ടെസ്റ്റ് ക്രിക്കറ്റിൽ വൻ പരിഷ്‌കാരങ്ങൾക്ക് അനുമതി നൽകി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ.
വെളിച്ചക്കുറവ് മൂലം ടെസ്റ്റ് മൽസരങ്ങൾ തടസപ്പെടുന്നത് ഒഴിവാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ പിങ്ക് ബോൾ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങൾക്കാണ് അഹമ്മദാബാദിൽ നടന്ന ഐ.സി.സി വാർഷിക ബോർഡ് യോഗം അംഗീകാരം നൽകിയത്. ഇതിനുപുറമെ അഴിമതി ആരോപണങ്ങളെ തുടർന്ന് ക്രിക്കറ്റ് കാനഡയെ സസ്‌പെൻഡ് ചെയ്യാനും യോഗം തീരുമാനിച്ചു. പുതിയ നിയമങ്ങൾ 2026 ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രാബല്യത്തിൽ വരും.
വെളിച്ചക്കുറവ് കാരണം കളി നേരത്തെ അവസാനിപ്പിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ, ഇരു ടീമുകളുടെയും മുൻകൂർ സമ്മതത്തോടെ ടെസ്റ്റ് മൽസരങ്ങളിൽ പിങ്ക് ബോൾ ഉപയോഗിക്കാൻ ഐ.സി.സി അനുമതി നൽകി. സാധാരണ രീതിയിൽ ചുവന്ന പന്തിൽ തന്നെയാണ് മൽസരം ആരംഭിക്കുക. എന്നാൽ പകൽ വെളിച്ചം കുറയുകയും ഓവറുകൾ പൂർത്തിയാക്കാൻ ബാക്കിയുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഫ്‌ലഡ്‌ലൈറ്റുകൾ തെളിയിച്ച് പിങ്ക് പന്തിലേക്ക് കളി മാറ്റാം.
ഉദാഹരണത്തിന്, ഒരു ദിവസം എറിയേണ്ട 90 ഓവറുകളിൽ 75 ഓവറുകൾ ചുവന്ന പന്തിൽ പൂർത്തിയാക്കിയ ശേഷം വെളിച്ചക്കുറവ് അനുഭവപ്പെട്ടാൽ, ബാക്കി 15 ഓവറുകൾ ഫ്‌ലഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ പിങ്ക് പന്ത് ഉപയോഗിച്ച് കളിച്ച് തീർക്കാം. മേരിലബോൺ ക്രിക്കറ്റ് ക്ലബ്ബുമായി ചേർന്ന് സ്റ്റേഡിയങ്ങളിലെ ലൈറ്റിംഗ് സാങ്കേതികവിദ്യ മെച്ചപ്പെടുത്താനുള്ള ഗവേഷണങ്ങൾക്കും ഐ.സി.സി ഫണ്ട് നൽകും. എന്നാൽ, പിങ്ക് പന്തിന് സ്വിംഗും സീം മൂവ്‌മെന്റും കൂടുതലായതിനാൽ മത്സരത്തിന്റെ ഗതി തന്നെ മാറ്റിയേക്കാവുന്ന ഈ നിയമത്തോട് ഇന്ത്യൻ ടീം ഉൾപ്പെടെയുള്ളവർ എങ്ങനെ പ്രതികരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ട്വന്റി20 ക്രിക്കറ്റിലെ സ്ട്രാറ്റജിക് ടൈം ഔട്ടിന് സമാനമായി ടെസ്റ്റ് മത്സരങ്ങളിലെ ഔദ്യോഗിക ഡ്രിങ്ക്‌സ് ബ്രേക്ക് സമയത്ത് ഹെഡ് കോച്ചുമാർക്കോ അവർ നിർദ്ദേശിക്കുന്ന പ്രതിനിധികൾക്കോ മൈതാനത്തിറങ്ങി ടീമുമായി തന്ത്രങ്ങൾ ചർച്ച ചെയ്യാൻ അനുമതി നൽകും.
വൈറ്റ് ബോൾ ക്രിക്കറ്റിൽ ലെഗ് സൈഡിലേക്ക് പോകുന്ന പന്തുകൾ കർശനമായി വൈഡ് വിളിക്കുന്ന നിയമം വിജയകരമായ പരീക്ഷണത്തിന് ശേഷം ഇനി മുതൽ സ്ഥിരമായി നടപ്പിലാക്കാൻ ഐ.സി.സി തീരുമാനിച്ചു.
ഭരണപരമായ വീഴ്ചകളും അംഗത്വ ബാധ്യതകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നങ്ങളെ തുടർന്ന് ക്രിക്കറ്റ് കാനഡയെ ഐ.സി.സി അടിയന്തിരമായി സസ്‌പെൻഡ് ചെയ്തു. എന്നാൽ കാനഡയിലെ കളിക്കാരുടെ ഭാവിയെ ബാധിക്കാതിരിക്കാൻ കാനഡ ദേശീയ ടീമിന് ഐ.സി.സി ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഐ.സി.സിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഇവർക്കുള്ള ഫണ്ടിംഗ് അനുവദിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
