ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് ഒമ്പത് വിക്കറ്റിന്റെ കൂറ്റൻ ജയം. അഡ്‌ലെയ്ഡ് ഓവലിൽ ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 164 റൺസ് വിജയലക്ഷ്യം പാകിസ്ഥാൻ 26.3 ഓവറിൽ ഒരുവിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 71 പന്തിൽ 82 റൺസ് നേടിയ സെയിം അയൂബാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ എട്ട് ഓവറിൽ 29 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹാരിസ് റൗഫാണ് ഓസീസിനെ തകർത്തത്.
ഷഹീൻ അഫ്രീദിക്ക് മൂന്ന്് വിക്കറ്റുണ്ട്. 35 റൺസ് നേടിയ സ്റ്റീവൻ സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറർ. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുവരും ഒപ്പമെത്തി. മോഹിപ്പിക്കുന്ന തുടക്കമാണ് മറുപടി ബാറ്റിംഗിൽ പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ അയൂബ് അബ്ദുള്ള ഷെഫീഖ് (പുറത്താവാതെ 64) സഖ്യം 137 റൺസ് ചേർത്തു. അയൂബിനെ, ആഡം സാംപ മടക്കിയെങ്കിലും അപ്പോഴേക്കും പാകിസ്ഥാൻ വിജയമുറപ്പിച്ചിരുന്നു. ആറ് സിക്‌സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു അയൂബിന്റെ ഇന്നിംഗ്‌സ്.
പിന്നീട് ബാബർ അസമിനെ (പുറത്താവാതെ 15) കൂട്ടുപിടിച്ച് ഷെഫീഖ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു ഷെഫീഖിന്റെ ഇന്നിംഗ്‌സ്. അഡ്‌ലെയ്ഡിൽ ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്ടൻ മുഹമ്മദ് റിസ്വാൻ, ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്‌കോർ സൂചിപ്പിക്കും പോലെ തകർച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. സ്‌കോർബോർഡിൽ 21 റൺസ് മാത്രമുള്ളപ്പോൾ ജേക്ക് ഫ്രേസർമക്ഗുർകിന്റെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായി. അഫ്രീദിയുടെ പന്തിൽ വിക്കറ്റിൽ മുന്നിൽ കുടുങ്ങുകയായിരുന്നു താരം.
പിന്നാലെ സഹ ഓപ്പണർ മാത്യു ഷോർട്ടും മടങ്ങി. 19 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. സ്മിത്ത്-ജോഷ് ഇൻഗ്ലിസ് (18) സഖ്യം നേരിയ പ്രതീക്ഷ നൽകിയെങ്കിലും കാര്യമുണ്ടായില്ല. ഇൻഗ്ലിസിനെ ഹാരിസ് പുറത്താക്കി. മത്സരത്തിൽ താരത്തിന്റെ ആദ്യ വിക്കറ്റായിരുന്നു അത്. പിന്നീടെത്തിയവരെല്ലാം ഹാരിസിന്റെ പേസിന് മുന്നിൽ കീഴടങ്ങി. ഇതിനിടെ സ്മിത്തിനെ, മുഹമ്മദ് ഹസ്‌നൈൻ പുറത്താക്കി.
മർനസ് ലബുഷെയ്ൻ (6), ആരോൺ ഹാർഡി (14), ഗ്ലെൻ മാക്‌സ്‌വെൽ (16), പാറ്റ് കമ്മിൻസ് (13) എന്നിവരെയാണ് ഹാരിസ് മടക്കിയത്. വാലറ്റത്ത് ആഡം സാംപ (18) നടത്തിയ പോരാട്ടമാണ് സ്‌കോർ 150 കടത്തിയത്. മിച്ചൽ സ്റ്റാർക്കിനെ (1) നസീം ഷാ മടക്കി. ജോഷ് ഹേസൽവുഡ് (2) പുറത്താവാതെ നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്