യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. അലക്‌സിസ് മാക് അലിസ്റ്ററും കോഡി ഗാക്‌പോയും ലിവർപൂളിനായി ഗോളുകൾ നേടി.
സൂപ്പർ താരം കിലിയൻ എംബാപ്പെ പെനാൽറ്റി നഷ്ടപ്പെടുത്തുന്ന കാഴ്ചയ്ക്കും ആരാധകർ സാക്ഷിയായി. ലിവർപൂളിന് അനുകൂലമായി ലഭിച്ച പെനാൽറ്റി മുഹമ്മദ് സലായും നഷ്ടപ്പെടുത്തി.
നിലവിലെ ചാമ്പ്യൻമാരായ റയൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഗോൾകീപ്പർ തിബോ കോർട്ടോയുടെ സേവുകളാണ് വലിയ നാണക്കേടിൽ വീഴാതെ റയലിനെ രക്ഷിച്ചത്. ആദ്യ പകുതിയിൽ കോർട്ടോ തടസം സൃഷ്ടിച്ചതോടെ ലിവർപൂളിന്റെ അവസരങ്ങൾ ഗോളിലേക്കെത്തിയില്ല.
എന്നാൽ രണ്ടാം പകുതിയിൽ ലിവർപൂൾ ലീഡെടുത്തു. 52-ാം മിനിറ്റിൽ ബ്രാഡ്‌ലിയുടെ പാസിൽ നിന്ന് മാക് അലിസ്റ്റർ ലിവർപൂളിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ ഒപ്പമെത്താനുള്ള അവസരം എംബാപ്പെ കളഞ്ഞുകുളിച്ചു. 59-ാം മിനിറ്റിൽ ആൻഡ്രു റോബർട്‌സൺ, വാസ്‌കസിനെ ഫൗൾ ചെയ്തതിന് റയലിന് അനുകൂലമായി പെനാൽറ്റി വന്നു. എന്നാൽ എംബാപ്പെയുടെ ഷോട്ട് ഗോൾകീപ്പർ കെല്ലഹർ തടുത്തിട്ടു.
70-ാം മിനിറ്റിൽ ലീഡ് ഉയർത്താനുള്ള അവസരം ലിവർപൂളും പാഴാക്കി. പെനാൽറ്റി എടുത്ത സലാ പന്ത് പുറത്തേക്കടിച്ചു കളഞ്ഞു. ആറ് മിനിറ്റുകൾക്കുശേഷം ലിവർപൂൾ രണ്ടാം ഗോൾ കണ്ടെത്തി. ആൻഡ്രു റോബർട്‌സൺന്റെ അസിസ്റ്റിൽ കോഡി ഗാക്‌പോ ഗോൾ നേടി.
ഇതുവരെ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ച ലിവർപൂൾ ഒന്നാം സ്ഥാനത്താണ്. 15 പോയിന്റാണ് ലിവർപൂളിനുള്ളത്. അഞ്ചിൽ മൂന്ന് മത്സരങ്ങളും തോറ്റ റയൽ ആറ് പോയിന്റുമായി 24-ാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്