വാഷിംഗ്ടണ്‍: അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റിലും അതിനെതുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏഴു പേര്‍ മരിച്ചു. ഏഴ് സംസ്ഥാനങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലും മിസോറിയിലും ഇന്ത്യാനയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ടെന്നസിയില്‍ അഞ്ച് മരണങ്ങളും മിസോറിയിലെ കേപ്പ് ഗിരാര്‍ഡ്യൂ കൗണ്ടിയിലും ഇന്ത്യാനയിലും ഓരോ മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ 30-ലധികം ചുഴലിക്കാറ്റുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടങ്ങള്‍ തകര്‍ന്നതായും നിരവധി വാഹനങ്ങള്‍ മറിഞ്ഞു വീണതായും മരങ്ങള്‍ കടപുഴകിയതായും വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 200,000ത്തിലധികം വീടുകളിലേക്കുള്ള വൈദ്യുതി വിതരണവും നിലച്ചു. തെരുവുകള്‍ വെള്ളത്തില്‍ മുങ്ങി. ടെക്സസ് മുതല്‍ ടെന്നസി വരെയുള്ള ഏഴ് സംസ്ഥാനങ്ങളിലായി നാല് ദശലക്ഷം ആളുകള്‍ക്കാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മിസിസിപ്പിയില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അറുപതിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി സംസ്ഥാന അടിയന്തര മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. മിസിസിപ്പിയിലെ ടെയ്റ്റ്, ടിപ്പ, ബൊളിവര്‍ കൗണ്ടികളിലാണ് വലിയ നാശനഷ്ടമുണ്ടായത്. ബെന്റണ്‍ കൗണ്ടിയില്‍ നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍ തുടരുകയാണ്.
അര്‍ക്കന്‍സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസിസിപ്പി, മിസോറി, ടെന്നസി എന്നീ ആറ് സംസ്ഥാനങ്ങളിലാണ് ശക്തമായ കൊടുങ്കാറ്റ് വീശുമെന്ന മുന്നറിയിപ്പുള്ളത്. നാളെ വരെ മോശം കാലാവസ്ഥ തുടരും. ചുഴലിക്കാറ്റുകള്‍ കാരണം കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്