ഹൈദരാബാദ് : ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്ന് പഠിച്ച പാഠങ്ങളിലൂടെ പിഴവുകൾ തിരുത്തി രണ്ടാം മത്സരത്തിൽ വിജയത്തിലെത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ഇന്നലെ അഞ്ചുവിക്കറ്റിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് ലഖ്‌നൗ മറികടന്നത്. ലഖ്‌നൗവിന്റെ സീസണിലെ ആദ്യ ജയവും സൺറൈസേഴ്‌സിന്റെ ആദ്യ തോൽവിയുമാണിത്.
ഇന്നലെ ആദ്യ ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസ് നേടിയത്. മറുപടിക്കിറങ്ങിയ ലഖ്‌നൗ 23 പന്തുകളും അഞ്ചുവിക്കറ്റുകളും ബാക്കിനിൽക്കേ വിജയത്തിലെത്തി. ഓപ്പണർ ട്രാവിസ് ഹെഡ് (47), നിതീഷ് കുമാർ റെഡ്ഡി (32), ഹെന്റിച്ച് ക്‌ളാസൻ (26), അനികേത് വർമ്മ (36) എന്നിവരാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്. ലഖ്‌നൗവിന് വേണ്ടി നാലോവറിൽ 34 റൺസ് വഴങ്ങി ശാർദൂൽ താക്കൂർ നാലുവിക്കറ്റുകൾ വീഴ്ത്തി.
മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് രണ്ടാം ഓവറിൽ എയ്ഡൻ മാർക്രമിനെ (1)നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ നിക്കോളാസ് പുരാനും(70) മിച്ചൽ മാർഷും(52) 43 പന്തുകളിൽ കൂട്ടിച്ചേർത്ത 116 റൺസ് മത്സരത്തിന്റെ വിധി നിർണയിച്ചു. പുരാൻ 26 പന്തുകളിൽ ആറുവീതം ഫോറും സിക്‌സുമടക്കമാണ് 70 റൺസ് നേടിയത്. 18 പന്തുകളിൽ പുരാൻ അർദ്ധ സെഞ്ച്വറിയിലെത്തിയിരുന്നു. മാർഷ് 31പന്തുകളിൽ ഏഴുഫോറും രണ്ട് സിക്‌സുമടക്കമാണ് 52 റൺസിലെത്തിയത്. ഇരുവരും പുറത്തായശേഷം റിഷഭ് പന്ത് (15), ആയുഷ് ബദോനി(6) എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടമായെങ്കിലും അബ്ദുൽ സമദ് (22 നോട്ടൗട്ട്), ഡേവിഡ് മില്ലർ(13 നോട്ടൗട്ട് ) എന്നിവർ ചേർന്ന് വിജയത്തിലെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സിന് 15 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. മൂന്നാം ഓവറിന്റെ ആദ്യപന്തിൽ അഭിഷേക് വർമ്മയെ (6) നിക്കോളാസ് പുരാന്റെ കയ്യിലെത്തിച്ച ശാർദൂൽ താക്കൂറാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. തൊട്ടടുത്തപന്തിൽ ഇഷാൻ കിഷനെ (0) ഗോൾഡൻ ഡക്കാക്കുകയും ചെയ്തതോടെ സൺറൈസേഴ്‌സ് ഞെട്ടി. കഴിഞ്ഞകളിയിൽ സെഞ്ച്വറിയടിച്ച ഇഷാനെ ലഖ്‌നൗ ക്യാപ്ടൻ റിഷഭ് പന്ത് വിക്കറ്റിന് പിന്നിൽ പിടികൂടുകയായിരുന്നു.
തുടർന്ന് ക്രീസിൽ ഒരുമിച്ച ട്രാവിസ് ഹെഡും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് 76ലെത്തിച്ചു. 28 പന്തുകളിൽ അഞ്ചുഫോറും മൂന്ന് സിക്‌സും പറത്തിയ ഹെഡിനെ എട്ടാം ഓവറിൽ ക്‌ളീൻ ബൗൾഡാക്കി പ്രിൻസ് യാദവ് തന്റെ ആദ്യ ഐ.പി.എൽ വിക്കറ്റ് സ്വന്തമാക്കി. 12-ാം ഓവറിൽ ക്‌ളാസനെ ഡയറക്ട് ത്രോയിലൂടെ റൺഔട്ടാക്കിയതും പ്രിൻസാണ്. 14.1 ഓവറിൽ ടീം സ്‌കോർ 128ൽ എത്തിയപ്പോഴാണ് നിതീഷിനെ രവി ബിഷ്‌ണോയ് ബൗൾഡാക്കിയത്.
തുടർന്നിറങ്ങിയ അനികേത് വർമ്മ 13 പന്തുകളിൽ അഞ്ചുസിക്‌സുകൾ പറത്തിയതോടെയാണ് സൺറൈസേഴ്‌സിന്റെ റൺറേറ്റ് ഉയർന്നത്. 16 ഓവറിൽ 156ലെത്തിച്ചശേഷം ദിഗ്‌വേഷ് രതിയുടെ പന്തിൽ മില്ലർക്ക് ക്യാച്ച് നൽകിയാണ് അനികേത് മടങ്ങിയത്. അടുത്തഓവറിൽ അഭിനവ് മനോഹറിനെയും ശാർദൂൽ കൂടാരം കയറ്റി. തുടർന്ന് 18 റൺസ് നേടിയ നായകൻ പാറ്റ് കമ്മിൻസും 12 റൺസുമായി പുറത്താകാതെ നിന്ന ഹർഷൽ പട്ടേലും ചേർന്നാണ് 190ലെത്തിച്ചത്.
18-ാം ഓവറിൽ കമ്മിൻസിനെ ആവേഷ് ഖാനും 19-ാം ഓവറിൽ ഷമിയെ ശാർദൂലും പുറത്താക്കി.
ലഖ്‌നൗവിന് വേണ്ടി ശാർദൂൽ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ആവേഷ് ഖാൻ, ഇംപാക്ട് പ്‌ളേയർ ദിഗ്‌വേഷ് രതി, രവി ബിഷ്‌ണോയ്, പ്രിൻസ് യാദവ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്