ന്യൂയോര്‍ക്ക് അമേരിക്കയുടെ പകരച്ചുങ്കം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ആഗോള വിപണിയെ പിടിച്ചുലയ്ക്കാന്‍പോന്ന പ്രഖ്യാപനത്തെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. തീരുമാനം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ഏപ്രില്‍ രണ്ട് 'വിമോചനദിന'മായിരിക്കുമെന്നമായിരുന്നു ട്രംപിന്റെ അവകാശവാദം.
ഇറക്കുമതിചെയ്യുന്ന മൂന്നുലക്ഷം കോടി ഡോളറിന്റെ ഉത്പന്നങ്ങളില്‍ ഭൂരിഭാഗത്തിനും 20 ശതമാനം തീരുവയാകും ട്രംപ് ചുമത്തുകയെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ്ഹൗസിന്റെ കരടുരേഖ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടാണിത്. എന്നാല്‍, നൂറുശതമാനത്തിലധികം തീരുവയുള്ള ഉത്പന്നങ്ങള്‍ക്കും 20 ശതമാനംതന്നെയാകുമോ പകരച്ചുങ്കമെന്ന കാര്യം വ്യക്തമല്ല.
അതേസമയം, തീരുവക്കാര്യത്തില്‍ താന്‍ ദയാലുവായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യുഎസിനെ എല്ലാരാജ്യങ്ങളും കാലങ്ങളായി ചതിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അധികാരത്തിലേറിയതിനുപിന്നാലെ കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്തി ട്രംപ് വ്യാപാരയുദ്ധത്തിന് തുടക്കമിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി.
യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ ഇന്ത്യ ഗണ്യമായി കുറയ്ക്കാന്‍ പോകുന്നെന്നാണ് താന്‍ അറിഞ്ഞതെന്നും ട്രംപ് പറഞ്ഞിരുന്നു. അവര്‍ എന്തുകൊണ്ട് ഇത് നേരത്തേ ചെയ്തില്ലെന്നും ട്രംപ് ചോദിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന തീരുവ ചുമത്തുന്നത് അവിടങ്ങളിലേക്കുള്ള യുഎസിന്റെ കയറ്റുമതി അസാധ്യമാക്കിയെന്ന് വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിന്‍ ലീവിറ്റ് കുറ്റപ്പെടുത്തിയിരുന്നു.
'യുഎസില്‍നിന്നുള്ള പാലുത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 50 ശതമാനം തീരുവ ചുമത്തുന്നു. ജപ്പാന്‍ അമേരിക്കന്‍ അരിക്ക് ചുമത്തുന്നത് 700 ശതമാനമാണ്. ഇന്ത്യയാകട്ടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് 100 ശതമാനവും കാനഡ വെണ്ണയ്ക്കും ചീസിനും 300 ശതമാനവും തീരുവ ചുമത്തുന്നു. ചരിത്രപരമായ മാറ്റം കൊണ്ടുവരാന്‍, അമേരിക്കന്‍ ജനതയ്ക്കായി ശരിയായതു ചെയ്യാന്‍ പ്രസിഡന്റ് ട്രംപിനുള്ള അവസരമാണിത്', ലീവിറ്റ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്