 111 റൺസ് ലീഡുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
