പാകിസ്ഥാൻ സൂപ്പർ ലീഗിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലും ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ മിസ്റ്ററി സ്പിന്നർ ഉസ്മാൻ താരിക്കും തമ്മിൽ വാക്കുതർക്കം.
പന്തെറിയുന്നതിന് തൊട്ടുമുമ്പ് ഉസ്മാൻ താരിക് ദീർഘനേരം ആക്ഷൻ നിർത്തിവച്ചതാണ് മിച്ചലിനെ ചൊടിപ്പിച്ചത്. പ്രതിഷേധിച്ച മിച്ചൽ കുറച്ചുനേരം ബാറ്റ് ചെയ്യാൻ വിസമ്മതിച്ചു. ലാഹോർ, നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റാവൽപിണ്ടി ടീമിന്റെ റൺ ചേസിംഗിനിടെയായിരുന്നു സംഭവം.
താരിക് പന്തെറിയാനായി എത്തുമ്പോൾ അല്പനേരം നിന്ന ശേഷം പന്ത് റിലീസ് ചെയ്യുന്നത്. ഇത് തന്റെ ബാറ്റിംഗ് ടൈമിംഗിനെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മിച്ചൽ വിക്കറ്റിന് മുന്നിൽ നിന്ന് മാറി നിൽക്കുകയും താൻ തയ്യാറല്ലെന്ന് അമ്പയറെ അറിയിക്കുകയും ചെയ്തു. ഒരു ഓവറിൽ തന്നെ പലതവണ താരം ഇത്തരത്തിൽ പിന്മാറിയത് കമന്റേറ്റർമാരെയും ചൊടിപ്പിച്ചു. മിച്ചൽ ഇതിലും നന്നായി പെരുമാറണമായിരുന്നു എന്ന് മുൻ താരം റമീസ് രാജ അഭിപ്രായപ്പെട്ടു. ഇന്ത്യൻ വെറ്ററൻ സ്പിന്നർ ആർ അശ്വിൻ അടുത്തിടെ നൽകിയ ഒരു ഉപദേശത്തിന് സമാനമായിരുന്നു മിച്ചലിന്റെ ഈ നീക്കം.
ഉസ്മാൻ താരിക്കിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ച് സംസാരിക്കവേ, ബൗളർ അമിതമായി കാത്തുനിൽക്കുന്നത് ബാറ്റിംഗിനെ ബാധിക്കുന്നുണ്ടെങ്കിൽ നിയമപരമായി തന്നെ ബാർറ്റർമാർക്ക് ക്രീസിൽ നിന്ന് മാറി നിൽക്കാമെന്ന് അശ്വിൻ നിരീക്ഷിച്ചിരുന്നു. ഈ തന്ത്രമാണ് മിച്ചൽ പയറ്റിയതെന്നാണ് വിലയിരുത്തൽ. എന്നാൽ ഐ.സി.സി ഉസ്മാൻ താരിക്കിന്റെ ആക്ഷൻ നിയമവിരുദ്ധമല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.
മൈതാനത്തെ തർക്കങ്ങൾക്കിടയിലും കളിയിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് ആധിപത്യം പുലർത്തി. 61 റൺസിന്റെ വമ്പൻ ജയമാണ് അവർ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ക്വറ്റ, റിലി റൂസോയുടെ (53) അർധസെഞ്ചുറിയുടെയും സൗദ് ഷക്കീലിന്റെ പിന്തുണയുടെയും കരുത്തിൽ 182/6 എന്ന സ്‌കോർ ഉയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ റാവൽപിണ്ടിക്ക് ഒരിക്കൽ പോലും കൃത്യമായ താളം കണ്ടെത്താനായില്ല. സാദ് മസൂദ് (31) പൊരുതിയെങ്കിലും മറ്റാർക്കും തിളങ്ങാനായില്ല.
പ്രതിഷേധങ്ങൾക്കിടയിലും ഉസ്മാൻ താരിക് തന്നെയായിരുന്നു മത്സരത്തിലെ താരം. നാല് ഓവറിൽ വെറും 23 റൺസ് മാത്രം വഴങ്ങി അദ്ദേഹം രണ്ട് വിക്കറ്റ് വീഴ്ത്തി. തർക്കത്തിന് തൊട്ടുപിന്നാലെ ഡാരിൽ മിച്ചലിനെ പുറത്താക്കി താരിക് മറുപടി നൽകി. അഞ്ച് മത്സരങ്ങളിൽ അഞ്ചും തോറ്റ റാവൽപിണ്ടി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ രണ്ട് ജയവുമായി ക്വറ്റ അഞ്ചാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
