പട്‌ന: വഖഫ് ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവില്‍ പ്രതിഷേധവും രാജിയും തുടരുന്നു. അഞ്ച് മുതിര്‍ന്ന നേതാക്കള്‍ വെള്ളിയാഴ്ചയോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡിയുവിന് തിരിച്ചടിയാണ് നേതാക്കളുടെ രാജി.
പാര്‍ട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രീസ് ഹസനാണ് ഏറ്റവും ഒടുവില്‍ രാജി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് മുമ്പ് ജെഡിയു ന്യൂനപക്ഷ സെല്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, അലിഗഡില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദിഖി, ഭോജ്പൂര്‍ ആസ്ഥാനമായുള്ള അംഗം മുഹമ്മദ് ദില്‍ഷന്‍ റെയ്ന്‍, മുന്‍ സ്ഥാനാര്‍ത്ഥി മുഹമ്മദ് ഖാസിം അന്‍സാരി എന്നിവരും രാജിവച്ചു.
തബ്രീസ് ഹസന്‍ വെള്ളിയാഴ്ച ജെഡിയു മേധാവിയും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് തന്റെ രാജി കത്ത് അയച്ചു. ബില്ലിനുള്ള പാര്‍ട്ടിയുടെ പിന്തുണ മുസ്ലീങ്ങളുടെ വിശ്വാസം തകര്‍ത്തെന്ന് അദ്ദേഹം തന്റെ രാജി കത്തില്‍ പറഞ്ഞു.
'നിങ്ങളുടെ മതേതര പ്രതിച്ഛായ നിലനിര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷേ മുസ്ലീങ്ങള്‍ക്കെതിരെ ആവര്‍ത്തിച്ച് പ്രവര്‍ത്തിച്ച ശക്തികള്‍ക്കൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു,' മുഖ്യമന്ത്രി നിതീഷ് കുമാറിനെ അഭിസംബോധന ചെയ്ത കത്തില്‍ ഹസന്‍ എഴുതി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് നിയമം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ മുന്‍കാല നീക്കങ്ങളുടെ തുടര്‍ച്ചയായാണ് എന്‍ഡിഎ സര്‍ക്കാര്‍ വഖഫ് ബില്‍ കൊണ്ടുവന്നതെന്നും അത് മുസ്ലീം താല്‍പ്പര്യങ്ങള്‍ക്ക് ദോഷം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ വഖഫ് ബില്ലിനെ പിന്തുണച്ച മറ്റൊരു എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദളിലും (ആര്‍എല്‍ഡി) സമാനമായ സംഭവവികാസങ്ങള്‍ കണ്ടു.
ഉത്തര്‍പ്രദേശില്‍, ആര്‍എല്‍ഡിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഹസൈബ് റിസ്വി വെള്ളിയാഴ്ച പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി മേധാവി ജയന്ത് ചൗധരി 'മതേതരത്വം ഉപേക്ഷിച്ചു'വെന്നും മുസ്ലീങ്ങളെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം തന്റെ രാജി കത്തില്‍ ആരോപിച്ചു. 'മുസ്ലീങ്ങള്‍ വലിയ തോതില്‍ ജയന്ത് ചൗധരിയെ പിന്തുണച്ചു, പക്ഷേ ആവശ്യം വന്നപ്പോള്‍ അദ്ദേഹം ഞങ്ങളോടൊപ്പം നിന്നില്ല,' റിസ്വി പറഞ്ഞു.
ജില്ലാ തലത്തിലും ആര്‍എല്‍ഡിയില്‍ രാജി പ്രഖ്യാപനങ്ങളുണ്ടായി. ഹാപൂരിലെ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സാക്കിയും ഒരു കൂട്ടം പ്രാദേശിക നേതാക്കളും പ്രതിഷേധിച്ച് രാജിവച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്