ഫുട്‌ബോൾ ലോകകപ്പിനുള്ള ഖത്തർ ദേശീയ ടീമിൽ ഇടംപിടിച്ച് മലയാളി താരം തഹ്‌സിൻ മുഹമ്മദ് ചരിത്രം കുറിച്ചു. ലോകകപ്പിനുള്ള ഖത്തറിന്റെ കരുത്തുറ്റ നിരയിലാണ് ഈ ഇരുപതുകാരൻ സ്ഥാനം കണ്ടെത്തിയത്.
ഫിഫ ലോകകപ്പിനുള്ള ഒരു രാജ്യത്തിന്റെ ദേശീയ ടീമിലേക്ക് ഒരു മലയാളി താരം തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്. അക്രം അഫീഫ്, ഹസ്സൻ അൽ ഹൈദോസ്, അൽമുഈസ് അലി തുടങ്ങിയ ഏഷ്യൻ ഫുട്‌ബോളിലെ വമ്പന്മാർക്കൊപ്പമായിരിക്കും തഹ്‌സിൻ ലോകകപ്പിൽ ബൂട്ടുകെട്ടുക. നിലവിൽ യു.എസിലുള്ള ഖത്തർ പരിശീലന സംഘത്തോടൊപ്പമാണ് താരം.
ഖത്തറിലെ യൂത്ത് ടീമുകളിലും സീനിയർ ക്ലബ്ബുകളിലും നടത്തിയ മികച്ച പ്രകടനമാണ് തഹ്‌സിനെ ലോകകപ്പ് ടീമിലെത്തിച്ചത്. 2021ൽ ഖത്തറിന്റെ അണ്ടർ16 ദേശീയ ടീമിൽ കളിച്ചുകൊണ്ടാണ് തഹ്‌സിൻ ശ്രദ്ധേയനാകുന്നത്. തുടർന്ന് അണ്ടർ17 ടീമിലും ഇടം നേടി. ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബ്ബായ അൽ ദുഹൈലിന്റെ സീനിയർ ടീമിൽ അംഗമായ താരം 2024 മാർച്ചിലാണ് ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചത്.
2024 ജൂണിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെയാണ് തഹ്‌സിൻ ഖത്തർ സീനിയർ ദേശീയ ടീമിൽ അരങ്ങേറിയത്. കഴിഞ്ഞ വർഷം ചൈനയിൽ നടന്ന അണ്ടർ20 ഏഷ്യൻ കപ്പിൽ ഖത്തറിനായി മൂന്ന് മത്സരങ്ങളിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
മുൻ കേരള ഫുട്‌ബോൾ താരവും ഖത്തർ പ്രവാസിയുമായ കണ്ണൂർ തലശ്ശേരി സ്വദേശി ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും മകനാണ് തഹ്‌സിൻ മുഹമ്മദ്. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ ഇപ്പോഴും അകലെയായിരിക്കുമ്പോൾ, ഖത്തർ ജേഴ്‌സിയിൽ ലോകകപ്പ് കളിക്കാൻ ഒരു മലയാളി ഇറങ്ങുന്നത് ഇന്ത്യൻ ഫുട്ബാൾ ആരാധകർക്കും ഏറെ അഭിമാനകരമായ നിമിഷമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
