പാലക്കാട്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തത്തമംഗലം ചെന്താമര നഗര്‍ ജി.ബി.യു.പി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്ത് നക്ഷത്രവും കിസ്മസ് ട്രീയും വലിച്ചെറിഞ്ഞ് അക്രമം നടത്തിയ സംഭവം ബി.ജെ.പി നടത്തുന്ന ക്രിസ്മസ് നയതന്ത്രത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
ക്രിസ്തുമത വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി നടത്തുന്ന ക്രിസ്മസ് നയതന്ത്രത്തിന് മങ്ങലേല്‍പ്പിച്ച് പാലക്കാട്ടെ അക്രമങ്ങള്‍. കേക്കും ആശംസയുമായി ബി.ജെ.പി നേതാക്കള്‍ ബിഷപ് ഹൗസുകളിലും ക്രൈസ്തവ വീടുകളിലുമെത്തുന്ന 'സ്നേഹസന്ദേശയാത്ര' തുടങ്ങും മുമ്പാണ് പാലക്കാട് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച തിങ്കളാഴ്ച, അക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് തലയൂരാനുള്ള തത്രപ്പാടിലായിരുന്നു ബി.ജെ.പി കേരളനേതൃത്വം.
നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെയും കുട്ടികളെയും സംഘപരിവാര്‍ സംഘടനകളിലുള്ളവര്‍ ഭീഷണിപ്പെടുത്തുകയും പിന്നാലെ തത്തമംഗലം ജി.ബി.യു.പി.എസില്‍ പുല്‍ക്കൂടുതകര്‍ത്തതും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. പാര്‍ട്ടിവിട്ടവര്‍ അടക്കമുള്ളവരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിക്കുമ്പോഴും നല്ലേപ്പിള്ളി സ്‌കൂളിലെ ഭീഷണിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ വി.എച്ച്.പിയുടെയും ബജ്രംഗ്ദളിന്റെയും നേതാക്കളാണെന്നത് ബി.ജെ.പിയെ കുഴക്കുന്നു.
തിങ്കളാഴ്ച, ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്ലേപ്പിള്ളിയിലേക്ക് സൗഹൃദകാരോള്‍ നടത്തിയും മധുരം നല്‍കിയും പ്രതിഷേധിച്ചിരുന്നു. ക്രിസ്മസ് ആഘോഷം തടഞ്ഞത് വര്‍ഗീയ സമീപനമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. നല്ലേപ്പിള്ളി സ്‌കൂളില്‍ കണ്ടത് ആട്ടിന്‍തോലിട്ട ചെന്നായ്‌ക്കെളെപ്പോലെ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്ന ബി.ജെ.പിയുടെ യഥാര്‍ഥമുഖമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്