മുംബൈ: ഐപിഎല്‍ 2025 ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് ബുമ്ര ഷോക്ക്! പരിക്കേറ്റ ഫാസ്റ്റ് ബോളര്‍ ഐപിഎലിന്റെ 2025 സീസണിലം ആദ്യ മല്‍സരങ്ങളില്‍ കളിക്കില്ല. സിഡ്നിയില്‍ നടന്ന അവസാന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റിന്റെ രണ്ടാം ദിവസത്തില്‍ അനുഭവപ്പെട്ട ബാക്ക് സ്‌ട്രെസ് മൂലമുണ്ടായ പരിക്കില്‍ നിന്ന് ബുമ്ര സുഖം പ്രാപിച്ചുവരികയാണ്.
ഓസ്ട്രേലിയയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തി പരമ്പരയിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയ ബുമ്രയെ പരിക്ക് മൂലം ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഐപിഎല്‍ ലക്ഷ്യമിട്ട് ബുമ്ര പരിശീലനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ (സിഒഇ) കഴിയുന്ന അദ്ദേഹത്തിന്റെ പരിക്ക് ഇനിയും പൂര്‍ണമായി ഭേദമായിട്ടില്ല.
എന്നിരുന്നാലും ബിസിസിഐ സിഒഇയിലെ മെഡിക്കല്‍ ടീമിന്റെ അനുമതി ലഭിച്ചാല്‍ ഏപ്രില്‍ ആദ്യത്തോടെ ബുംറ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
മാര്‍ച്ച് 23 ന് ചെന്നൈയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് മുംബൈയുടെ ആദ്യ മല്‍സരം. തുടര്‍ന്ന് മാര്‍ച്ച് 29 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ (ജിടി) കളിക്കാന്‍ ടീം അഹമ്മദാബാദിലേക്ക് പോകും.
വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈയുടെ ആദ്യ ഹോം മത്സരം മാര്‍ച്ച് 31 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആര്‍) ആയിരിക്കും. ഏപ്രില്‍ 4 ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ (എല്‍എസ്ജി) നേരിടാന്‍ ലഖ്‌നൗവിലേക്ക് പോകും. തുടര്‍ന്ന് ഏപ്രില്‍ 7 ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആര്‍സിബി) നേരിടാന്‍ നാട്ടിലേക്ക് മടങ്ങും.
ബുമ്രയുടെ അഭാവത്തില്‍ ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍, റീസ് ടോപ്ലി, കോര്‍ബിന്‍ ബോഷ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, സത്യനാരായണ രാജു, അശ്വനി കുമാര്‍, ഓള്‍റൗണ്ടര്‍മാരായ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, രാജ് അംഗദ് ബാവ എന്നിവരാവും മുംബൈയുടെ ഫാസ്റ്റ് ബൗളിംഗ് വിഭാഗത്തെ നയിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്