മുംബയ്: വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മൂന്നാം സീസണിന്റെ ഫൈനലിൽ ഇന്ന് ഡൽഹി ക്യാപ്പിറ്റൽസും മുംബയ് ഇന്ത്യൻസും ഏറ്റുമുട്ടും. രാത്രി എട്ടുമണിക്ക് മുംബയ് ബ്രാബോൺ സ്റ്റേഡിയത്തിലാണ് കലാശക്കളി.
ഈ സീസണിലെ ലീഗ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിലേക്ക് എത്തിയ ടീമാണ് ഓസ്‌ട്രേലിയക്കാരി മെഗ് ലാനിംഗ് നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസ്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ മുംബയ് ഇന്ത്യൻസ് കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റർ മത്സരത്തിൽ 47 റൺസിന് ഗുജറാത്ത് ജയന്റ്‌സിനെ തോൽപ്പിച്ചാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
റൗണ്ട് റോബിൻ ലീഗിലെ എട്ടുമത്സരങ്ങളിൽ അഞ്ചുവീതം ജയവും മൂന്ന് വീതം തോൽവികളുമായി 10 പോയിന്റാണ് ഡൽഹിക്കും മുംബയ്ക്കും ഉണ്ടായിരുന്നത്. റൺറേറ്റിന്റെ മികവിലാണ് ഡൽഹി ഒന്നാം സ്ഥാനക്കാരായത്. ഈ സീസണിൽ രണ്ട് തവണ മുംബയ്‌യുമായി ഏറ്റുമുട്ടിയപ്പോഴും വിജയിച്ചത് ഡൽഹിയാണ്. ഫെബ്രുവരി 15ന് നടന്ന ആദ്യ മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ഡൽഹിയുടെ ജയം.ഫെബ്രുവരി 28ന് കീഴടക്കിയത് ഒൻപത് വിക്കറ്റിനാണ്.
ഹർമൻപ്രീത് കൗർ,ഹെയ്‌ലി മാത്യൂസ്,നാഷ്ഷിവർ ബ്രണ്ട്,യസ്തിക ഭാട്യ തുടങ്ങിയവരാണ് മുംബയ് ഇന്ത്യൻസിന്റെ മുൻനിര ബാറ്റിംഗിലുള്ളത്. നായിക മെഗ് ലാന്നിംഗ്,ഷെഫാലി വെർമ്മ,ജെമീമ റോഡ്രിഗസ്,ജെസ് ജൊനാസൻ എന്നിവരാണ് ഡൽഹിയുടെ ബാറ്റിംഗ് കരുത്ത്.
മുംബയ് നിരയിൽ ആൾറൗണ്ടേഴ്‌സായി അമേലി ഖെറും ഹെയ്‌ലി മാത്യൂസുമുണ്ട്. അന്നബെൽ സതർലാൻഡ്,ജൊനാസൻ എന്നിവരാണ് ഡൽഹിയുടെ ആൾറൗണ്ടേഴ്‌സ്.
ഷബ്‌നിം ഇസ്മയിൽ, നാറ്റ് ഷീവർ ബ്രണ്ട്,സൈക്ക ഇഷാഖ് തുടങ്ങിയവരിലാണ് മുംബയ്‌യുടെ ബൗളിംഗ് പ്രതീക്ഷകൾ. ഡൽഹിയുടെ ബൗളിംഗ് നിരയിൽ മരിസാന്നേ കാപ്പ്,ശിഖ പാണ്ഡെ,ടൈറ്റസ് സധു എന്നിവർ അണിനിരക്കും.
മുംബയ് നിരയിൽ മലയാളി താരം സജ്‌ന സജീവനുണ്ട്. ഡൽഹിക്കുവേണ്ടി മലയാളി താരം മിന്നുമണി ഇറങ്ങും.
2023ൽ ആദ്യ വനിതാ പ്രിമിയർ ലീഗിന്റെ ഫൈനലിൽ ഏറ്റുമുട്ടിയത് ഡൽഹിയും മുംബയ്‌യുമാണ്. അന്ന് ജയിച്ചത് മുംബയ്‌യാണ്. അതിന് പകരം വീട്ടാനുള്ള അവസരമാണ് ഡൽഹിക്കിത്.
2024 സീസണിലും ഫൈനലിൽ കളിച്ച ടീമാണ് ഡൽഹി. ആർ.സിബിയാണ് അന്ന് ഡൽഹിയെ കലാശക്കളിയിൽ തോൽപ്പിച്ചത്.
ഇതുവരെയുള്ള മൂന്നു സീസണിലും ഫൈനലിലെത്തിയ ഏക ടീമായ ഡൽഹി ഇക്കുറി ആദ്യ കിരീടം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
മത്സരം സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലും ലൈവ് രാത്രി 8 മണി മുതൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്