ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ടി20 ക്രിക്കറ്റിലെ ആദ്യ സെമിയിൽ ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനെ 94 റൺസിന് തകർത്ത് സച്ചിൻ ടെണ്ടുൽക്കർ നയിച്ച ഇന്ത്യൻ മാസ്റ്റേഴ്‌സ് ഫൈനലിൽ കടന്നു.
ശ്രീലങ്ക മാസ്റ്റേഴ്‌സ്-വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സ് മത്സര വിജയികളെ ഫൈനലിൽ ഇന്ത്യ നേരിടും.
ഓസ്‌ട്രേലിയക്ക് മുന്നിൽ 221 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം നീലപ്പട ഉയർത്തിയപ്പോൾ ഓസ്‌ട്രേലിയൻ ടീം 18.1 ഓവറിൽ 126 റൺസിന് എല്ലാവരും പുറത്തായി. സച്ചിൻ ടെണ്ടുൽക്കർ (42), യുവരാജ് സിങ് (56) എന്നിവർ ബാറ്റിങ്ങിലും നാല് വിക്കറ്റെടുത്ത ഷഹബാസ് നദീമും രണ്ട് വിക്കറ്റെടുത്ത വിനയ് കുമാറും ബൗളിങ്ങിലും ഇന്ത്യക്കായി തിളങ്ങി. 39 റൺസെടുത്ത ബെൻ കട്ടിങ്ങാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ മാസ്റ്റേഴ്‌സിന് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ (42), യുവരാജ് സിങ് (56), യൂസഫ് പത്താൻ (23), സ്റ്റ്യുവർട്ട് ബിന്നി (36) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നീലപ്പട 220 റൺസെടുത്തു. 30 പന്തിൽ നിന്ന് ഏഴ് മനോഹരമായ ബൗണ്ടറികൾ സഹിതമാണ് സച്ചിൻ 42 റൺസെടുത്തത്. ഹിൽഫെനോസിന്റെ പന്തിൽ വാട്‌സണ് ക്യാച്ച് സമ്മാനിച്ചാണ് സച്ചിൻ മടങ്ങിയത്.
മറുവശത്ത് യുവരാജ് സിങ് (30 പന്തിൽ നിന്ന് 59) വിന്റേജ് പ്രകടനങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിലാണ് കൂറ്റൻ സിക്‌സറുകളുമായി യുവരാജ് തകർത്തടിച്ചത്. 26 പന്തിൽ നിന്നാണ് യുവി ഫിഫ്റ്റി തികച്ചത്. ഓസീസ് ബൗളർമാരെ ഏഴ് സിക്‌സും ഒരു ഫോറും താരം പറത്തി. ഒരോവറിൽ മൂന്ന് സിക്‌സറുകളും താരം പറത്തിയിരുന്നു.
ഇവർ പുറത്തായ ശേഷം ക്രീസിലെത്തിയ സ്റ്റ്യുവർട്ട് ബിന്നിയും യൂസഫും കൂറ്റനടികളിലൂടെ അതിവേഗം ഇന്ത്യൻ സ്‌കോർ 200 കടത്തി. സേവിയർ ദോഹർത്തി രണ്ടും ഹിൽഫെനോസും സ്റ്റീവ് ഒകീഫും ഓരോ വീതവും വിക്കറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്