ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ അദ്ദേഹത്തിന്റെ സ്മാരകത്തിനായി നിശ്ചയിച്ച സ്ഥലത്തിന് പകരം നിഗം ബോധ് ഘട്ടില്‍ സംസ്‌കരിച്ചതിലൂടെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ അപമാനിച്ചെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ പരമോന്നത ബഹുമതികളും ഒരു സ്മാരകവും സിംഗ് അര്‍ഹിക്കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
'ഇന്ന് നിഗം ബോധ് ഘട്ടില്‍ അന്ത്യകര്‍മങ്ങള്‍ നടത്തിയതിലൂടെ ഭാരതമാതാവിന്റെ മഹാനായ പുത്രനും സിഖ് സമുദായത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിംഗ് ജിയെ ഇന്നത്തെ സര്‍ക്കാര്‍ അപമാനിച്ചിരിക്കുന്നു,' രാഹുല്‍ എക്സില്‍ എഴുതി.
ഒരു ദശാബ്ദക്കാലം മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെന്നും അദ്ദേഹത്തിന്റെ കീഴില്‍ രാജ്യം സാമ്പത്തിക വന്‍ശക്തിയായി മാറിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഇന്നുവരെ, എല്ലാ മുന്‍ പ്രധാനമന്ത്രിമാരുടെയും അന്തസ് മാനിച്ച്, അവരുടെ അന്ത്യകര്‍മ്മങ്ങള്‍ അംഗീകൃത സമാധി സ്ഥലങ്ങളില്‍ നടത്തിയിരുന്നു, ഓരോ വ്യക്തിക്കും അസൗകര്യങ്ങളില്ലാതെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയുമായിരുന്നു,' അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവിനോട് സര്‍ക്കാര്‍ ബഹുമാനം കാണിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഡോ. മന്‍മോഹന്‍ സിംഗ് നമ്മുടെ ഏറ്റവും വലിയ ആദരവും സമാധി സ്ഥലവും അര്‍ഹിക്കുന്നു. രാജ്യത്തിന്റെ ഈ മഹാനായ മകനോടും അദ്ദേഹത്തിന്റെ അഭിമാന സമൂഹത്തോടും സര്‍ക്കാര്‍ ആദരവ് കാണിക്കണമായിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്‍മോഹന്‍ സിംഗിന്റെ ശവസംസ്‌കാരം അദ്ദേഹത്തിന്റെ സ്മാരകം നിര്‍മിക്കുന്ന സ്ഥലത്ത് നടത്തണമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്മാരകത്തിനുള്ള സ്ഥലം പിന്നീടാവും അനുവദിക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോണ്‍ഗ്രസിനെ അറിയിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്