ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന 2026 ടി20 ലോകകപ്പ് ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. വൻശക്തികളെല്ലാം വിജയത്തോടെ ടൂർണമെന്റ് തുടങ്ങിയപ്പോൾ, കുഞ്ഞൻ ടീമുകൾ മികച്ച പോരാട്ടവീര്യം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഇതുവരെ വലിയ അട്ടിമറികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപകാലത്തെ തകർപ്പൻ ഫോം കണക്കിലെടുത്ത് ഇന്ത്യയെയാണ് ക്രിക്കറ്റ് ലോകം പ്രധാന കിരീട ഫേവറേറ്റുകളായി കാണുന്നത്. മിക്ക മത്സരങ്ങളിലും 200-ന് മുകളിൽ സ്കോർ കണ്ടെത്താനുള്ള ഇന്ത്യൻ ബാറ്റർമാരുടെ ശേഷി ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.
ആദ്യ മത്സരത്തിൽ അമേരിക്കയെ തകർത്ത് വിജയത്തുടക്കം കുറിച്ച ഇന്ത്യ, ഓരോ കളിയിലും പുതിയ മാച്ച് വിന്നർമാരെ സൃഷ്ടിച്ചാണ് മുന്നേറുന്നത്. സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ തുടങ്ങിയവരുടെ വെടിക്കെട്ട് പ്രകടനങ്ങൾ എതിർ ടീമുകളെ പ്രതിരോധത്തിലാക്കുന്നു. എന്നാൽ, ഇന്ത്യൻ ബാറ്റർമാരുടെ ഈ അസാമാന്യ പ്രകടനത്തിന് പിന്നിൽ ബാറ്റിലെ കൃത്രിമമാണെന്ന വിവാദ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കൻ താരം ബനുക രാജപക്സെ.
ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകളിൽ പ്രത്യേക റബ്ബർ പാളികൾ ഉണ്ടെന്നും, ഇത്തരം ബാറ്റുകൾ വിപണിയിൽ മറ്റാർക്കും വാങ്ങാൻ ലഭിക്കില്ലെന്നുമാണ് രാജപക്സെയുടെ വാദം. ഇന്ത്യൻ താരങ്ങളുടെ ബാറ്റ് മറ്റുള്ളവരുടേതിനേക്കാൾ മികച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
ഞങ്ങൾക്ക് ലഭിക്കുന്നതിലും ഏറ്റവും മികച്ച ബാറ്റാണ് ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നത്. അവരുടെ ബാറ്റിൽ റബ്ബർ പാളികൾ വെക്കാറുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഈ ബാറ്റുകൾ മറ്റാർക്കും വാങ്ങാൻ സാധിക്കില്ല. എല്ലാ താരങ്ങൾക്കും ഇക്കാര്യം അറിയാം. ഇത് ചിലപ്പോൾ വിചിത്രമായി തോന്നാമെങ്കിലും സത്യസന്ധമായി പറഞ്ഞാൽ എനിക്ക് അങ്ങനെയാണ് തോന്നുന്നത് എന്നാണ് രാജപക്സെ പറഞ്ഞത്.
ഇന്ത്യൻ താരങ്ങളിൽ പലരുടേയും പ്രകടനം കാണുമ്പോൾ ഇത്തരത്തിൽ തോന്നുന്നത് സ്വാഭാവികമാണ്. പ്രധാനമായും അഭിഷേക് ശർമയുടെ ബാറ്റിങ്. എത്ര അനായാസമായാണ് അഭിഷേക് സിക്സുകൾ പറത്തുന്നത്. സ്ഥിരതയോടെ വെടിക്കെട്ട് നടത്താൻ അഭിഷേകിന് സാധിക്കുന്നു. ചെറിയ ഫ്ളിക്ക് ഷോട്ടുകളിലൂടെപ്പോലും സിക്സുകൾ നേടുന്നു. ഇതെല്ലാം എതിർ ബൗളർമാരെ സമ്മർദ്ദത്തിലാക്കുന്നതും സംശയത്തിലാക്കുന്നതുമാണ്.
ഇത് ആദ്യമായല്ല ബാറ്റിൽ കൃത്രിമം ആരോപിക്കപ്പെടുന്നത്. മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ ഫ്ളിക്ക് സിക്സുകൾ കണ്ട് ബാറ്റിൽ സ്പ്രിങ് ഉപയോഗിക്കുന്നുവെന്ന ആരോപണം ഉണ്ടായിരുന്നു. ഓസ്ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിങ്ങും ഇതേ പഴികേട്ടിരുന്നു.ശ്രീലങ്കൻ താരത്തിന്റെ ഈ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. എങ്കിലും, ഐസിസി നിയമങ്ങൾ പാലിച്ചുള്ള ബാറ്റുകളാണ് ഇന്ത്യ ഉപയോഗിക്കുന്നതെന്നും താരങ്ങളുടെ പ്രതിഭയാണ് വിജയരഹസ്യമെന്നുമാണ് ആരാധകരുടെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
