തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ നിർണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി മഹാരാഷ്ട്ര. കേരളം 219 റൺസിന് ഓൾഔട്ടായതോടെ 20 റൺസിന്റെ ലീഡാണ് മഹാരാഷ്ട്ര സ്വന്തമാക്കിയത്. നേരത്തേ മഹാരാഷ്ട്ര ഒന്നാം ഇന്നിംഗ്‌സിൽ 239 റൺസിന് ഓൾഔട്ടായിരുന്നു.
രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ മഹാരാഷ്ട്ര മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 51 റൺസെന്ന നിലയിലാണ്. മഹാരാഷ്ട്രയ്ക്ക് ആകെ 71 റൺസിന്റെ ലീഡായി.
35/3 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച കേരളത്തിനായി അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു സാംസണും (54), സൽമാൻ നിസാറും (49), ക്യാപ്ടൻ മുഹമ്മദ് അസറുദീനും (36) പൊരുതി നോക്കിയെങ്കിലും ലീഡിനരികെ കേരളം ഇടറി വീണു.
മൂന്നാം ദിവസം സച്ചിൻ ബേബിയുടെ (7) വിക്കറ്റാണ് ആദ്യം നഷ്ടമായത്. സച്ചിൻ രാമകൃഷ്ണ ഘോഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സൗരഭ് നവാലെ പിടിച്ച് പുറത്താവുകയായിരുന്നു. തുടർന്ന് ഒത്തു ചേർന്ന സഞ്ജുവും അസറുദ്ദീനും അനായാസം ഇന്നിംഗ്‌സ് മുന്നോട്ട് നീക്കി. അഞ്ചാം വിക്കറ്റിൽ 57 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.
അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു മികച്ച രീതിയിൽ ബാറ്റിങ് തുടരുമ്പോഴാണ് വിക്കി ഓസ്വാളിന്റെ പന്തിൽ വിക്കറ്റ് കീപ്പർ നവാലെ പിടിച്ച് പുറത്തായത്. 63 പന്തുകളിൽ അഞ്ച് ഫോറും ഒരു സിക്‌സും ഉൾപ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്.
തൊട്ടുപിറകെ അസറുദ്ദീനെയും വിക്കി ഓസ്വാൾ തന്നെ മടക്കി. എന്നാൽ സൽമാൻ നിസാറും അങ്കിത് ശർമ്മയും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തു. 17 റൺസെടുത്ത അങ്കിത് ശർമ്മയെ പുറത്താക്കി ജലജ് സക്‌സേന കളി വീണ്ടും മഹാരാഷ്ട്രയ്ക്ക് അനുകൂലമാക്കി. ചെറുത്തു നിന്ന ഏദൻ ആപ്പിൾ ടോമിനെ (22 പന്തിൽ 3) മികച്ചൊരു ബൗൺസറിലൂടെ മുകേഷ് ചൗധരിയും പുറത്താക്കി. അടുത്ത ഓവറിൽ നിധീഷിനെ (4) ജലജ് മടക്കിയതോടെ 208/9 എന്ന നിലയിലായി കേരളം.
ഒരുവശത്ത് ഉറച്ച് നിന്ന സൽമാൻ പ്രതീക്ഷ നല്കിയെങ്കിലും മുകേഷ് ചൌധരിയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ പുറത്താവുകയായിരുന്നു. 93 പന്തുകളിൽ മൂന്ന് ഫോറുകൾ ഉൾപ്പെട്ടതാണ് സൽമാന്റെ ഇന്നിംഗ്‌സ്.
മഹാരാഷ്ട്രയ്ക്ക് മുൻ കേരളാ താരം ജലജ് മൂന്നും മുകേഷ് ചൗധരി, രജനീഷ് ഗുർബാനി, വിക്കി ഓസ്വാൾ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അഞ്ച് ക്യാച്ചും ഒരു സ്റ്റമ്പിംഗുമടക്കം വിക്കറ്റിന് പിന്നിൽ മികച്ച പ്രകടം കാഴ്ചവച്ച കീപ്പർ സൗരഭ് നവാലെയും മഹാരാഷ്ട്രയ്ക്കായി തിളങ്ങി.
രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ മഹാരാഷ്ട്ര വെളിച്ചക്കുറവിനെ തുടർന്ന് കളി നേരത്തെ നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 51 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്‌സിൽ ഡക്കായ ഇന്ത്യൻ ഓപ്പണർ പ്രഥ്വിഷാ രണ്ടാം ഇന്നിംഗ്‌സിൽ 34 പന്തിൽ 7 ഫോറുൾപ്പെടെ 37 റൺസ് നേടി മികച്ച ബാറ്റിംഗ് കാഴ്ചവച്ച് ക്രീസിലുണ്ട്. മറ്റൊരു ഓപ്പണർ അർഷിൻ കുൽക്കർണി 14 റൺസ് നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്