പാരീസ് / മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ സെമിഫൈനൽ ചിത്രം വ്യക്തമായി. നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെർമ്മെയ്‌നും മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും തമ്മിലാണ് ആദ്യ സെമി. രണ്ടാം സെമിയിൽ സ്പാനിഷ് ക്‌ളബ് അത്‌ലറ്റിക്കോ മാഡ്രിഡ് ഇംഗ്‌ളീഷ് ക്‌ളബ് ആഴ്‌സലിനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനലുകളിലാണ് സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കപ്പെട്ടത്.
ആദ്യ പാദ ക്വാർട്ടറിൽ സ്പാനിഷ് ക്‌ളബ് റയൽ മാഡ്രിഡിനെ 2-1ന് തോൽപ്പിച്ചിരുന്ന ബയേൺ രണ്ടാം പാദത്തിൽ 4-3 എന്ന സ്‌കോറിനാണ് വിജയിച്ചത്. ആദ്യ പാദത്തിൽ 2-0ത്തിന് വിജയിച്ചിരുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം പാദത്തിൽ 1-2ന് തോറ്റെങ്കിലും 3-2എന്ന ആകെ ഗോൾ മാർജിനിൽ സെമിയിലേക്ക് മാർച്ച് ചെയ്തു. ക്വാർട്ടറിന്റെ ഇരുപാദങ്ങളിലും 2-0എന്ന മാർജിനിലാണ് പി.എസ്.ജി ഇംഗ്‌ളീഷ് ക്‌ളബ് ലിവർപൂളിനെ മറികടന്നത്. ആദ്യ പാദ ക്വാർട്ടറിൽ 1-0ത്തിന് ജയിച്ചിരുന്ന ആഴ്‌സനൽ രണ്ടാം പാദത്തിൽ ഗോൾരഹിത സമനില വഴങ്ങി സെമിയിലെത്തി.
റയൽ മാഡ്രിഡും ബയേണും തമ്മിലായിരുന്നു ഏറ്റവും ആവേശം നിറഞ്ഞ രണ്ടാം പാദ ക്വാർട്ടർ ഫൈനൽ. ബയേണിന്റെ തട്ടകമായ ക്യാംപ് നൗവിൽ നടന്ന മത്സരത്തിന്റെ ആദ്യ മിനിട്ടുമുതൽ ഗോളുകൾ പിറക്കുകയും അവസാനമിനിട്ടുവരെ തർക്കം തുടരുകയും ചെയ്തു. ആദ്യ മിനിട്ടിൽ റയലിന്റെ അർദ ഗ്യുലേറിന്റെ ഗോളിൽ തുടങ്ങിയ മത്സരം ഇതേ താരത്തിന്റെ ചുവപ്പുകാർഡിലാണ് അവസാനിച്ചത്. വിജയം അനിവാര്യമായിരുന്ന റയലിനെ ഫസ്റ്റ് വിസിലിന് പിന്നാലെ ബയേൺ ഗോളി മാനുവൽ ന്യൂയറുടെ ഒരു ദിശതെറ്റിയ ക്‌ളിയറൻസ് പിടിച്ചെടുത്ത് ഗ്യുലേർ മുന്നിലെത്തിക്കുകയായിരുന്നു. എന്നാൽ ആറാം മിനിട്ടിൽ ജോഷ്വ കിമ്മിഷിന്റെ പാസിൽ നിന്ന് അലക്‌സാണ്ടർ പാവ്‌ലോവിച്ച് തിരിച്ചടിച്ചു. 29-ാം മിനിട്ടിൽ ഗ്യുലേർ വീണ്ടും ഗോളടിച്ചെങ്കിലും 38-ാം മിനിട്ടിൽ ഹാരി കേനിലൂടെ ബയേണിന്റെ തിരിച്ചടി. 42-ാം മിനിട്ടിൽ എംബാപ്പെയിലൂടെ റയൽ 3-2ന് മുന്നിലെത്തി.
86-ാം മിനിട്ടിൽ പന്ത് റഫറി ഫൗൾ വിസിൽ മുഴക്കിയെങ്കിലും ബയേണിന് കിക്ക് ചെയ്യാൻ നൽകാതെ പന്ത് കൈയിലെടുത്തതിന് എഡ്വാർഡോ കാമാവിംഗയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് കാട്ടിയ റഫറിയുടെ നടപടിയിലൂടെയാണ് കളിയുടെ ഗതി മാറിയത്. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് റയൽ താരങ്ങൾ വട്ടം കൂടിയെങ്കിലും തീരുമാനം മാറ്റിയില്ല. 89-ാം മിനിട്ടിൽ ലൂയിസ് ഡയസും ഇൻജുറി ടൈമിൽ മൈക്കേൽ ഒലൈസും നേടിയ ഗോളുകൾ കളിയുടെ വിധിയെഴുതി. ഫൈനൽ വിസിൽ മുഴങ്ങിയ ശേഷം റയൽ താരങ്ങൾ റഫറിക്കെതിരെ വട്ടംകൂടി. റഫറിയോട് കയർത്ത ഗ്യുലേറിനെ ചുവപ്പുകാർഡ് കാട്ടിയാണ് റഫറി മടങ്ങിയത്.
റയൽ രണ്ടാം പാദത്തിൽ തോറ്റുമടങ്ങിയെങ്കിൽ മറ്റൊരു സ്പാനിഷ് ക്‌ളബ് ബാഴ്‌സലോണയ്ക്ക് രണ്ടാം പാദത്തിൽ ജയിച്ചിട്ടും സെമിയിലേക്ക് കടക്കാനായില്ല. ആദ്യ പാദത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റിരുന്ന ബാഴ്‌സയുടെ രണ്ടാം പാദത്തിലെ 2-1ന്റെ ജയം ആകെ ഗോൾ മാർജിനിലെ 3-2ന്റെ പരാജയത്തിലാണ് കലാശിച്ചത്. അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ നാലാം മിനിട്ടിൽ ലാമിൻ യമാലും 24-ാം മിനിട്ടിൽ ഫെറാൻ ടോറസും നേടിയ ഗോളുകൾ ബാഴ്‌സയെ മുന്നിലെത്തിച്ചിരുന്നു. 31-ാം മിനിട്ടിൽ അഡിമോല ലുക്മാൻ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി നേടിയ ഗോളാണ് കളിയുടെ വിധി മാറ്റിയെഴുതിയത്. 79-ാം മിനിട്ടിൽ ഫെറാൻ ടോറസ് ചുവപ്പുകാർഡ് കണ്ട് പുറത്താവുകകൂടി ചെയ്തതോടെ ബാഴ്‌സയ്ക്ക് ആൾ ഗോൾ മാർജിനിൽ മുന്നിലെത്താനുള്ള ശേഷി നഷ്ടമായി.
ഒസ്മാനേ ഡെംബലെ നേടിയ ഇരട്ട ഗോളുകൾക്കാണ് രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ പി.എസ്.ജി ലിവർപൂളിനെ മറികടന്നത്. 72-ാം മിനിട്ടിലും ഇൻജുറി ടൈമിലുമായിരുന്നു ഡെംബലെയുടെ ഗോളുകൾ. ആദ്യ പാദത്തിലും ഇതേ മാർജിനിലാണ് പി.എസ്.ജി ലിവർപൂളിനെ മറികടന്നത്. മറ്റൊരു രണ്ടാം പാദ ക്വാർട്ടറിൽ ആഴ്‌സനൽ ആദ്യ പാദത്തിലെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തിൽ കടിച്ചുതൂങ്ങി ഗോൾരഹിതസമനിലയുമായി സെമിയിലേക്ക് കടക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
