ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ചാമ്പ്യൻസ് ട്രോഫിയിലും വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനിൽ അവസരമുണ്ടാകില്ലെന്ന് വ്യക്തമാക്കി ഗൗതം ഗംഭീർ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ടീമിലെ കെ.എൽ. രാഹുലിന്റെ ടീമിലെ റോൾ സംബന്ധിച്ച് ഗൗതം ഗംഭീർ മനസുതുറന്നത്.
കെ.എൽ രാഹുലാണ് നിലവിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്നും അത് മാത്രമെ ഇപ്പോൾ പറയാനാകൂ എന്നും ഗംഭീർ പറഞ്ഞു.
റിഷഭ് പന്തിന് അവസരം ലഭിക്കും, പക്ഷെ നിലവിൽ കെ.എൽ. രാഹുൽ മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ രണ്ട് വിക്കറ്റ് കീപ്പർമാരെ പ്ലേയിംഗ് ഇലവനിൽ കളിപ്പിക്കാനാവില്ലെന്നും ഗംഭീർ പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് രണ്ടാം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെയാണ് ഗംഭീർ നിർദേശിച്ചതെന്നും എന്നാൽ ക്യാപ്ടൻ രോഹിത് ശർമയുടെയും ചീഫ് സെലക്ടർ അജിത് അഗാർക്കറുടെയും നിർബന്ധത്തിലാണ് സഞ്ജുവിന് പകരം റിഷഭ് പന്തിനെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുത്തതെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ മറുപടി എന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ 15 അംഗ ടീമിലെ റിഷഭ് പന്ത് ഒഴികെയുള്ള എല്ലാ താരങ്ങൾക്കും ഒരു മത്സരത്തിലെങ്കിലും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നു.
എന്നാൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളിലും കെ.എൽ. രാഹുൽ നിറം മങ്ങുകയും ഇന്ത്യ ആദ്യ രണ്ട് കളികളും ജയിച്ച് പരമ്പര സ്വന്തമാക്കുകയും ചെയ്തിട്ടും മൂന്നാം മത്സരത്തിലും റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. മൂന്നാം മത്സരത്തിൽ 29 പന്തിൽ 40 റൺസടിച്ച രാഹുൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.
രാഹുൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി തുടരുമെങ്കിലും രാഹുലിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് ഗംഭീർ വ്യക്തമായ മറുപടി നൽകിയില്ല. ആദ്യ രണ്ട് മത്സരങ്ങളിലും അക്‌സർ പട്ടേലിനും ശേഷം ആറാമനായി ക്രീസിലിറങ്ങിയ രാഹുൽ ഇന്നലെ അഞ്ചാം നമ്പറിലാണ് ക്രീസിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്