രഞ്ജി ട്രോഫിയിൽ 6000 റൺസും 400 വിക്കറ്റുകളും കരസ്ഥമാക്കിയ കേരള ടീം അംഗം ജലജ് സക്സേനയെ കേരള ക്രിക്കറ്റ് അസോസിയേഷൻ ആദരിച്ചു. തിരുവനന്തപുരം ഹയാത് റീജൻസിയിൽ നടന്ന ചടങ്ങിൽ പത്ത് ലക്ഷം രൂപയും മൊമന്റോയും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജും സെക്രട്ടറി വിനോദ് എസ്. കുമാറും ചേർന്ന് ജലജിന് സമ്മാനിച്ചു. 2016-17 സീസൺ മുതൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അംഗമാവുകയും, കേരളത്തിനായി മികച്ച നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്ത താരമാണ് ജലജ് സക്സേന.
കേരള രഞ്ജി ടീം പരിശീലകൻ അമയ് ഖുറാസിയ, രഞ്ജി ടീം മാനേജർ നാസർ മച്ചാൻ, കേരള ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. രഞ്ജി ട്രോഫിയിൽ മാത്രമായി 13 സെഞ്ച്വറിയും 30 അർദ്ധ സെഞ്ച്വറിയും ജലജ് നേടിയിട്ടുണ്ട്. കൂടാതെ 30 തവണ അഞ്ച് വിക്കറ്റ് എന്ന നേട്ടവും സക്സേന സ്വന്തമാക്കിയിട്ടുണ്ട്. ബംഗാളുമായുള്ള കഴിഞ്ഞ മത്സരത്തിലും സക്സേന മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ജലജ് സക്സേനയും സൽമാൻ നിസാറും ചേർന്ന 140 റൺസിന്റെ കൂട്ടുകെട്ടാണ് തോൽവിയിൽ ഒതുങ്ങേണ്ടിയിരുന്ന കേരളത്തെ സമനിലയിൽ എത്തിച്ചത്.
മധ്യപ്രദേശ് ക്രിക്കറ്റിൽ 2005ലാണ് ജലജിന്റെ കരിയർ ആരംഭിക്കുന്നത്. രഞ്ജി ട്രോഫി ചരിത്രത്തിൽ 400 വിക്കറ്റ് തികയ്ക്കുന്ന 13-ാമത്തെ ബൗളറാണ് സക്സേന. രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരുടെ നിരയിൽ നിലവിൽ പത്താം സ്ഥാനത്താണ് ജലജ് സക്സേന. മുൻ ഇന്ത്യൻ ടീം സ്പിന്നർ ബിഷൻ സിംഗ് ബേദിയെ പിന്തള്ളിയാണ് ജലജ് പത്താം സ്ഥാനത്തേയ്ക്ക് ഉയർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്