ചെന്നൈ: ബിജെപിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ ഇനി ഇല്ലെന്ന് നിലവിലെ സംസ്ഥാന പ്രസിഡന്റായ കെ അണ്ണാമലൈ. ബിജെപിയില്‍ നേതാക്കള്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നില്ല. സംയുക്തമായി ഒരു പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതാണ് രീതി. ആ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്ന് കെ അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'പാര്‍ട്ടിക്ക് ശോഭനമായ ഒരു ഭാവി ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി പലരും ജീവന്‍ നല്‍കിയിട്ടുണ്ട്. ഈ പാര്‍ട്ടിക്ക് ഞാന്‍ എപ്പോഴും ആശംസകള്‍ നേരുന്നു.' അണ്ണാമലൈ പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് 50 നേതാക്കള്‍ നാമനിര്‍ദ്ദേശം നല്‍കുന്ന മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാണ് ബിജെപി എന്നും അദ്ദേഹം പറഞ്ഞു.
എഐഎഡിഎംകെയുമായി ബിജെപിയുടെ സഖ്യം പിരിയാന്‍ പ്രധാന കാരണം പ്രസിഡന്റായ അണ്ണാമലൈയുടെ കടുത്ത നിലപാടുകളായിരുന്നു. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വം എഐഎഡിഎംകെയുമായി സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ അണ്ണാമലൈ പ്രാദേശിക പാര്‍ട്ടിയെക്കുറിച്ചുള്ള തന്റെ നിലപാട് മയപ്പെടുത്തിയിരുന്നു. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും (ഇപിഎസ്) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ നിലപാടില്‍ മാറ്റം വന്നത്.
2023-ല്‍ എഐഎഡിഎംകെ നേതാക്കളായ ജെ ജയലളിതയെയും സിഎന്‍ അണ്ണാദുരൈയെയും കെ അണ്ണാമലൈ രൂക്ഷമായി വിമര്‍ശിച്ചത് ബിജെപിയും എഐഎഡിഎംകെയും തമ്മില്‍ വലിയ വിള്ളലിന് കാരണമായി. തല്‍ഫലമായി, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും വെവ്വേറെ മത്സരിക്കുകയും കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
തമിഴ്നാട്ടില്‍ ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും, അണ്ണാമലൈയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വോട്ട് വിഹിതത്തില്‍ ശ്രദ്ധേയമായ വര്‍ധനവ് രേഖപ്പെടുത്തി. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈക്ക് തമിഴ്‌നാട്ടില്‍ ബിജെപിയെ ശ്രദ്ധേയമാക്കി മാറ്റുവാന്‍ സാധിച്ചു. അണ്ണാമലൈക്ക് പകരം പാര്‍ട്ടി നിയമസഭാ കക്ഷി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്