പൂനെ: ഒന്നാം ഇന്നിംഗ്‌സിലെ ആ ഒറ്റ റൺ ലീഡ് കേരളത്തിന് സെമിയിലേക്ക് വഴികാട്ടിയായി... ജമ്മു കശ്മീരിനെതിരായ ക്വാർട്ടറിന്റെ അവസാന ദിനം വന്മതിൽ പോലെ പ്രതിരോധം തീർത്ത ബാറ്റർമാരുടെ കരുത്തിൽ സമനില നേടിയ കേരളം, ഒന്നാം ഇന്നിംഗ്‌സിലെ ഒരു റൺ ലീഡിന്റെ പിൻബലത്തിൽ രഞ്ജി ട്രോഫിയുടെ സെമിയിലേക്ക് ടിക്കറ്റെടുത്തു.
ജമ്മു ഉയർത്തിയ 399 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ കേരളം ആവസാന ദിനം 295/6 എന്ന നിലയിലായിരിക്കുമ്പോഴാണ് മത്സരം അവസാനിച്ചത്. സ്‌കോർ: ജമ്മു കശ്മീർ 280/10, 399/9 ഡിക്ലയേർഡ്, കേരളം 281/10, 295/6.
സൽമാനാണ് താരം
ആദ്യ ഇന്നിംഗ്‌സിൽ പുറത്താകാതെ സെഞ്ച്വറി നേടി കേരളത്തിന് ലീഡ് സമ്മാനിക്കുകയും രണ്ടാം ഇന്നിംഗ്‌സിൽ 162 പന്തിൽ 44 റൺസ് നേടി നോട്ടൗട്ടാവുകയും ചെയ്ത സൽമാൻ നിസാറാണ് കേരളത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. സൽമാൻ തന്നെയാണ് കളിയിലെ താരം. രണ്ടിന്നിംഗ്‌സുകളിലായി 10 വിക്കറ്റ് വീഴ്ത്തിയ പേസർ എം.ഡി നിതീഷും കേരളത്തിനായി മികച്ച പ്രകടനം കാഴചവച്ചു.
വൻ പ്രതിരോധം
സമനില പോലും സെമിയിലേക്ക് വഴിതുറക്കുമെന്നിരിക്കെ കരുതലോടെയായിരുന്നു കേരള താരങ്ങൾ അവസാന ദിവസം ബാറ്റ് വീശിയത്. 100/2 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് പുരാരംഭിച്ച അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും ചേർന്ന് വളരെ ശ്രദ്ധയോടെയാണ് കളിച്ചത്. ടീം സ്‌കോർ 128ൽ നിൽക്കെ അക്ഷയ് ചന്ദ്രനെ സാഹിൽ ലോത്ര പുറത്താക്കി. എന്നാൽ ഇതിനിടയിൽ 24 ഓവറുകൾ കടന്നു പോയിരുന്നു. 183 പന്ത് നേരിട്ട അക്ഷയചന്ദ്രൻ 48 റൺസ് നേടി. 52 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 180 റൺസെന്ന നിലയിലായിരുന്നു കേരളം.
എന്നാൽ തുടർന്ന് ക്രീസിലൊന്നിച്ച സൽമാൻ നിസാറും മുഹമ്മദ് അസറുദ്ദീനും കേരളത്തിന്റെ രക്ഷകരായി. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 115 റൺസാണ് കൂട്ടിച്ചേർത്തത്. സൽമാൻ നിസാർ 162 പന്തുകളിൽ നിന്ന് 44 റൺസുമായും മുഹമ്മദ് അസ്ഹറുദ്ദീൻ 118 പന്തുകളിൽ നിന്ന് 67 റൺസുമായും പുറത്താകാതെ നിന്നു. ക്യാപ്ടൻ സച്ചിൻ ബേബി 162 പന്തിൽ 48 റൺസും, ജലജ് സക്‌സേന 18ഉം ആദിത്യ സർവാടെ എട്ടും റൺസെടുത്തു.
കശ്മീരിന് വേണ്ടി യുധ്‌വീർ സിംഗ്, സാഹിൽ ലോത്ര, ആബിദ് മുഷ്താഖ് എന്നിവർ ജമ്മുവിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.2 ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫിയുടെ സെമി ഫൈനലിൽ എത്തുന്നുത്. ഇതിനുമുമ്പ് 2018/19 സീസണിലാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനൽ കളിച്ചത്. അന്ന് സെമിയിൽ വിദർഭയോട് തോൽവി വഴങ്ങുകയായിരുന്നു.
എതിരാളി ഗുജറാത്ത്
ഈ മാസം 17ന് തുടങ്ങുന്ന സെമിയിൽ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. സൗരാഷ്ട്രയ്‌ക്കെതിരെ ഇന്നിംഗ്‌സ് ജയം നേടിയാണ് ഗുജറാത്ത് സെമിയിൽ എത്തിയത്. മറ്റൊരു സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ മുംബയ്‌യും മുൻ ചാമ്പ്യൻമാരായ വിദർഭയും തമ്മിൽ ഏറ്റുമുട്ടും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്