പട്‌ന: ബിഹാറിലെ ദര്‍ഭംഗയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലില്‍ തൊട്ട് നമസ്‌കരിക്കാന്‍ ശ്രമിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, 73 കാരനായ നിതീഷ് കുമാര്‍, 74 കാരനായ പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക്, കൂപ്പുകൈകളോടെ നടക്കുന്നതും, പാദങ്ങളില്‍ തൊട്ട് വണങ്ങാന്‍ ശ്രമിക്കുന്നതും കാണാം. ഈ വര്‍ഷം ഇത്തരത്തില്‍ മൂന്നാമത്തെ തവണയാണ് നിതീഷ് മോദിയുടെ കാല്‍ തൊട്ട് വണങ്ങാന്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദി പെട്ടെന്ന് തന്നെ ഇടപെട്ട്് നിതീഷിനെ തടയുകയും കൈ പിടിച്ച് കുലുക്കുകയും ചെയ്യുന്നു.
എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ജൂണില്‍ നിതീഷ് കുമാര്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് മോദിയുടെ കാലില്‍ തൊടാന്‍ ശ്രമിച്ചിരുന്നു. അപ്പോഴും മോദി അദ്ദേഹത്തെ തടയുകയാണുണ്ടായത്. ഈ വര്‍ഷം ഏപ്രിലില്‍ നവാഡയില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പ്രധാനമന്ത്രി മോദിയുടെ പാദങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. മറ്റൊരു പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ ഹാരമണിയിക്കുമ്പോള്‍ നിതീഷ് കുമാറിനെ മോദി തന്റെ അരികിലേക്ക് വലിച്ചു ചേര്‍ത്ത് നിര്‍ത്തുന്ന വീഡിയോ മുമ്പ് വൈറലായിരുന്നു.
നിതീഷ് കുമാറിന്റെ ജെഡിയു ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപിയുടെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായി മാറിയശേഷം നിരുപാധിക പിന്തുണയാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത്. ഈ വര്‍ഷം തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിതീഷ് ബിജെപിയെ സഹായിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്