വിരമിച്ച ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് ടി20 ടൂർണമെന്റിന് ആവേശ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ പാകിസ്ഥാൻ ചാമ്പ്യൻസ് അഞ്ച് റൺസിന് തോൽപ്പിച്ചു. ആവസാന പന്തുവരെ നീണ്ട ആവേശപ്പോരിലാണ് പാകിസ്ഥാന്റെ ജയം. 161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
സൊഹൈൽ ഖാൻ എറിഞ്ഞ അവസാന ഓവറിൽ ഇംഗ്ലണ്ട് ചാമ്പ്യൻസിന് ജയിക്കാൻ 16 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഇയാൻ ബെൽ ബൗണ്ടറി നേടി. രണ്ടാം പന്ത് വൈഡായി. ഇതോടെ ലക്ഷ്യം അഞ്ച് പന്തിൽ 11 റൺസായി. എന്നാൽ അടുത്ത അഞ്ച് പന്തുകളിൽ ഒറ്റ ബൗണ്ടറി പോലും നേടാനാവാതിരുന്ന ഇയാൻ ബെല്ലിനും ഓയിൻ മോർഗനും അഞ്ച് സിംഗിളുകൾ മാത്രമെ ഓടിയെടുക്കാനായുള്ളു.
എഡ്ജ്ബാസ്റ്റണിൽ നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി 34 പന്തിൽ 54 റൺസെടുത്ത ക്യാപ്ടൻ മുഹമ്മദ് ഹഫീസാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഷൊയ്ബ് മാലിക്(1) നിരാശപ്പെടുത്തിയപ്പോൾ വാലറ്റത്ത് തകർത്തടിച്ച അമീർ യമീനും(13 പന്തിൽ 27) സൊഹൈൽ തൻവീറും(11 പന്തിൽ 17) ചേർന്നാണ് പാകിസ്ഥാനെ 150 കടത്തിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിനായി ഫിൽ മസ്റ്റാർഡും ഇയാൻ ബെല്ലും അർധ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.
അലിസ്റ്റർ കുക്കും(7) ജെയിംസ് വിൻസും(7) നിരാശപ്പെടുത്തിയപ്പോൾ ക്യാപ്ടൻ ഓയിൻ മോർഗൻ 12 പന്തിൽ 16 റൺസെടുത്ത് ഇയാൻ ബെല്ലിനൊപ്പം പുറത്താകാതെ നിന്നു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് ദക്ഷിണാഫ്രിക്കയെയും, ഇംഗ്ലണ്ട് ഓസ്‌ട്രേലിയെയും നേരിടും. നാളെ രാത്രി 9 മണിക്കാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ പോരാട്ടം. യുവരാജ് സിംഗാണ് ഇന്ത്യ ചാമ്പ്യൻസിനെ നയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്