കോഴിക്കോട്: പിണറായിസത്തെ അവസാനിപ്പിക്കാന്‍ ടീം യുഡിഎഫിനൊപ്പം ജീവനോടെ ഉണ്ടെങ്കില്‍ മുന്നില്‍ത്തന്നെ ഉണ്ടാകുമെന്നും മുന്‍ എംഎല്‍എ പി.വി. അന്‍വര്‍. കേരള സര്‍ക്കാര്‍ എടുക്കുന്ന കള്ളക്കേസുകള്‍ക്കെതിരേ കോടതിയില്‍ പോരാട്ടം തുടരുമെന്നും അന്‍വര്‍ പറഞ്ഞു.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചതിന് ശേഷം ഫെയ്‌സ് ബുക്ക് ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു അന്‍വര്‍.
ഇഡിയുടെ ചോദ്യം ചെയ്യലില്‍ കൃത്യമായ ഉത്തരം നല്‍കാനും തന്റെ ഭാഗം വിശദീകരിക്കാനും സാധിച്ചുണ്ടെന്നും അവര്‍ ആ കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചില വാര്‍ത്താ ചാനലുകളില്‍ തന്നെ അറസ്റ്റ് ചെയ്തുവെന്ന രീതിയില്‍ വാര്‍ത്ത വന്നു. ഇതിലൂടെ തന്നെ സ്‌നേഹിക്കുന്ന ഒരുപാടുപേര്‍ക്ക് വലിയ വിഷമങ്ങളും പ്രയാസവും ഉണ്ടായി. സാമ്പത്തിക ആവശ്യം വന്നപ്പോള്‍ വായ്പയെടുത്ത വ്യക്തിയാണ് താന്‍. ഒന്‍പത് കോടി രൂപ വായ്പയെടുത്തതിന്റെ ഭാഗമായി അഞ്ച് കോടി 79 ലക്ഷം രൂപ തിരിച്ചടവും നടത്തി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി തിരിച്ചടവ് മുടങ്ങി. കേരള ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നാണ് വായ്പ എടുത്തത്.
എന്നാല്‍ തട്ടിപ്പിന് വേണ്ടി വായ്പയെടുത്തു എന്ന രീതിയില്‍ കേരളത്തിലെ വിജിലന്‍സ് തനിക്കെതിരേ തട്ടിപ്പ് കേസ് റജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണിത് എന്നാണ് വിശ്വസിക്കുന്നത്. ഈ എഫ്‌ഐആര്‍ ചൂണ്ടികാണിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. സ്വാഭാവികമായും പരാതി കിട്ടിയാല്‍ ഇഡിക്ക് അന്വേഷിക്കേണ്ടിവരും.
ഇഡിക്ക് അന്വേഷിക്കാനായി ഒരു കള്ളക്കേസെടുത്തത് കേരളത്തിലെ വിജിലന്‍സാണ്. പിണറായി സര്‍ക്കാരിനെതിരേയും പിണറായിസത്തിനെതിരേയും മരുമോനിസത്തിനെതിരേയും ശക്തമായ നിലപാടെടുത്തതോടെയാണ് തന്റെ പേരില്‍ നിരവധിയായ കേസുകള്‍ റജിസ്റ്റര്‍ ചെയ്തുതുടങ്ങിയത്.
എന്നാല്‍ താന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് നീതിന്യായവ്യവസ്ഥയിലാണ്. തനിക്കെതിരേയുള്ള നിരവധിയായ കള്ളക്കേസുകളില്‍ എപ്പോഴും ആശ്വാസമായതും നീതി ലഭിച്ചതും കേരളത്തിലെ കോടതികളില്‍നിന്നാണ്. ഈ കോടതികളില്‍ വിശ്വാസമര്‍പ്പിച്ച്, ഇത്തരത്തില്‍ കേരള സര്‍ക്കാരെടുക്കുന്ന കള്ളക്കേസുകള്‍ക്കെതിരേ കോടതിയില്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ ആ കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ഈ ഘട്ടത്തില്‍ തന്നോടൊപ്പം നിന്ന് തനിക്കുവേണ്ടി പ്രാര്‍ഥിച്ച കേരളത്തിലെ സാധാരണക്കാരായ മനുഷ്യരോട് എന്നും കടപ്പെട്ടിരിക്കും. പിണറായിസത്തെ അവസാനിപ്പിക്കാന്‍ ടീം യുഡിഎഫിനൊപ്പം നിന്നുകൊണ്ട് ശക്തമായ പോരാട്ടം നയിക്കാന്‍ തങ്ങള്‍ ഉണ്ടാകും. ജീവനോടെ ഉണ്ടെങ്കില്‍ ഇതിനായി മുന്നില്‍ത്തന്നെ താന്‍ ഉണ്ടാകുമെന്ന് പിണറായിസത്തിന്റെ വക്താക്കളെ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Tags: Kerala Assembly Election 2026 candidate predictions
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
