മുംബയ്: വനിതാ പ്രീമിയർ ലീഗ് കിരീടത്തിൽ വീണ്ടും മുംബൈയ് ഇന്ത്യൻസിന്. ഇന്നലെ മുബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം സീസണിലെ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 8 റൺസിന് കീഴടക്കിയാണ് മുംബൈ ഇന്ത്യൻസ് രണ്ടാം കിരീടം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബയ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു.
റുപടിക്കിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. മികച്ച ഓൾറൗണ്ട് പ്രകടനവുമായി നാറ്റ് സ്‌കൈവർ ബ്രന്റും പ്രതിസന്ധിഘട്ടത്തിൽ ക്രീസിലെത്തി ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറുമാണ് മുംബയ്‌യുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. അതേസമയം തകർപ്പൻ ഓൾറൗണ്ട് പ്രകടനം നടത്തിയ ഡൽഹിയുടെ മാരിസനെ കാപ്പിന് കണ്ണീരോടെ മടങ്ങേണ്ടി വന്നു. ഡബ്ല്യു.പി.എല്ലിന്റെ മൂന്ന് സീസണിലും ഫൈനലിൽ തോൽക്കാനായിരുന്നു ഡൽഹിയുടെ വിധി. മൂന്ന് സീസണിലും ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരും ഡൽഹി തന്നെയാണ്.
നേരത്തേ തുടക്കം പാളിയ മുംബയ്യെ ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറിന്റെ (44 പന്തിൽ 66) ബാറ്റിംഗാണ് 149 ൽ എത്തിച്ചത്. നാറ്റ് സ്‌കൈവർ ബ്രന്റും (30) മുംബയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കമാലിനി (10) അമൻജോത് കൗർ (പുറത്താകാതെ 14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. ഹെയ്ലി മാത്യൂസ് (3), യസ്തിക ഭാട്യ (8), അമേലിയ കർ (2), മലയാളി താരം സജന സജീവൻ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഡൽഹിക്കായി മരിസനെ കാപ്പ്, ചരിണി, ജെസ്സ് ജോനാസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഡൽഹിയുടെ മലയാളി താരം മിന്നു മണിക്ക് ബൗളിംഗിൽ തിളങ്ങാനായില്ലെങ്കിലും ഒരു ക്യാച്ചെടുത്ത് ഫീൽഡിംഗിൽ മിന്നി. ഡൽഹിക്കായി ബൗളിംഗ് ഓപ്പൺ ചെയ്ത കാപ്പും ശിഖയും പവർപ്ലേയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞു. റൺസ് കണ്ടെത്താൻ വിഷമിച്ച ഹെയ്ലിയേയും യസ്തികയേയും പുറത്താക്കി തുടക്കത്തിലേ കാപ്പ് ഡൽഹി ക്ക് ബ്രേക്ക് ത്രൂ നൽകി.
പവർ പ്ലേയിൽ 20/2 എന്ന നിലയിലായിരുന്നു മുംബയ്. വനിതാ പ്രീമിയർ ലീഗിൽ പവർപ്ലേയിൽ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടലാണിത്. മൂന്നാം വിക്കറ്റിൽ ഹർമ്മനും നാറ്റ് സ്‌കൈവറും ചേർന്ന് പടുത്തുയർത്തിയ 62 പന്തിൽ 89 റൺസിന്റെ കൂട്ടുകെട്ടാണ് മുംബയ് ഇന്നിംഗ്സിലെ നട്ടെല്ലായത്.
മറുപടിക്കിറങ്ങിയ ഡൽഹിയുടെ ക്യാപ്ടൻ മെഗ് ലാന്നിംഗ് (13), ഷഫാലി വെർമ (4), ജെസ് ജോനാസ്സൺ (13), അന്നബെൽ സതർലാൻഡ് (2), സാറ ബ്രൈസ് (5)എന്നിവരെല്ലാം നിരാശപ്പെടുത്തി. മാരിസന്നെ കാപ്പ് (26 പന്തിൽ 40), ജമീമ റോഡ്രഗസ് (30), നിക്കി പ്രസാദ് (പുറത്താകാതെ 25) എന്നിവർ മാത്രമാണ് പൊരുതി നോക്കിയുള്ളൂ. മുംബയ്ക്കായി നാറ്റ് സ്‌കൈവർ മൂന്നും അമേലിയ കെർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
വനിതാ പ്രീമിയർ ലീഗിലെ ഇതുവരെയുള്ള ചാമ്പ്യൻസ്
2023 മുംബയ്, 2024 ബംഗ്ലൂർ, 2025 മുംബയ്
2025 സീസൺ - ടോപ് സ്‌കോറർ - നാറ്റ് സ്‌കൈവർ ബ്രനറ് (മുംബയ്) 10ഇന്നിംഗ്‌സുകളിൽ നിന്ന് 523 റൺസ്.
കൂടുതൽ വിക്കറ്റ് അമേലിയ കെർ, ഹെയ്‌ലി മാത്യൂസ് (മുംബയ്) 18 വിക്കറ്റ് വീതം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്