ടി20 ലോകകപ്പിൽ തുടർച്ചയായി ഇരട്ട മുത്തമിട്ട് ഇന്ത്യ

MARCH 8, 2026, 1:44 PM

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കണ്ട സ്വപ്‌നം സഞ്ജുവും കൂട്ടരും നൂറുമേനി സഫലമാക്കി. സഞ്ജു സാംസൺ വിളക്കിയ ലോകകപ്പിന് ആരാധകരുടെ അഭിമാനമുത്തം. ഇന്നലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന് കീഴടക്കി സൂര്യകുമാർ യാദവും സംഘവും ട്വന്റി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ സന്തോഷം കൊണ്ട് നിറയുകയായിരുന്നു സഞ്ജുവിന്റെ നാടായ കേരളം. ഈ ലോകകപ്പിൽ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയുമായാണ് സഞ്ജു ഇന്നലെ കിരീടസ്വപ്‌നം സഫലമാക്കുന്നതിൽ മുന്നണിപ്പോരാളിയായത്.

അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 255/5 എന്ന സ്‌കോർ ഉയർത്തിയപ്പോൾ മറുപടിക്കിറങ്ങിയ കിവീസിന് 19 ഓവറിൽ 159ലേ എത്താനായുള്ളൂ. സഞ്ജു സാംസൺ (46 പന്തുകളിൽ എട്ടുഫോറും അഞ്ചുസിക്‌സുമടക്കം 89 റൺസ് ), അഭിഷേക് ശർമ്മ (21 പന്തുകളിൽ ആറുഫോറും മൂന്ന് സിക്‌സുമടക്കം 52 റൺസ് ), ഇഷാൻ കിഷൻ (25 പന്തുകളിൽ നാലുവീതം ഫോറും സിക്‌സുമടക്കം 54 റൺസ്) എന്നിവർ നേടിയ അർദ്ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ നൽകിയത്. നാലുവിക്കറ്റുമായി ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റുമായി അക്ഷർ പട്ടേലും ബൗളിംഗിൽ മിന്നി.

സെമിഫൈനലിൽ ഇംഗ്‌ളണ്ടിനെ തോൽപ്പിച്ച ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. കിവീസ് സെമിയിൽ കളിച്ച ടീമിൽ പരിക്കേറ്റ മക്കോഞ്ചിക്ക് പകരം ജേക്കബ് ഡഫിയെ കളത്തിലിറക്കി. ടോസ് നേടിയ കിവീസ് ക്യാപ്ടൻ മിച്ചൽ സാന്റ്‌നർ മറ്റൊന്നും ആലോചിക്കാതെ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.

vachakam
vachakam
vachakam

സഞ്ജുവും അഭിഷേകും കൂടിയാണ് ഓപ്പണിംഗിനെത്തിയത്. മാറ്റ് ഹെന്റി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലുപന്തുകൾ ക്ഷമയോടെ നേരിട്ട സഞ്ജു അഞ്ചാമത്തെ പന്തിൽ മിഡ്ഓണിന് മുകളിലൂടെ ഗാലറിയിലേക്ക് സിക്‌സടിച്ച് ആരാധകരെ ആവേശം കൊള്ളിച്ചു. ആദ്യ ഓവറിൽ ഏഴ് റൺസാണ് ഇന്ത്യ നേടിയത്. രണ്ടാം ഓവറിൽ ഗ്‌ളെൻ ഫിലിപ്പ്‌സ് അഞ്ചുറൺസേ വിട്ടുനൽകിയുള്ളൂ.മൂന്നാം ഓവറിൽ ഡഫിയെ തുടർച്ചയായ രണ്ട് ബൗണ്ടറികൾക്ക് പറത്തി അഭിഷേക് ഫോമിലേക്കെത്തി. ഈ ഓവറിന്റെ അവസാനപന്തിൽ സഞ്ജുവും ബൗണ്ടറി കണ്ടെത്തി.

തകർത്തടിച്ച് സഞ്ജുവും അഭിഷേകും

നാലാം ഓവറിൽ പന്തെടുത്ത ഫെർഗൂസനെ ഫോറും സിക്‌സും പായിച്ചാണ് അഭിഷേക് സ്വാഗതം ചെയ്തത്. ഈ ഓവറിൽ സഞ്ജുവും ഓരോ ഫോറും സിക്‌സും നേടിയതോടെ ഇന്ത്യയ്ക്ക് ആകെ ലഭിച്ചത് 24 റൺസ്.നാലോവറിൽ ഇന്ത്യ 51ലെത്തുകയും ചെയ്തു. അടുത്ത ഓവറിൽ ഹെന്റിയെ അഭിഷേകും സഞ്ജുവും ഓരോ സിക്‌സടിച്ചു. ആകെ 21 റൺസും നേടി. ആറാം ഓവറിൽ ഡഫിയെ അഭിഷേക് മൂന്ന് ഫോറുകൾക്കും ഒരു സിക്‌സിനും ശിക്ഷിച്ചു. ഈ ഓവറിൽ 20 റൺസ് അക്കൗണ്ടിലെത്തിയതോടെ ഇന്ത്യ പവർപ്‌ളേയിൽ 92 റൺസിലെത്തി. ഈ ലോകകപ്പിലെ പവർപ്‌ളേയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. നേരിട്ട 18ാമത്തെ പന്തിൽ അഭിഷേക് അർദ്ധസെഞ്ച്വറിയിലുമെത്തി.

vachakam
vachakam
vachakam

എട്ടാം ഓവറിന്റെ ആദ്യ പന്തിലാണ് ഗാലറിയെ നിശബ്ദമാക്കി അഭിഷേക് മടങ്ങിയത്. രചിൻ രവീന്ദ്രയുടെ വൈഡ്ബാളിൽ ബാറ്റെത്തിപ്പിടിച്ച് കീപ്പർ സീഫർട്ടിന് ക്യാച്ച് സമ്മാനിക്കുകയായിരുന്നു അഭിഷേക്. ഇതോടെ ഇന്ത്യ 98/1 എന്ന നിലയിലായി.തുടർന്ന് ക്രീസിലേക്ക് എത്തിയ ഇഷാൻ ഈ ഓവറിന്റെ അവസാന രണ്ടുപന്തുകളും ബൗണ്ടറി പായിച്ചു. ഇന്ത്യ 100 കടക്കുകയും ചെയ്തു. ആദ്യ പത്തോവർ പിന്നിടുമ്പോൾ ഇന്ത്യ 127/1 എന്ന നിലയിലായിരുന്നു.11ാം ഓവറിൽ നേരിട്ട 33ാമത്തെ പന്തിൽ സഞ്ജു ഈ ലോകകപ്പിലെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയിലെത്തി.12ാം ഓവറിൽ ഫെർഗൂസനെതിരെ സഞ്ജു രണ്ട് സിക്‌സുകളും ഒരു ഫോറും ഇഷാൻ ഒരു സിക്‌സും നേടി.ഇന്ത്യ 150 കടക്കുകയും ചെയ്തു. 15 ഓവറിൽ ഇന്ത്യ 200 ഉം കടന്നു.

16ാം ഓവറിലാണ് ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് നീഷം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. ആദ്യ പന്തിൽ ഉയർത്തിയടിച്ച സഞ്ജുവിനെ ബൗണ്ടറി ലൈനിനരികിൽ സബ്സ്റ്റിറ്റിയൂട്ട് ഫീൽഡർ മക്കോഞ്ചി പിടികൂടുകയായിരുന്നു.അഞ്ചാം പന്തിൽ ഇഷാനെ ചാപ്പ്മാനും അവസാനപന്തിൽ സൂര്യകുമാറിനെ (0) രചിൻ രവീന്ദ്രയും പിടികൂടിയതോടെ ഇന്ത്യ 203/1 എന്ന നിലയിൽ നിന്ന് 204/4 എന്ന നിലയിലേക്കായി. എന്നാൽ ഹാർദിക് പാണ്ഡ്യയും (18) ശിവം ദുബെയും (8 പന്തുകളിൽ 26 റൺസ് )ചേർന്ന് 255ലെത്തിക്കുകയായിരുന്നു. അവസാന ഓവറിൽ 24 റൺസാണ് ദുബെ അടിച്ചുകൂട്ടിയത്.

തുടക്കത്തിലേ തിരിച്ചടി

vachakam
vachakam
vachakam

ആദ്യ ഓവറിൽ അർഷ്ദീപിന്റെ ബൗളിംഗിൽ ഫിൻ അല്ലെൻ നൽകിയ ഈസി ക്യാച്ച് ശിവം ദുബെ കളഞ്ഞെങ്കിലും ആദ്യ വിക്കറ്റ് വീഴ്ത്താൻ അധികം കാത്തിരിക്കേണ്ടിവന്നില്ല.രണ്ടാം ഓവറിൽ ഹാർദിക് പാണ്ഡ്യ 21 റൺസാണ് വിട്ടുകൊടുത്തത്. എന്നാൽ മൂന്നാം ഓവറിൽ അക്‌സർ പട്ടേൽ അല്ലെന് മടക്കടിക്കറ്റ് നൽകി. ലോംഗ് ഓണിലേക്ക് ഉയർത്തിയടിച്ച അല്ലെനെ (9) തിലക് വർമ്മ ഈസിയായി കൈയിലൊതുക്കുകയായിരുന്നു. നാലാം ഓവറിൽ ബുറംയെ പന്തേൽപ്പിച്ച ക്യാപ്ടൻ സൂര്യയ്ക്ക് പിഴച്ചില്ല. ആദ്യ പന്തിൽ രചിൻ രവീന്ദ്രയെ(2) ഇഷാൻ ഡൈവ് ചെയ്ത് കയ്യിലൊതുക്കി. അഞ്ചാം ഓവറിൽ അക്‌സർ വീണ്ടും അവതരിച്ചു. ഇത്തവണ ഗ്‌ളെൻ ഫലിപ്പ്‌സിന്റെ (5) കുറ്റി തെറിക്കുകയായിരുന്നു. ഇതോടെ കിവീസ് 47/3 എന്ന നിലയിലായി. ആദ്യ ആറോവർ പവർപ്‌ളേയിൽ 52 റൺസിലെത്താനേ കിവീസിനായുള്ളൂ.

സീഫർട്ടും വീണു

ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും കിവീസിനെ മുന്നോട്ടുനയിച്ചത് ടിം സീഫർട്ടായിരുന്നു. ഏഴാം ഓവറിൽ മാർക്ക് ചാപ്പ്മാനെ (3) ഹാർദിക് പാണ്ഡ്യ പുറത്താക്കിയതിന് പിന്നാലെ സീഫർട്ടിന് വരുൺ മടക്കടിക്കറ്റ് നൽകി. 22 പന്തുകളിൽ രണ്ട് ഫോറുകളും അഞ്ച് സിക്‌സും അടക്കം 52 റൺസ് നേടിയ സീഫർട്ടിനെ ഡീപ് മിഡ് വിക്കറ്റിൽ ഇഷാൻ ഓടി കയ്യിലൊതുക്കുകയായിരുന്നു. ആദ്യ പത്തോവർ പിന്നിടുമ്പോൾ കിവീസ് 88/5 എന്ന നിലയിലേക്ക് പതറിയിരുന്നു.  പിന്നീട് ഇന്ത്യ ചടങ്ങ് തീർക്കുകയായിരുന്നു. ഒരറ്റത്ത് ക്യാപ്ടൻ മിച്ചൽ സാന്റ്‌നർ ചെറുത്തുനിന്നെങ്കിലും മറുവശം ചിതറി. ബുംറ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേൽ മൂന്ന് പേരെ മടക്കി അയച്ചു. ഹാർദിക്കിനും വരുണിനും അഭിഷേകിനും ഓരോ വിക്കറ്റ് ലഭിച്ചു.

ഇത് മൂന്നാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് ജേതാക്കളാകുന്നത്. 2007ൽ ധോണിയുടെ നേതൃത്വത്തിലും 2024ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലും ഇപ്പോഴിതാ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലും. ടി20 ലോകകപ്പിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ നേടുന്ന ആദ്യ വിജയമാണിത്.

സഞ്ജു താരം

ഈ ലോകകപ്പിന്റെ തുടക്കത്തിൽ പ്‌ളേയിംഗ് ഇലവനിൽ പോലും ഇടമില്ലാതിരുന്ന സഞ്ജു സാംസൺ ഒടുവിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകപങ്കുവഹിക്കുന്ന കാഴ്ചയ്ക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിന് എതിരായ പരമ്പരയിൽ തുടർച്ചയായി നിരാശപ്പെടുത്തിയതിനാലാണ് സഞ്ജുവിന് ലോകകപ്പിന്റെ ആദ്യഘട്ടത്തിൽ പ്‌ളേയിംഗ് ഇലവന് പുറത്തിരിക്കേണ്ടിവന്നത്.

അഭിഷേകിന് അസുഖമായപ്പോൾ നമീബിയയ്ക്ക് എതിരെ ഇറങ്ങി എട്ടുപന്തിൽ 22 റൺസും സിംബാബ്‌വേയ്ക്ക് എതിരെ 15 പന്തുകളിൽ 24 റൺസും നേടിയ സഞ്ജുവിനെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിപ്പിച്ചില്ല. റിങ്കുസിംഗിന്റെ പിതാവിന്റെ മരണം വീണ്ടും പ്‌ളേയിംഗ് ഇലവനിലേക്ക് എത്തിച്ചു. വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തുകളിൽ 97 റൺസ് നേടി മാച്ച് വിന്നറായതോടെ സഞ്ജുവിന്റെ തലവര മാറി.

പിന്നീടിതാ സെമിയിലും ഫൈനലിലും മിന്നുന്ന അർദ്ധസെഞ്ച്വറികൾ. ആകെ കളിച്ച അഞ്ചുമത്സരങ്ങളിൽ മൂന്ന് അർദ്ധ സെഞ്ച്വറികളടക്കം 321 റൺസ് നേടി റൺവേട്ടയിൽ രണ്ടാംസ്ഥാനത്ത്. സെമി കഴിഞ്ഞപ്പോൾ തന്നെ പ്‌ളേയർ ഒഫ് ദ ടൂർണമെന്റിന് പരിഗണിക്കുന്ന കളിക്കാരുടെ പട്ടികയിലെ ഏക ഇന്ത്യക്കാരനായി. കഴിഞ്ഞ ലോകകപ്പിൽ ഒരു കളിപോലും കളിക്കാൻ കഴിയാതെ ബെഞ്ചിലിരുന്ന സഞ്ജുവിന്റെ മധുരപ്രതികാരമായി ഈ ലോകകപ്പ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam