സയ്യിദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യന്മാരായി ജാർഖണ്ഡ്. പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഹരിയാനയെ 69 റൺസിനു തോൽപ്പിച്ചാണ് ജാർഖണ്ഡ് കിരീടം ചൂടിയത്.
സെഞ്ചുറിയുമായി മുന്നിൽനിന്നു നയിച്ച ക്യാപ്ടൻ ഇഷാൻ കിഷനാണ് (49 പന്തിൽ 101) ജാർഖണ്ഡിന്റെ വിജയശിൽപി. ആദ്യം ബാറ്റു ചെയ്ത ജാർഖണ്ഡ് ഉയർത്തിയ 263 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹരിയാന, 18.3 ഓവറിൽ 193 റൺസിന് ഓൾഔട്ടാകുകായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടുന്ന 12-ാം സംസ്ഥാനമാണ് ജാർഖണ്ഡ്.
ടോസ് നേടിയ ഹരിയാന ക്യാപ്ടൻ അങ്കിത് കുമാർ, ജാർഖണ്ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർ വിരാട് സിങ്ങിനെ (2) ആദ്യ ഓവറിൽ തന്നെ നഷ്ടമായെങ്കിലും ക്യാപ്ടൻ ഇഷാൻ കിഷനും മൂന്നാമനായി ഇറങ്ങിയ കുമാർ കുശാഗ്രയും (38 പന്തിൽ 81) ചേർന്ന് ജാർഖണ്ഡിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച്, ഒരേപോലെ അടിച്ചുകളിച്ചതോടെ ജാർഖണ്ഡ് സ്‌കോർ കുതിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 177 റൺസാണ് കൂട്ടിച്ചേർത്തത്. 45 പന്തിലാണ് ടി20യിലെ തന്റെ ആറാം സെഞ്ചുറി ഇഷാൻ കുറിച്ചത്. സയ്യിദ് മുഷ്താഖ്് അലി ട്രോഫിയിൽ ഇഷാന്റെ അഞ്ചാമത്തെ സെഞ്ചുറിയാണിത്. ഇതോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരിൽ അഭിഷേക് ശർമയ്‌ക്കൊപ്പമെത്തി താരം. ഈ സീസണിൽ ഇഷാന്റെ രണ്ടാം സെഞ്ചുറിയുമാണിത്.
ഫൈനലിൽ 10 സിക്‌സും ആറു ഫോറുമാണ് ഇഷാൻ അടിച്ചത്. ഇതോടെ ഏതെങ്കിലുമൊരു ടി20 ടൂർണമെന്റ് സീസണിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടിയ വിക്കറ്റ് കീപ്പർ ക്യാപ്ടന്മാരിൽ എം.എസ്. ധോണിയെയും ഇഷാൻ മറികടന്നു. 2018 ഐ.പി.എൽ സീസണിൽ 30 സിക്‌സാണ് ധോണി നേടിയത്. ഇഷാൻ ഈ ടൂർണമെന്റിൽ 33 സിക്‌സടിച്ചു. സെഞ്ചുറിക്കു പിന്നാലെ ഇന്നിങ്‌സിന്റെ 15-ാം ഓവറിൽ സുമിത് കുമാറാണ് ഇഷാനെ പുറത്താക്കിയത്. അധികം വൈകാതെ കുശാഗ്രയും പുറത്തായെങ്കിലും അനുകുൽ റോയ് (20 പന്തിൽ 40*), റോബിൻ മിൻസ് (14 പന്തിൽ 31*) എന്നിവർ ചേർന്ന് ജാർഖണ്ഡിനെ കൂറ്റൻ ടോട്ടലിലെത്തിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ തന്നെ ഹരിയാനയുടെ രണ്ടു വിക്കറ്റുകൾ വീണു. പിന്നീട് യശ്വർദ്ധൻ ദലാൽ (22 പന്തിൽ 53), നിശാന്ത് സിന്ധു (15 പന്തിൽ 31), സാമന്ത് ജാഖർ (17 പന്തിൽ 38) എന്നിവരുടെ ബാറ്റിങ്ങാണ് ഹരിയാനയെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. എങ്കിലും വിജയത്തിലെത്താൻ അതു പര്യാപ്തമായിരുന്നില്ല. ജാർഖണ്ഡിനായി സുശാന്ത് മിശ്ര, ബാൽ കൃഷ്ണ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടിയപ്പോൾ വികാസ് സിങ്, അനുകുൽ റോയ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
