ചാമ്പ്യന്‍സ് ട്രോഫി സംഘാടനം പിഴച്ചു! പാക് ക്രിക്കറ്റ് ബോര്‍ഡിന് 869 കോടി രൂപ നഷ്ടം

MARCH 17, 2025, 4:59 AM

ഇസ്ലാമാബാദ്: വീഴ്ചകളില്‍ നിന്നും വീണ്ടും വീഴ്ചകളിലേക്കാണ് പാക് ക്രിക്കറ്റിന്റെ സഞ്ചാരം. ടീമിന്റെ മോശം പ്രകടനത്തിനൊപ്പം കനത്ത നഷ്ടവും പാക് ക്രിക്കറ്റ് ബോര്‍ഡിനെ തുറിച്ചു നോക്കുന്നു. കൂനിന്‍മേല്‍ കുരു എന്നപോലെ അടുത്തിടെ നടന്ന ചാംപ്യന്‍സ് ട്രോഫി സംഘാടനവും പിസിബിക്ക് വന്‍ നഷ്ടമായിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചതിലൂടെ പിസിബിക്ക് 85 മില്യണ്‍ യുഎസ് ഡോളര്‍ (869 കോടി രൂപ) നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.  

ലാഹോറില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ദുബായിലെത്തി ഇന്ത്യയോട് തോറ്റു. ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരം ഒരു പന്ത് പോലും എറിയാതെ മഴ മൂലം ഉപേക്ഷിച്ചു. ന്യൂസിലന്‍ഡിനോടും ഇന്ത്യയോടും തോറ്റതിനാല്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. അങ്ങനെ ആതിഥേയ രാഷ്ട്രത്തെ സംബന്ധിച്ച് ഒരു ഹോം മത്സരത്തോടെ പരമ്പര അവസാനിച്ചു.

എന്നാല്‍ വിപുലമായ ഒരുക്കങ്ങളാണ് പാകിസ്ഥാന്‍ നടത്തിയിരുന്നത്. മൂന്ന് ചാമ്പ്യന്‍സ് ട്രോഫി വേദികളായ റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി എന്നിവ നവീകരിക്കാന്‍ ഏകദേശം 18 ബില്യണ്‍ പാകിസ്ഥാന്‍ രൂപ (ഏകദേശം 58 മില്യണ്‍ ഡോളര്‍) ചെലവഴിച്ചു. നവീകരണ ചെലവ് പ്രതീക്ഷിച്ച ബജറ്റിനേക്കാള്‍ 50 ശതമാനം കൂടുതലായിരുന്നു. 

vachakam
vachakam
vachakam

പിന്നീട്, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ഇവന്റ് തയ്യാറെടുപ്പുകള്‍ക്കായി 40 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. പക്ഷേ ഹോസ്റ്റിംഗ് ഫീസായി പിസിബിക്ക് 6 മില്യണ്‍ യുഎസ് ഡോളര്‍ മാത്രമേ ലഭിച്ചുള്ളൂ എന്ന് പറയപ്പെടുന്നു. ടിക്കറ്റ് വില്‍പ്പനയുടെയും സ്‌പോണ്‍സര്‍ഷിപ്പുകളുടെയും കാര്യത്തില്‍, വരുമാനം തുച്ഛമായിരുന്നു.

ഇപ്രകാരം ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആതിഥേയത്വം വഹിച്ചതിലൂടെ പിസിബിക്ക് ഏകദേശം 85 മില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. പരാജയ ഭാരം നേരെ കളിക്കാരുടെ തോളിലേക്ക് ഇട്ടിരിക്കുകയാണ് ഇപ്പോള്‍ പിസിബി.

ദേശീയ ടി20 ചാമ്പ്യന്‍ഷിപ്പിനുള്ള മാച്ച് ഫീസ് 90 ശതമാനം കുറയ്ക്കാനും റിസര്‍വ് പ്ലേയര്‍മാരുടെ ഫീസ് 87.5 ശതമാനം കുറയ്ക്കാനും മാനേജ്മെന്റ് തീരുമാനിച്ചു. ഒരു ഔദ്യോഗിക പ്രഖ്യാപനവുമില്ലാതെ പിസിബി അടുത്തിടെ മാച്ച് ഫീസ് 40,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറച്ചിരുന്നെന്ന് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കളിക്കാര്‍ക്കുള്ള 5-സ്റ്റാര്‍ താമസസൗകര്യങ്ങള്‍ ഒഴിവാക്കി.  ഇക്കണോമി ഹോട്ടലുകളില്‍ താമസിക്കാനാണ് നിര്‍ദേശം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam