അബുദാബി: ഏഷ്യാകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യയെ വിരട്ടിയശേഷം 21 റൺസിന് തോറ്റ് ഒമാൻ. മലയാളിതാരം സഞ്ജു സാംസൺ (56) അർദ്ധ സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 188/8 എന്ന സ്‌കോർ ഉയർത്തി.
മറുപടിക്കിറങ്ങിയ ഒമാൻ 167/4 എന്ന സ്‌കോർ വരെയെത്തിയാണ് ഇന്ത്യയെ ഞെട്ടിച്ചത്. അർദ്ധസെഞ്ച്വറികൾ നേടിയ ആമിർ കലീമും (64) ഹമ്മാദ് മിർസയുമാണ് (51) ഒമാനുവേണ്ടി പൊരുതിയത്.
നേരത്തേ 45 പന്തുകളിൽ മൂന്നുവീതം ഫോറും സിക്‌സും പറത്തി മൂന്നാം അന്താരാഷ്ട്ര ടി20 സെഞ്ച്വറി നേടിയ സഞ്ജുവാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത് . ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ജസ്പ്രീത് ബുംറയ്ക്കും വരുൺ ചക്രവർത്തിക്കും വിശ്രമം നൽകി ഇന്ത്യ അർഷ്ദീപ് സിംഗിനെയും ഹർഷിത് റാണയേയും കളിക്കാനിറക്കി. എട്ടുപന്തുകളിൽ അഞ്ച് റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെ 1.3-ാം ഓവറിൽ നഷ്ടമായതിനെത്തുടർന്ന് ഫസ്റ്റ് ഡൗണായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു സാംസൺ കളത്തിലിറങ്ങി.
തുടക്കത്തിൽ ഒമാൻ ബൗളിംഗിനെ നേരിടാൻ അൽപ്പം ബുദ്ധിമുട്ടിയെങ്കിലും പതിയെ താളം കണ്ടെത്തിയ സഞ്ജു മികച്ച ഷോട്ടുകൾ പായിച്ചുതുടങ്ങി. എട്ടാം ഓവറിൽ അഭിഷേക് ശർമ്മ (15 പന്തുകളിൽ 38 റൺസ് ) പുറത്താകുമ്പോൾ ഇന്ത്യ 72 റൺസിലെത്തിയിരുന്നു.
പകരമിറങ്ങിയ ഹാർദിക് പാണ്ഡ്യ(1) റൺഔട്ടായശേഷമെത്തിയ അക്ഷർ പട്ടേലുമൊത്ത് സഞ്ജു 118ലെത്തിച്ചു. അക്ഷറും ശിവം ദുബെയും (5) മടങ്ങിയശേഷം സഞ്ജുവും തിലക് വർമ്മയും(29) ചേർന്ന് അടിച്ചുകസറി. 18ാം ഓവറിൽ ടീമിനെ 171ലെത്തിച്ച ശേഷമാണ് സഞ്ജു പുറത്തായത്.
കളി ഇനി സൂപ്പർ ഫോറാകും
ദുബായ് : പ്രാഥമിക റൗണ്ട് മത്സരങ്ങൾ പിന്നിട്ട് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സൂപ്പർ ഫോർ ഘട്ടത്തിലേക്ക് കടക്കുന്നു. രണ്ട് ഗ്രൂപ്പുകളായി എട്ടുടീമുകൾ മത്സരിച്ച പ്രാഥമിക ഘട്ടത്തിൽ നിന്ന് കൂടുതൽ പോയിന്റ് നേടിയ നാലുടീമുകളാണ് സൂപ്പർ ഫോറിൽ മത്സരിക്കുന്നത്. എ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനുമാണ് സൂപ്പർ ഫോറിലെത്തിയത്.
ബി ഗ്രൂപ്പിൽ നിന്ന് ബംഗ്‌ളാദേശും ശ്രീലങ്കയുമെത്തി. സൂപ്പർ ഫോർ റൗണ്ടിൽ ഓരോ ടീമും പരസ്പരം ഏറ്റുമുട്ടും. ഒരു ടീമിന് മൂന്ന് മത്സരങ്ങൾ. കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിലെത്തും. 28നാണ് ഫൈനൽ. ഇന്ന് ബംഗ്‌ളാദേശും ശ്രീലങ്കയും തമ്മിലാണ് ആദ്യ സൂപ്പർ ഫോർ മത്സരം.
സൂപ്പർ ഫോർ ഫിക്‌സ്ചർ
ഇന്ന് - ബംഗ്‌ളാദേശ് Vs ശ്രീലങ്ക
സെപ്തംബർ 21 - ഇന്ത്യ Vs പാകിസ്ഥാൻ
സെപ്തംബർ 23 - പാകിസ്ഥാൻ Vs ശ്രീലങ്ക
സെപ്തംബർ 24 - ഇന്ത്യ Vs ബംഗ്‌ളാദേശ്
സെപ്തംബർ 25 - ബംഗ്‌ളാദേശ് Vs പാകിസ്ഥാൻ
സെപ്തംബർ 26 - ഇന്ത്യ Vs ശ്രീലങ്ക
സെപ്തംബർ 28 - ഫൈനൽ
എല്ലാ മത്സരങ്ങളും രാത്രി 8 മണിമുതൽ
സോണി ടെൻ സപോർട്‌സിലും സോണി ലിവിലും ലൈവ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
