പോഷ് നിയമത്തിൽ അവബോധം ശക്തമാക്കാൻ സിനിമാ മേഖലയിൽ പരിശീലന പരിപാടി

APRIL 3, 2025, 6:33 AM

തിരുവനന്തപുരം: ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്.

ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതൽ സ്ത്രീകൾ എത്തണം. പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റേയും വെളിച്ചത്തിൽ ഒരു സിനിമ രൂപപ്പെടുമ്പോൾ ഈ മേഖലയിൽ പ്രവർത്തിയെടുക്കുന്ന എല്ലാവർക്കും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് കണക്കിലെടുത്തു കൊണ്ടാണ് സിനിമാ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ചലച്ചിത്ര മേഖലയിൽ ഏറ്റവും സുപ്രധാന ഇടപെടലിനാണ് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഇടയിൽ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെൻഡർ പാർക്കിന്റെ സഹായത്തോടുകൂടി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വാക്കുകൊണ്ടോ നോട്ടം കൊണ്ടോ പ്രവർത്തി കൊണ്ടോ സ്ത്രീകളോട് അതിക്രമം പാടില്ല. വിവിധ തൊഴിലിടങ്ങളിൽ ധാരാളം സ്ത്രീകളെ കാണാം. കണക്കുകൾ പരിശോധിച്ചാൽ സംഘടിത മേഖലയിൽ പ്രത്യേകിച്ചും സർക്കാർ മേഖലയിൽ ഏറ്റവും അധികം സ്ത്രീകളാണ്. സെക്രട്ടറിയേറ്റിൽ 65 മുതൽ 70 ശതമാനത്തോളം സ്ത്രീകളാണ്. ആരോഗ്യ മേഖലയിലും ഏറ്റവുമധികം ജോലി ചെയ്യുന്നത് സ്ത്രീകളാണ്. വിദ്യാഭ്യാസ മേഖലയിൽ ആർട്‌സ് ആന്റ് സയൻസ് കോളേജിലും പ്രൊഫഷണൽ കോളേജുകൾ എടുത്തു നോക്കിയാലും 60% മുതൽ 70% വരെ പെൺകുട്ടികളാണ് എന്നതാണ് യാഥാർത്ഥ്യം.

vachakam
vachakam
vachakam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ സർക്കാർ വലിയ പ്രധാന്യമാണ് നൽകുന്നത്. 2023 ജനുവരിയിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോർട്ടൽ ആരംഭിച്ചു. ആ ഘട്ടത്തിൽ നാമമാത്രമായ വകുപ്പുകളിലും ആയിരത്തോളം സ്ഥാപനങ്ങളിലും മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണൽ കമ്മിറ്റികൾ ഉണ്ടായിരുന്നത്. എന്നാൽ പരമാവധി സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് 2024 ഓഗസ്റ്റിൽ വകുപ്പ് ജില്ലാ അടിസ്ഥാനത്തിൽ ക്യാമ്പയിൻ ആരംഭിച്ചു. പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സർക്കാർ വകുപ്പുകളിലെ പത്തിൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കാൽ ലക്ഷത്തിലധികം സ്ഥാപനങ്ങളെ രജിസ്ട്രേഷൻ ചെയ്യിപ്പിക്കാനുമായി. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളേയും രജിസ്റ്റർ ചെയ്യിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് പുറമേയാണ് ചലച്ചിത്രം മേഖലയിൽ കൂടി ഇത് നടപ്പിലാക്കുന്നന്നത്.

പോഷ് ആക്ട് പ്രകാരം നിലവിലുള്ള വ്യവസ്ഥകൾക്കനുസരിച്ച് നടപ്പിലാക്കുന്നതിന് വേണ്ടിയിട്ടുള്ള മോഡ്യൂൾ പരിശീലനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. നിർമ്മാതാവ് തൊഴിൽ ദാതാവാണ്. അപ്പോൾ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കേണ്ടതും സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടതും നിർമ്മാതാവിന്റെ ഉത്തരവാദിത്തമാണ്. വിവിധ സംഘടനകളുടെ പ്രാതിനിധ്യം തെളിയിക്കുന്നത് നല്ല രീതിയിൽ ചലച്ചിത്ര മേഖല ഇത് സ്വീകരിക്കുന്നുണ്ട് എന്നുള്ളതാണ്. മലയാള സിനിമാ മേഖല സ്ത്രീ സൗഹൃദമാക്കുന്നതിന് ഏറ്റവും ഫലപ്രദമായിട്ടുള്ള പരിശീലന പരിപാടിയായിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് സ്വാഗതവും ഡയറക്ടർ ഹരിത വി കുമാർ നന്ദിയും പറഞ്ഞു. വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള വിഷയാവതരണം നടത്തി. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, ലേബർ കമ്മീഷണർ സഫ്‌ന നാസറുദീൻ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, റിസോഴ്‌സ് പേഴ്‌സൺ അഡ്വ. പാർവതി മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സിനിമാ രംഗത്തെ 60 ഓളം പേർ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam