വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് പുതിയ താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ ലോകത്തെ ധനികരുടെ സമ്പത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണികള്‍ കൂപ്പുകുത്തിയതോടെയാണ് ലോകത്തെ അഞ്ഞൂറോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത്.
ഇത് ഒരു ദശകത്തിനിടെയിലുള്ള ഏറ്റവും വലിയ ഇടിവാണെന്നും ഏകദേശം 208 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഇവര്‍ക്കുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്. കോവിഡിന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവാണിതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ട്രംപിന്റെ പുതിയ പ്രഖ്യാപനം ഏറ്റവുമധികം ബാധിച്ചതും അമേരിക്കന്‍ കോടീശ്വരന്മാരെ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഫെയ്സ്ബുക്ക്-മെറ്റ സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിനാണ് ഇതില്‍ കനത്ത നഷ്ടം നേരിട്ടത്. ഏകദേശം 17.9 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് അദ്ദേഹത്തിനുണ്ടായത്. അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒമ്പതുശതമാനത്തിന്റെ കുറവുണ്ടായി.
ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിനെയും ഓഹരി വിപണിയിലെ തിരിച്ചടി ബാധിച്ചു. ഓഹരി വിപണിയില്‍ ഒമ്പത് ശതമാനത്തിന്റെ ഇടിവാണ് ആമസോണിന് നേരിട്ടത്. 2022 ഏപ്രിലിന് ശേഷം കമ്പനിക്ക് ഓഹരിവിപണിയില്‍ നേരിട്ട എറ്റവും വലിയ ഇടിവാണിത്. ഇതോടെ ജെഫ് ബെസോസിന്റെ സമ്പത്തില്‍ മാത്രം 15.9 ബില്ല്യണ്‍ ഡോളറിന്റെ കുറവുണ്ടായി.
ട്രംപിന്റെ അടുത്ത സുഹൃത്തും സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായ ഇലോണ്‍ മസ്‌കിനും പങ്കരച്ചുങ്ക പ്രഖ്യാപനവും ഓഹരിവിപണിയിലെ ഇടിവും പാരയായി മാറി. ടെസ്ലയുടെ ഓഹരികള്‍ 5.5% ഇടിഞ്ഞു. ഇതിലൂടെ മാത്രം ഇലോണ്‍ മസ്‌കിന് 11 ബില്ല്യണ്‍ ഡോളറാണ് നഷ്ടമായത്. മൈക്കല്‍ ഡെല്‍ (9.3 ബില്ല്യണ്‍), ലാറി എലിസണ്‍ (8.1 ബില്ല്യണ്‍), ജെന്‍സേന്‍ ഹുവാങ് (7.36 ബില്ല്യണ്‍), ലാറി പേജ്(4.79 ബില്ല്യണ്‍), സെര്‍ഗേ ബ്രിന്‍(4.46 ബില്ല്യണ്‍) തുടങ്ങിയവരാണ് നഷ്ടം നേരിട്ട മറ്റു പ്രമുഖ ശതകോടീശ്വരന്മാര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്