വാഷിംഗ്ടണ്‍: ചൈനീസ് പൗരന്മാരുമായി പ്രണയ ബന്ധങ്ങളും ലൈംഗിക ബന്ധങ്ങളും പാടില്ലെന്ന് ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ട്രംപ് ഭരണകൂടം. നയതന്ത്രജ്ഞര്‍, കുടുംബാംഗങ്ങള്‍, സുരക്ഷാ അനുമതികളുള്ള കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ക്ക് ബാധകമായ ഈ നിര്‍ദ്ദേശം, ചൈനയിലെ യുഎസ് അംബാസഡര്‍ നിക്കോളാസ് ബേണ്‍സാണ് നല്‍കിയത്. പദവിയില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുന്‍പാണ് അദ്ദേഹം ഈ നിര്‍ദേശം നല്‍കിയത്.
ബെയ്ജിംഗിലെ എംബസി, ഗ്വാങ്ഷൂ, ഷാങ്ഹായ്, ഷെന്‍യാങ്, വുഹാന്‍, ഹോങ്കോംഗ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകള്‍ എന്നിവയുള്‍പ്പെടെ ചൈനയിലെ പ്രധാന ഭൂപ്രദേശങ്ങളിലെ യുഎസ് ദൗത്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ നിരോധനം ബാധകമാണ്. സെന്‍സിറ്റീവ് വിവരങ്ങളിലേക്ക് ആക്സസ് ഉള്ള കുടുംബാംഗങ്ങള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും വിലക്ക് ബാധകമാണ്.
പുതിയ നിര്‍ദ്ദേശം ചൈനയ്ക്ക് പുറത്ത് മറ്റു രാജ്യങ്ങളില്‍ ഉള്ള യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ബാധകമല്ല. കൂടാതെ ചൈനീസ് പൗരന്മാരുമായി മുന്‍കാല ബന്ധമുള്ളവര്‍ക്ക് ഇതില്‍ ഒരു ഇളവിന് അപേക്ഷിക്കാം. എന്നിരുന്നാലും അനുമതി ലഭിച്ചില്ലെങ്കില്‍ ചൈനക്കാരുമായുള്ള ബന്ധം അവസാനിപ്പിക്കാനോ യുഎസ് സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാനം ഉപേക്ഷിക്കാനോ അവര്‍ നിര്‍ബന്ധിതരാവും.
ജനുവരിയില്‍ യുഎസ് ഉദ്യോഗസ്ഥരെ ആഭ്യന്തരമായി അറിയിച്ച ഈ നയം, അമേരിക്കയും ചൈനയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കം ചൂണ്ടിക്കാട്ടന്നതാണ്. വ്യാപാരം, സാങ്കേതികവിദ്യ, ആഗോള സ്വാധീനം എന്നിവയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയിലാണ് നിര്‍ദേശം വരുന്നത്.
സോവിയറ്റ് നിയന്ത്രിത പ്രദേശങ്ങളിലും ചൈനയിലും യുഎസ് ഉദ്യോഗസ്ഥര്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ശീതയുദ്ധ കാലഘട്ടത്തിലേക്ക് തിരികെ പോകുന്ന ഒരു പ്രധാന മാറ്റമായാണ് പുതിയ നിരോധനം വിലയിരുത്തപ്പെടുന്നത്. ആ സമയങ്ങളില്‍, ചാരവൃത്തിയും വ്യക്തിപരമായ ബന്ധങ്ങളിലൂടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ശേഖരിക്കുന്നതും തടയാന്‍ യുഎസ് സര്‍ക്കാര്‍ നയതന്ത്രജ്ഞര്‍ക്ക് മേല്‍ കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനുശേഷം ഈ നയത്തില്‍ ഇളവ് വരുത്തി. എന്നാല്‍ സമീപകാല നീക്കം സൂചിപ്പിക്കുന്നത് ചൈനീസ് അധികാരികള്‍ ചാരവൃത്തിയും രഹസ്യാന്വേഷണ ശേഖരണവും നടത്താനുള്ള സാധ്യത സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ വിശ്വസിക്കുന്നുണ്ടെന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്