ബ്യൂണസ് അയേഴ്‌സ്: മരണ സമയത്ത് അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ഹൃദയത്തിന് അസാധാരണമാം വിധം വലിപ്പമുണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ കോടതിയെ അറിയിച്ചു. അദ്ദേഹത്തിന് ലിവര്‍ സിറോസിസ് ബാധിച്ചിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധന്‍ അലക്‌സാന്‍ഡ്രോ എസക്വെല്‍ അതിവേഗ കോടതിയെ അറിയിച്ചു. എന്നാല്‍ മരണസമയത്ത് ശരീരത്തില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ അംശം കണ്ടെത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ അസ്വാഭാവിക മരണത്തില്‍ ചികില്‍സിച്ചിരുന്ന വൈദ്യസംഘത്തിന് ഗുരുതരമായ പിഴവ് പറ്റിയെന്നും അനാസ്ഥ ഉണ്ടായെന്നുമുള്ള കേസാണ് കോടതി പരിഗണിക്കുന്നത്.
മറഡോണയുടെ ഹൃദയത്തിന് ഏകദേശം 503 ഗ്രാം ഭാരമുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരാശരി മനുഷ്യന്റെ ഹൃദയത്തിന്റെ തൂക്കം 250 മുതല്‍ 300 ഗ്രാം വരെയാണ്. മറഡോണയുടെ ഹൃദയം പരിശോധിച്ചപ്പോള്‍ രക്തപ്രവാഹത്തിന്റെയും ഓക്‌സിജന്റെയും അഭാവം മൂലമുള്ള ഇസ്‌കെമിയ ബാധിച്ചതായി കണ്ടെത്തിയതായി ഫോറന്‍സിക് വിദഗ്ധന്‍ വിശദീകരിച്ചു.
തലയോട്ടിക്കും തലച്ചോറിനും ഇടയില്‍ ഉണ്ടായ ഹെമറ്റോമയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ബ്യൂണസ് ഐറിസിലെ ഒരു വസതിയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2020 നവംബര്‍ 25 ന് 60 ാം വയസ്സിലാണ് മറഡോണ അന്തരിച്ചത്. ഹൃദയസ്തംഭനം മൂലമുണ്ടായ അക്യൂട്ട് പള്‍മണറി എഡിമ (ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന രോഗാവസ്ഥ) മൂലമാണ് മറഡോണ മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനം.
മരണത്തിന് 12 മണിക്കൂര്‍ മുന്നേ മറഡോണ കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവിച്ചെന്ന് എസക്വെല്‍ പറയുന്നു. ദിവസങ്ങള്‍ക്കു മുമ്പേ തന്നെ ഡോക്ടര്‍മാര്‍ക്ക് അദ്ദേഹത്തിന്റെ അസുഖം തിരിച്ചറിഞ്ഞ് ചികില്‍സ നല്‍കാനാവുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറഡോണയുടെ മരണം കുറ്റകരമായ മെഡിക്കല്‍ അനാസ്ഥ മൂലമാണെന്ന ആരോപണം നേരിടുന്നത് അദ്ദേഹത്തിന്റെ സ്വകാര്യ ഫിസിഷ്യനായ ലിയോപോള്‍ഡോ ലൂക്കടക്കം ഏഴ് പേരാണ്. ഒരു ന്യൂറോ സര്‍ജന്‍, ഒരു സൈക്യാട്രിസ്റ്റ്, ഒരു സൈക്കോളജിസ്റ്റ്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. മതിയായ പരിചരണം നല്‍കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്നും അത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചിരിക്കാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്