ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ മുംബൈ ഇന്ത്യൻസിന്റെ തോൽവിക്കഥ തുടരുകയാണ്. ഇത്തവണ പതിവിലും വ്യത്യസ്തമായി ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ ആദ്യത്തെ ജയം മാത്രമാണ് മുംബൈക്ക് ആശ്വസിക്കാനുള്ളത്. അവസാന നാല് മത്സരത്തിലും ടീമിന് തോൽവി നേരിടേണ്ടി വന്നിരിക്കുകയാണ്.
പഞ്ചാബ് കിങ്‌സിനോട് മുംബൈ ഏഴ് വിക്കറ്റിന്റെ വമ്പൻ തോൽവി നേരിട്ടതോടെ വലിയ വിമർശനം ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുകയാണ്. മുംബൈ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയുടെ ഏകാധിപത്യ നിലപാടുകൾ മുംബൈ ടീമിന്റെ തകർച്ചക്ക് കാരണമാകുന്നുണ്ടെന്ന് തന്നെ പറയാം. ഹാർദിക്കിന്റെ ക്യാപ്ടനായുള്ള ഇടപെടലുകളിൽ ടീമിലെ സീനിയർ താരങ്ങൾക്ക് പോലും അതൃപ്തിയുണ്ടെന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്ത് വന്നതാണ്.
ഇപ്പോഴിതാ ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിൽ ഇതിന്റെ നേർക്കാഴ്ചയാണ് കാണാനായത്. സീനിയർ പേസർ ജസ്പ്രീത് ബുംറ ആവശ്യപ്പെട്ട ഫീൽഡ് ഒരുക്കി നൽകാൻ ഹാർദിക് പാണ്ഡ്യ തയ്യാറാവാത്തതും ഇതിൽ ബുംറ നിരാശയോടെ പ്രതികരിക്കുന്നതും ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. പഞ്ചാബ് കിങ്‌സിന്റെ ബാറ്റിങ്ങിനിടെയാണ് ഈ സംഭവം ഉണ്ടായത്.
ശ്രേയസ് അയ്യർക്കെതിരേ ബുംറയുടെ പദ്ധതി സ്ലോ ബൗൺസറായിരുന്നു. പുൾഷോട്ട് കളിക്കാൻ ശ്രേയസ് തയ്യാറായാൽ ഇത് വിക്കറ്റാകുമെന്നാണ് ബുംറ കണക്കുകൂട്ടിയത്. എന്നാൽ ഇതിനനുസരിച്ച് ഫീൽഡൊരുക്കാൻ ഹാർദിക് തയ്യാറായില്ല. യോർക്കർ എറിയാനുള്ള ഫീൽഡ് വിന്യാസമാണ് ഹാർദിക് ഒരുക്കി നൽകിയത്. ഇതിൽ ബുംറ അസ്വസ്തനാകുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ഈ സീസണിൽ
ഒരു വിക്കറ്റ് പോലും നേടാൻ ബുംറക്ക് സാധിച്ചിട്ടില്ല. ലോക ക്രിക്കറ്റിലെ
നിലവിലെ ഏറ്റവും മികച്ച പേസർമാരിലൊരാളായ ബുംറയുടെ വാക്കുകളെപോലും ഹാർദിക്
വിശ്വസിക്കുന്നില്ല. തനിക്ക് തോന്നുന്നതുപോലെ ചെയ്യുന്ന മനോഭാവമാണ്
ഹാർദിക്കിനെന്നാണ് ആരോപണം ഉയരുന്നത്. ഹാർദിക് പലപ്പോഴും ഫീൽഡിൽ
സൗമ്യതയോടെയല്ല കാണപ്പെടുന്നത്.
സഹതാരങ്ങളോട് മോശം പദപ്രയോഗം നടത്താനും
കയർത്ത് സംസാരിക്കാനും ഹാർദിക് മടികാട്ടുന്നില്ല. ക്യാപ്ടനെന്ന നിലയിൽ
ഹാർദിക്കിന് സഹതാരങ്ങളുമായി മികച്ച ബന്ധം അല്ല ഉള്ളതെന്ന് തന്നെ പറയാം.
ഇതിന്റെ പ്രശ്‌നങ്ങൾ മുംബൈ ടീമിൽ ഇപ്പോൾ ഉണ്ടെന്ന് തന്നെ പറയാം.
ഹാർദിക്കിന് ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന
ടീമാണ് മുംബൈ ഇന്ത്യൻസ്.
കാരണം രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയർ താരങ്ങളോടെല്ലാം നിർദേശം തേടി ഇവരെ വേണ്ടവിധം പരിഗണിച്ചാൽ ക്യാപ്ടനെന്ന നിലയിൽ മികച്ച ഫലം സൃഷ്ടിക്കാൻ ഹാർദിക്കിന് സാധിക്കും. എന്നാൽ ഇത്തരമൊരു നീക്കം നടത്താൻ ഹാർദിക് തയ്യാറാവുന്നില്ല. ഹാർദിക് അഹങ്കാരിയാണെന്നും തന്നിഷ്ടക്കാരനാണെന്നും ഈ സ്വഭാവം കൊണ്ടാണ് ഗൗതം ഗംഭീർ ഇന്ത്യയുടെ ടി20 ക്യാപ്ടനാക്കാത്തതെന്നും ആരാധകർ വിമർശിക്കുന്നു.
എന്തായാലും ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്കെത്തിച്ച ഹാർദിക്കിന്റെ ക്യാപ്ടൻസി തന്ത്രങ്ങൾ മുംബൈയിൽ ഫലം കാണുന്നില്ല. അതുകൊണ്ടുതന്നെ ഇനി എത്ര നാൾ മുന്നോട്ട് പോകാൻ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. മുംബൈ കടുത്ത നീക്കങ്ങളിലേക്ക് കടക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
